ഓൺലൈൻ വഴി ഭക്ഷണം ഓർഡർ ചെയ്ത് കഴിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. പ്രത്യേകിച്ച് നഗരപ്രദേശങ്ങളിൽ. തിരക്ക് പിടിച്ച ജീവിതത്തിൽ പലപ്പോഴും സമയത്തിന് പാചകം ചെയ്ത് കഴിക്കാനുള്ള സാഹചര്യമുണ്ടാകാതെ വരാം. ഇങ്ങനെയുള്ള സന്ദർഭങ്ങളിലെല്ലാം ഓൺലൈൻ ഫുഡെ ഡെലിവെറി ആപ്പുകൾ ആശ്രയം തന്നെയാണ്.
എന്നാൽ പലപ്പോഴും ഇത്തരത്തിൽ ഓൺലൈനായി ഭക്ഷണം ഓർഡർ ചെയ്യുമ്പോൾ അതിൽ പാളിച്ചകൾ പറ്റാറുണ്ട്. ചിലപ്പോൾ പിഴവ് റെസ്റ്റോറന്‍റിന്‍റേതാകാം, ചിലപ്പോൾ ആപ്പിന്‍റേതാകാം, അല്ലെങ്കിൽ ഡെലിവെറി എക്സിക്യൂട്ടീവുമാരുടെ തെറ്റുമാകാം. എന്തായാലും ഇങ്ങനെയുള്ള പരാതികൾ ധാരാളമായി വരാറുണ്ട്.
അത്തരത്തിലൊരു പരാതി ഇപ്പോൾ ട്വിറ്ററിൽ വ്യാപകമായ ശ്രദ്ധ നേടുകയാണ്. ബിരിയാണി ഓർഡർ ചെയ്ത ഒരാൾക്ക് നേരിടേണ്ടി വന്ന മോശം അനുഭവമാണ് വൈറലായിരിക്കുന്നത്. ഇദ്ദേഹത്തിന്‍റെ പരാതിക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. അതിലേക്ക് വരാം.
ഗുരുഗ്രാം സ്വദേശിയായ പ്രതീക് കൻവാൾ എന്നയാളാണ് താൻ ബിരിയാണി ഓർഡർ ചെയ്തപ്പോൾ തനിക്ക് പകരം കിട്ടിയതെന്ന് പറഞ്ഞ് ട്വിറ്ററിൽ ഫോട്ടോ സഹിതം പോസ്റ്റ് ചെയ്തത്. ബരിയാണിക്ക് പകരം ഒരു പാത്രം സാലൻ (ഗ്രേവി)യാണ് ഇദ്ദേഹത്തിന് കിട്ടിയിരിക്കുന്നത്. ഇന്‍റർസിറ്റി ഡെലിവെറി സർവീസ് മുഖേനയാണ് ഭക്ഷണം ഓർഡർ ചെയ്തത്. ഇത് എത്താൻ ഒരുപാ് സമയമെടുത്തിരുന്നത്രേ. എന്നാൽ എത്തിക്കഴിഞ്ഞപ്പോഴാകാട്ടെ ബിരിയാണിക്ക് പകരം സാലനും.
പ്രതീകിന്‍റെ പരാതിയുടെ പ്രത്യേകതയെ കുറിച്ച് സൂചിപ്പിച്ചില്ലേ, അത് പറയാം. സൊമാറ്റോയുടെ ഷെയർ ഹോൾഡർമാരിലൊരാളാണ് പ്രതീകും. അതുകൊണ്ട് തന്നെ കമ്പനി സിഇഒയെ വരെ ടാഗ് ചെയ്താണ് പ്രതീക് ഇക്കാര്യം ട്വീറ്റ് ചെയ്തത്. എന്തായാലും സൊമാറ്റോ ഇടപെട്ട് പിന്നീട് പ്രതീകിന്‍റെ പ്രശ്നം പരിഹരിച്ചുവെന്നാണ് ഇദ്ദേഹത്തിന്‍റെ തന്നെ അടുത്ത ട്വീറ്റ് വ്യക്തമാക്കുന്നത്.
പക്ഷേ പ്രതീക് ആദ്യം പങ്കിട്ട ട്വീറ്റാണ് വ്യാപകമായി പങ്കുവയ്ക്കപ്പെട്ടിരിക്കുന്നത്. ധാരാളം പേർ സമാനമായ അനുഭവങ്ങളെ കുറിച്ച് പങ്കിട്ടിട്ടുണ്ട്. സൊമാറ്റോ പിന്നീട് ഇടപെട്ട് തനിക്ക് ‘എക്സ്ട്രാ’ ബിരിയാണി എത്തിച്ചുതന്നുവെന്നും ഈ കസ്റ്റമർ സർവീസ് ഒരു ഷെയർ ഹോൾഡർ കൂടിയെന്ന നിലയിൽ തന്നെ സന്തോഷിപ്പിക്കുന്നുവെന്നും ഇദ്ദേഹം പറഞ്ഞു.