ന്യൂഡല്‍ഹി: വിമാനയാത്രയ്‌ക്കിടെ ശ്വാസം നിലച്ച് അത്യാസന്ന നിലയിലായ ശേഷം ജീവിതത്തിലേക്ക് തിരിച്ചു വന്ന രണ്ടുവയസുകാരി മരണത്തിന് കീഴടങ്ങി. ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ് ബംഗളൂരുവില്‍ നിന്ന് രക്ഷിതാക്കള്‍ക്കൊപ്പം ഡല്‍ഹിയിലേക്ക് മടങ്ങുന്നതിനിടെ അബോധാവസ്ഥയിലായ കുട്ടിയെ സഹയാത്രികരായ ഡല്‍ഹി എയിംസിലെ ഡോക്‌ടര്‍മാര്‍ രക്ഷിച്ചത് വാര്‍ത്തയായിരുന്നു. നാഗ്പൂരില്‍ ചികിത്സയിലായിരുന്നു കുട്ടി. കുട്ടിക്ക് ബോധം നഷ്ടപ്പെട്ടപ്പോള്‍
വിമാനജീവനക്കാര്‍ യാത്രക്കാര്‍ക്കിടയില്‍ ഡോക്‌ടര്‍മാരുണ്ടോ എന്നറിയാൻ അനൗണ്‍സ്മെന്റ് നടത്തി. തുടര്‍ന്ന് ബംഗളൂരുവില്‍ മെഡിക്കല്‍ സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന ഡല്‍ഹി എയിംസിലെ സീനിയര്‍ ഡോക്‌ടര്‍മാരായ നവദീപ് കൗര്‍, ദമൻദീപ് സിംഗ്, ഋഷഭ് ജെയിൻ, ഒയിഷിക, അവിചല തക്‌ഷക് എന്നിവര്‍ ഉടൻ കുട്ടിയുടെ അടുത്തെത്തി. കുട്ടിയുടെ നാഡിമിടിപ്പ് നിലച്ചിരുന്നു. രക്തത്തില്‍ ഓക്‌സിജന്റെ അളവു കുറഞ്ഞ് ചുണ്ടുകളും വിരലുകളും നീലനിറമായിരുന്നു. ഡോക്ടര്‍മാര്‍ ഉടൻ കൃത്രിമ ശ്വാസം നല്‍കി. ഹൃദയമിടിപ്പ് വീണ്ടെടുക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. അതോടെ കുട്ടിക്ക് ബോധം തിരിച്ചു കിട്ടി. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം വിമാനം നാഗ്‌പൂരിലേക്ക് തിരിച്ചുവിട്ടു. അവിടെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.
സിനിമാ- സീരിയല്‍ താരം അപര്‍ണ നായര്‍ മരിച്ചനിലയില്‍
തിരുവനന്തപുരം: സിനിമാ- സീരിയല്‍ താരം അപര്‍ണ നായരെ തിരുവനന്തപുരത്തെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കരമന തളിയിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ ആയിരുന്നു. മൃതദേഹം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.
വ്യാഴാഴ്ച വൈകിട്ട് ഏഴരയോടെയാണ് അപര്‍ണയെ മരിച്ചനിലയില്‍ കണ്ടത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നേരത്തെ അന്ത്യം സംഭവിച്ചെന്നാണ് നിഗമനം. സംഭവ സമയത്ത് വീട്ടില്‍ അമ്മയും സഹോദരിയും ഉണ്ടായിരുന്നതായാണ് വിവരം. കരമന പൊലീസ് അന്വേഷണം ആരംഭിച്ചു. അടുത്ത ബന്ധുക്കളില്‍ നിന്ന് മൊഴിയെടുത്തു. ഭര്‍ത്താവ്: സഞ്ജിത്, മക്കള്‍: ത്രയ, കൃതിക.
മേഘതീര്‍ഥം, മുദ്ദുഗൗ, അച്ചായൻസ്, കോടതി സമക്ഷം ബാലൻ വക്കീല്‍, കല്‍ക്കി തുടങ്ങിയ സിനിമകളിലും ചന്ദനമഴ, ആത്മസഖി, മൈഥിലി വീണ്ടും വരുന്നു, ദേവസ്പര്‍ശം, തുടങ്ങിയ സീരിയലുകളിലും അപര്‍ണ നായര്‍ അഭിനയിച്ചിട്ടുണ്ട്.