ന്യൂഡെല്‍ഹി: ( 05.10.2021) ഫേസ്ബുക് കുടുംബത്തിന്റെ കീഴിലുള്ള സൈറ്റുകള്‍ എല്ലാം പണമുടക്കിയതോടെ ലോകത്തില്‍ ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടായത് സുകര്‍ബര്‍ഗിന്. അതും ചില്ലറയൊന്നുമല്ല, 52000 കോടി രൂപയിലേറെ.
തിങ്കളാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ് വാട്സാപും ഇന്‍സ്റ്റഗ്രാമും മെസന്‍ജറുമടക്കം ഫേസ്ബുക് കുടുംബത്തിലെ സൈറ്റുകളെല്ലാം ഒരുമിച്ച് നിശ്ചലമായത്. ഇന്റര്‍നെറ്റ് തകരാറിലായെന്ന സംശയത്തിലായിരുന്നു പലരും.
എന്നാല്‍ പിന്നീട് സാങ്കേതിക പ്രശ്നം നേരിടുണ്ടെന്ന് ട്വീറ്റുകള്‍ വന്നതോടെയാണ് ഫേസ്ബുകിന്റെ സൈറ്റുകള്‍ കൂട്ടത്തോടെ പണിമുടക്കിയതാണെന്ന് വ്യക്തമായത്. വാട്സ് ആപ് പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടിരിക്കുകയാണെന്ന് ട്വിറ്ററിലൂടെയാണ് കമ്ബനി സ്ഥിരീകരിച്ചത്. പ്രശ്നം എത്രയും പെട്ടന്ന് പരിഹരിക്കുമെന്നും ഉപയോക്താക്കളുടെ ക്ഷമയ്ക്ക് നന്ദിയെന്നും വാട്സാപ് ട്വീറ്റ് ചെയ്തു.
എന്നാല്‍ ഇതോടെ ഫേസ്ബുകിന്റെ ഓഹരികളുടെ മൂല്യം ഇടിയാന്‍ തുടങ്ങി. കയ്യിലുണ്ടായിരുന്ന ഓഹരികള്‍ ആളുകള്‍ ഒന്നൊന്നായി വിറ്റൊഴിഞ്ഞതോടെ സുകര്‍ബര്‍ഗിന് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ഏഴ് ബില്യണ്‍ ഡോളര്‍ നഷ്ടമായി. 52000 കോടി രൂപയിലേറെ വരും ഈ തുക.
സെപ്തംബര്‍ മാസത്തിന്റെ പകുതി മുതല്‍ സുകര്‍ബര്‍ഗിന് തിരിച്ചടിയാണ്. ഓഹരി വില 15 ശതമാനത്തോളം താഴേക്ക് പോയി. തിങ്കളാഴ്ച മാത്രം 4.9 ശതമാനമാണ് ഓഹരി വില ഇടിഞ്ഞത്. ഇതോടെ സുകറിന്റെ ആസ്തി 121.6 ബില്യണ്‍ ഡോളറായി. ആഴ്ചകള്‍ക്കിടയില്‍ അദ്ദേഹത്തിന് നഷ്ടമായത് 20 ബില്യണ്‍ ഡോളറോളമാണ്