ബെംഗളൂരു: വടക്കൻ കർണാടകത്തിലെ ബീദർ ജില്ലയിൽ മാലിന്യംകലർന്ന വെള്ളംകുടിച്ച് ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ട 14 പേരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബരിദാബാദിലാണ് സംഭവം. മന്ത്രിമാരായ ഈശ്വർ ഖന്ദ്രെ, റഹിംഖാൻ എന്നിവർ ആശുപത്രിയിലെത്തി ആരോഗ്യവിവരങ്ങൾ അന്വേഷിച്ചു. ഗ്രാമത്തിൽ വിതരണംചെയ്യുന്ന കുടിവെള്ളത്തിൽ മാലിന്യം കലർന്നതെങ്ങനെയാണെന്ന് അന്വേഷിച്ചുവരികയാണെന്ന് മന്ത്രിമാർ അറിയിച്ചു. കഴിഞ്ഞദിവസങ്ങളിലായാണ് വെള്ളംകുടിച്ച 14 പേർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കഴിഞ്ഞ ജൂണിൽ ബീദറിൽ മാലിന്യംകലർന്ന വെള്ളംകുടിച്ച് ഇരുപതിലേറെ പേർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു.
മാണ്ഡ്യയിൽ കാർ കനാലിൽ വീണ് നാല് സ്ത്രീകൾ മരിച്ചു
ബെംഗളൂരു: മാണ്ഡ്യയിൽ കാർ കനാലിൽ വീണ് ബന്ധുക്കളായ നാല് സ്ത്രീകൾ മരിച്ചു. ഗമനഹള്ളി സ്വദേശി മഹാദേവമ്മ (55), മഹാദേവി (45), രേഖ (36), സഞ്ജന (17) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രി ശ്രീരംഗപട്ടണ താലൂക്കിലെ ഗമനഹള്ളിക്ക് സമീപത്തായിരുന്നു അപകടം.
വിശ്വേശ്വരായ കനാലിലേക്കാണ് കാർ വീണത്. കാർ ഓടിച്ചിരുന്ന മനോജിനെ നിസ്സാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗമനഹള്ളിയിൽ നിന്ന് ദൊഡ്ഡമുൽഗൂഡുവിലെ ബന്ധുവീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടമെന്ന് പോലീസ് പറഞ്ഞു. വളവിൽ നിയന്ത്രണം നഷ്ടപ്പെട്ട് കാർ കനാലിൽ വീഴുകയായിരുന്നു. നാലു സ്ത്രീകളും മുങ്ങിമരിക്കുകയായിരുന്നെന്നാണ് വിവരം. കാർ അതിവേഗതയിലായിരുന്നോ എന്ന് അന്വേഷിക്കുന്നുണ്ടെന്ന് മാണ്ഡ്യ എസ്.പി. എൻ. യതിഷ് പറഞ്ഞു. സാമൂഹിക ക്ഷേമവകുപ്പ് മന്ത്രി എച്ച്.സി. മഹാദേവപ്പ, കൃഷിമന്ത്രി എൻ. ചെലുവരായസ്വാമി എന്നിവർ മരിച്ചവരുടെ കുടുംബാംഗങ്ങളെ സന്ദർശിച്ചു.
കുടുംബാംഗങ്ങൾക്ക് രണ്ടു ലക്ഷം രൂപവീതം സാമ്പത്തികസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.