കുളം വൃത്തിയാക്കുന്നതിനിടെ മീൻ കൊത്തിയുണ്ടായ അണുബാധയെ തുടർന്ന് യുവാവിന്റെ കൈപ്പത്തി മുറിച്ചുമാറ്റി. മീൻ കൊത്തിയ മുറിവിലൂടെ അപകടകാരിയായ ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ചതോടെയാണ് കൈപ്പത്തി മുറിച്ചുമാറ്റേണ്ടി വന്നത്. കോശങ്ങളെ കാർന്നുതിന്നുന്ന പ്രത്യേക തരം ബാക്ടീരിയ ആയിരുന്നു യുവാവിന്റെ ശരീരത്തിൽ പ്രവേശിച്ചത്. കണ്ണൂർ തലശ്ശേരിയിൽ ക്ഷീരകർഷകനായ രജീഷിനാണ് ദുരനുഭവമുണ്ടായത്.
ഒരുമാസം മുൻപ് പരിസരത്തെ കുളം വൃത്തിയാക്കുന്നതിനിടെ രജീഷിന്റെ കൈയിൽ മീൻ കൊത്തിയിരുന്നു. പറമ്പിൽ പച്ചകൃഷി ചെയ്യുന്ന സ്ഥലത്തോട് ചേർന്നുള്ള ചെറിയ കുളം വൃത്തിയാക്കുന്നതിനിടെയായിരുന്നു സംഭവം. വിരലിലായിരുന്നു മീൻ കൊത്തിയത്. ഇത് അണുബാധയ്‌ക്ക് കാരണമാവുകയായിരുന്നു. മുഷിയുടെ ചെറിയ പതിപ്പായ കടു എന്ന മീനാണ് കൊത്തിയതെന്ന് രജീഷ് പറയുന്നു.
നല്ല വേദനയും കടച്ചിലും അനുഭവപ്പെട്ടതോടെ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തി കുത്തിവെപ്പെടുത്തു. എന്നാൽ പിന്നീട് ആരോഗ്യനില വഷളായി ഇതോടെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സ തേടി. ലക്ഷത്തിൽ ഒരാൾക്ക് മാത്രം കാണുന്ന Gas gangrene എന്ന ബാക്ടീരിയ അണുബാധയാണ് യുവാവിനെ ബാധിച്ചിരിക്കുന്നതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
വിരലിൽ നിന്ന് കൈപ്പത്തിയിലേക്ക് പടർന്ന അണുബാധ കോശങ്ങളെ കാർന്നുതിന്നാൻ തുടങ്ങിയതിനാൽ കൈപ്പത്തി മുറിച്ചുമാറ്റുകയല്ലാതെ മറ്റ് വഴിയുണ്ടായിരുന്നില്ല. മണ്ണിൽ നിന്നോ വെള്ളത്തിൽ നിന്നോ മീനിന്റെ വായിൽ നിന്നോ ആകാം ബാക്ടീരിയ പ്രവേശിച്ചതെന്ന് ഡോക്ടർ പറഞ്ഞതായി രജീഷ് പ്രതികരിച്ചു. കൈപ്പത്തി നഷ്ടപ്പെട്ടതിനാൽ ക്ഷീരകർഷകനായ യുവാവിന്റെ ജീവിതം പ്രതിസന്ധിയിലായിരിക്കുകയാണ്