ചാമരാജനഗര്‍ : ജീവിതാഭിലാഷങ്ങള്‍ നേടിയെടുക്കുന്നതിനാണ് വ്രതവും നേര്‍ച്ചകളുമായി ഭക്തര്‍ ഇഷ്‌ടദൈവങ്ങളുടെ സന്നിധിയിലെത്താറുള്ളത്. വര്‍ഷത്തിലെ ചില പ്രത്യേക ദിനങ്ങളില്‍ ഭക്തജനങ്ങള്‍ കൂട്ടമായെത്തി ആഗ്രഹസഫലീകരണത്തിനായുള്ള പ്രാര്‍ത്ഥനകള്‍ നടത്താറുമുണ്ട്. ഇത്തരത്തിലൊന്നാണ് മലേ മഹാദേശ്വര കുന്നിലേക്കുള്ള പദയാത്രയും.
പദയാത്ര എന്തിന് : ചാമരാജനഗര്‍ ജില്ലയിലെ ഹനൂര്‍ താലൂക്കിലുള്ള പ്രസിദ്ധ ക്ഷേത്രമായ മലേ മഹാദേശ്വര കുന്നിലേക്ക് വര്‍ഷംതോറും ആയിരക്കണക്കിന് ഭക്തരാണ് പദയാത്ര നടത്തിയെത്താറുള്ളത്. കാല്‍നടയായി ഇവിടെയെത്തുന്നവരില്‍ ഭൂരിഭാഗവും യുവാക്കളാണ്. കൂട്ടമായി ഇവിടെയെത്തി പ്രാര്‍ത്ഥിച്ചാല്‍ തങ്ങളുടെ വിവാഹം മുടക്കങ്ങളില്ലാതെ നടക്കുമെന്നതാണ് യുവാക്കളെ ഇവിടേക്ക് ആകര്‍ഷിക്കുന്നതും. ഹിന്ദു കലണ്ടര്‍ പ്രകാരമുള്ള കാര്‍ത്തിക മാസത്തിലെ ദീപാവലിയോടനുബന്ധിച്ചാണ് മലേ മഹാദേശ്വര കുന്നിലേക്കുള്ള പദയാത്ര നടക്കാറുള്ളത്.
ഇതില്‍ ചാമരാജനഗര്‍, മൈസൂര്‍, മാണ്ഡ്യ, ബെംഗളൂരു തുടങ്ങിയ ജില്ലകളില്‍ നിന്നുള്ള ആയിരക്കണക്കിന് യുവാക്കളാണ് പദയാത്രയായി ക്ഷേത്രത്തിലെത്താറുള്ളത്. ഇതില്‍ തന്നെ കര്‍ഷകരും തൊഴിലാളികളുമായ യുവാക്കളാണ് വിവാഹം കഴിക്കാന്‍ പെണ്‍കുട്ടികളെ ലഭിക്കണമെന്ന ആഗ്രഹവുമായി മല ചവിട്ടാറുള്ളത്. ഇതിനൊപ്പം നാട്ടിലെ വരള്‍ച്ച മാറി മഴയും സമൃദ്ധിയുമുണ്ടാവാനും ആയുര്‍ ആരോഗ്യത്തിനുമായെല്ലാം ഇവര്‍ പ്രാര്‍ത്ഥിക്കും.
ദര്‍ശനത്തിന് അണിനിരന്ന് : ഇത്തവണത്തെ ദീപാവലി ആഘോഷത്തോടനുബന്ധിച്ച് മൈസൂര്‍ ജില്ലയിലെ ടി നര്‍സീപൂര്‍ താലൂക്കില്‍ നിന്നുള്ള യുവാക്കളും, ചാമരാജനഗര്‍ ജില്ലയിലെ ഗുണ്ട്‌ലുപേട്ട് താലൂക്കിലെ കോടഹള്ളി ഗ്രാമത്തില്‍ നിന്നുള്ള 100ലധികം യുവാക്കളുമാണ് മലേ മഹാദേശ്വര കുന്നിലേക്ക് ദര്‍ശനത്തിനായെത്തിയത്. നാല് ദിവസത്തില്‍ 160 കിലോമീറ്റര്‍ കാല്‍നടയായി പിന്നിട്ടാണ് കോടഹള്ളി ഗ്രാമത്തിലെ യുവാക്കള്‍ മലേ മഹാദേശ്വര കുന്നിലെത്തിയതും വിശേഷാല്‍ പൂജ നടത്തിയതും.
പദയാത്രയുടെ ആരംഭം : സമീപകാലത്തായി ഞങ്ങള്‍ക്കിടയിലെ കര്‍ഷകരുടെയും തൊഴിലാളികളുടെയും മക്കള്‍ക്ക് വിവാഹം കഴിക്കാന്‍ പെണ്‍കുട്ടികളെ കിട്ടുന്നില്ല. അതുകൊണ്ടുതന്നെ വിവാഹം നടക്കുന്നതിനായി ഞങ്ങള്‍ ക്ഷേത്രത്തിലെത്തി പൂജ നടത്തി. ഇതിനൊപ്പം നാട്ടിലെ വരള്‍ച്ച മാറ്റണമെന്നും നല്ലരീതിയില്‍ മഴ ലഭിക്കണമെന്നും പ്രാര്‍ത്ഥിച്ചതായും കോടഹള്ളി നിവാസിയായ യുവാവ് പറഞ്ഞു. ഈയൊരു പദയാത്ര ആരംഭിക്കുന്നത് 11 വര്‍ഷങ്ങള്‍ക്ക് മുമ്ബാണ്. അന്ന് 10 മുതല്‍ 20 യുവാക്കളുണ്ടായിരുന്ന സ്ഥാനത്ത് നിലവില്‍ നൂറിലധികം പേരാണ് പദയാത്രയുടെ ഭാഗമാകുന്നതെന്ന് ടി നര്‍സീപൂര്‍ താലൂക്കിലെ ദൊഡ്ഡമൂഡ് ഗ്രാമനിവാസിയായ യുവാവും പ്രതികരിച്ചു.