150 കോടി മുതൽ മുടക്കിൽ ബാഹുബലി സീരിസ് വേണ്ടെന്നു വെച്ച് നെറ്റ്ഫ്ലിക്സ്. രണ്ടു ഭാഗങ്ങളായി ചിത്രീകരിച്ച ബാഹുബലിയുടെ കൂറ്റൻ വിജയത്തിന് ശേഷം നെറ്റ്ഫ്ളിസുമായി ചേർന്ന് ഒരു പ്രീക്വൽ നിർമിക്കുമെന്ന് സംവിധായകൻ രാജമൗലി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ആറ് മാസത്തെ ചിത്രീകരണത്തിനും പോസ്റ്റ് പ്രൊഡക്ഷനും ശേഷം സീരീസ് വേണ്ടെന്ന് വച്ചിരിക്കുകയാണ് നെറ്റ്ഫ്ലിക്സ് ടീം.
ചിത്രീകരിച്ച വിഷ്വൽസ് ഇഷ്ടപ്പെടാത്തതാണ് കാരണം. രമ്യ കൃഷ്ണൻ അവതരിപ്പിച്ച ശിവകാമി ദേവിയെ കേന്ദ്രീകരിച്ചായിരുന്നു സീരിസിന്റെ കഥ. ശിവകാമി ദേവിയുടെ യൗവനകാലം അവതരിപ്പിച്ചത് മൃണാൾ താക്കൂറായിരുന്നു. ദേവകട്ടയായിരുന്നു സീരിസിന്റെ സംവിധായകൻ.എസ്.എസ്.രാജമൗലിയുടെ പിന്തുണയോടെയാണു നെറ്റ്ഫ്ലിക്സ് “ബാഹുബലി: ബിഫോർ ദ് ബിഗിനിങ്ങ് പ്രഖ്യാപിച്ചത്.
ബാഹുബലി യുടെ അമ്മ ശിവകാമിയുടെ ഉദയം ഇതിവൃത്തമാവുന്ന വെബ് പരമ്പരയിൽ കേന്ദ്രകഥാപാത്രമായി മൃണാൾ താക്കൂറിനെ നിശ്ചയിച്ചു. 2021 ൽ ചിത്രീകരണം ആരംഭിച്ചതിന് ശേഷം കുനാൽ ദേശ്മുഖ്, റിബു ദസ്ഗുപ്ത എന്നീ സംവിധായകർക്ക് പകരക്കാരനായി ദേവ കട്ട എത്തി. ദേവകട്ട സംവിധാനം ചെയ്യുന്ന പരമ്പരയിൽ പിന്നീട് രാഹുൽ ബോസും അതുൽ കുൽക്കർണിയും ചേർന്നു. ഹൈദരാബാദിൽ ഒരുക്കിയ കൂറ്റൻ സെറ്റിലായിരുന്നു 100 കോടിയിലധികം ബജറ്റ് കണക്കാക്കിയ സീരിസിന്റെ ചിത്രീകരണം.പോസ്റ്റ് പ്രൊഡക്ഷൻ ചെലവുകൾ വേറെയും.എന്നാൽ, എഡിറ്റിങ് ഘട്ടമെത്തിയതോടെ പ്രതീക്ഷിച്ച നിലവാരമില്ലെന്നു വിലയിരുത്തി ദേവകട്ടയുടെ പരമ്പര ഉപേക്ഷിച്ച് പുതിയ താരനിര പരീക്ഷിക്കാൻ നെറ്റ്ഫ്ലിക്സ് തീരുമാനിച്ചു.
പരമ്പരയുടെ സംവിധാന ചുമതല വീണ്ടും കുനാലിന് കൈമാറി. 2021 ജൂലൈയിൽ പുതിയ ടീം ജോലി ആരംഭിച്ചെങ്കിലും പദ്ധതി വീണ്ടും സ്തംഭിച്ചു.ആഗ്രഹിച്ച നിലവാരം കൈവരുന്നില്ലെന്ന് ബോധ്യപ്പെട്ടതോടെ നെറ്റ്ഫ്ലിക്സ് പരമ്പര തന്നെ ഉപേക്ഷിച്ചു. രണ്ട് ഘട്ടത്തിലായി 150 കോടിയോളം രൂപയാണ് നെറ്റ്ഫ്ലിക്സിനു ഇതിലൂടെ നഷ്ടമായത്. പുതിയ സംവിധായകനേയും താരങ്ങളേയും വച്ച് സീരിസ് വീണ്ടും ചിത്രീകരിക്കാനും നെറ്റ്ഫ്ലിക്സ് ആലോചിക്കുന്നുണ്ട്. മാധവനെ പ്രധാനകഥാപാത്രമാക്കി ഒരുക്കിയ “ഡീകപ്പിൾഡ് എന്ന പരമ്പരയുടെ സൃഷ്ടാക്കളായ ബോംബെ ഫേബിൾസിന് ഈ പ്രോജക്ട് കൈമാറിയതായും റിപ്പോർട്ടുണ്ട്.