കൊല്ലം: കരുനാഗപ്പള്ളിയിൽ എംഡിഎംഎയുമായി മൂന്ന് യുവാക്കൾ എക്സൈസിന്റെ പിടിയിലായി. ബംഗളൂരുവിൽ നിന്നും മയക്കുമരുന്നെത്തിച്ച് കൊല്ലം ജില്ലയിൽ വിൽപ്പന നടത്തിയിരുന്ന സംഘമാണ് അറസ്റ്റിലായത്. ഇവരുടെ കയ്യിൽ നിന്നും 51 ഗ്രാം എംഡിഎംഎയും കണ്ടെടുത്തു.
ഇന്ന് പുലർച്ചെ രണ്ടു മണിയോടെ കരുനാഗപ്പള്ളി തൊടിയൂരിൽ നിന്നാണ് പ്രതികൾ പിടിയിലായത്. ഇടക്കുളങ്ങരയിലെ ഒരു വീട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടക്കുന്നുവെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് എക്സൈസ് പരിശോധന നടത്തിയത്. കല്ലേലിഭാഗം സ്വദേശികളായ അനന്തു, അഹിനാസ്, ശൂരനാട് സ്വദേശി പ്രവീണ്‍ എന്നിവരെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. ഇവരുടെ കയ്യിൽ നിന്നും 51 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു.
അനന്തുവും പ്രവീണുമാണ് ബംഗളൂരുവിൽ നിന്നും മയക്കുമരുന്നെത്തിച്ചത്. 50 ഗ്രാമിന് ഒരു ലക്ഷം രൂപയാണ് നൽകിയത്. അഹിനാസ് താമസിച്ചു വരുന്ന വീട്ടിലെത്തിച്ച് ചെറിയ പാക്കറ്റുകളാക്കിയായിരുന്നു ഇവരുടെ വിൽപ്പന. ഇത്തരത്തിൽ പാക്കറ്റുകളിലേക്ക് മാറ്റുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്. ഇവര്‍ക്ക് എംഡിഎംഎ നൽകുന്നത് ആരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് എക്സൈസ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
അതേസമയം, ചെങ്ങന്നൂർ തിരുവൻവണ്ടൂരിൽ ഹാഷിഷുമായി യുവാവിനെ ഇന്ന് പിടികൂടി. നർക്കോട്ടിക് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി തിരുവൻവണ്ടൂർ പ്ലാന്നിക്കുന്നിൽ വീട്ടിൽ രജിൻ രാജു(28) വിനെയാണ് 3.189 ഗ്രാം എം. ഡി. എം. എയൂം 0. 149 ഗ്രാം ഹാഷിഷുമായി പിടികൂടിയത്. ചെങ്ങന്നൂർ റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ. പി പ്രമോദിന്റെ നേതൃത്വത്തിലുള്ള പട്രോളിങ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
പിടികൂടിയ സാധനങ്ങൾക്ക് 50000 രൂപയിലധികം മാർക്കറ്റ് വില വരും. രജിന് ഇവ കൈമാറിയവരെപ്പറ്റി അന്വേഷണം ഊർജിതമാക്കി. ഐ ടി ഐ പഠനം കഴിഞ്ഞ രജിൻ വിദേശത്തേക്കു പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. ലഹരി ഉപയോഗിക്കുന്ന ഇയാൾ ലഹരിയുടെ കാരിയറായി ജോലിചെയ്ത് പണം സമ്പാദിക്കുകയായിരുന്നെന്ന് എക്സൈസ് അധികൃതർ അറിയിച്ചു. രജിനെ റിമാൻഡ് ചെയ്തു. എക്സൈസ് സംഘത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടറെ കൂടാതെ പ്രിവന്റീവ് ഓഫീസർ ജി. സന്തോഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ജി. ശ്യാം, വി. വിനീത്, എച്ച്. താജുദ്ധീൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ബി. വിജയലക്ഷ്മി എന്നിവരുമുണ്ടായിരുന്നു. ചെങ്ങന്നൂരിൽ ഹാഷിഷ് പിടികൂടുന്നത് ആദ്യമായാണ്.
ക്ലാസിലേക്ക് പോകും വഴി സീനിയര്‍ വിദ്യാര്‍ത്ഥികളെ കൂട്ടിയിടിച്ചു; 11 കാരിയെ സ്കൂളിലെ ശുചിമുറിയില്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ചു
ന്യൂഡല്‍ഹി: പതിനൊന്നുകാരിയെ രണ്ട് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തതായി പരാതി. ഡല്‍ഹി കേന്ദ്രീയ വിദ്യാലയത്തിലെ ശുചിമുറിയില്‍ വെച്ചാണ് കുട്ടി പീഡനത്തിനിരയായത്.
സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. കേന്ദ്രീയ വിദ്യാലയ സമിതിയും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
കഴിഞ്ഞ ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ക്ലാസിലേക്ക് പോകുകയായിരുന്ന കുട്ടി 11,12 ക്ലാസുകളിലെ വിദ്യാര്‍ത്ഥികളെ കൂട്ടിയിടിച്ചു. കുട്ടി മാപ്പ് പറഞ്ഞെങ്കിലും ആണ്‍കുട്ടികള്‍ ഉപദ്രവിക്കുകയായിരുന്നു.ശൗചാലയത്തിനുള്ളില്‍ പൂട്ടിയിട്ടശേഷം അവര്‍ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. തുടര്‍ന്ന് സംഭവം മൂടിവെക്കാനും ആണ്‍കുട്ടികളെ രക്ഷിക്കാനും സ്കൂളിലെ അദ്ധ്യാപിക ശ്രമിച്ചെന്നുമാണ് പരാതി.
വനിതാ കമ്മീഷന് ഇടപെട്ടതിന് പിന്നാലെ ചൊവ്വാഴ്ചയാണ് കുട്ടി പോലീസിനെ സമീപിച്ചത്. വനിതാ കമ്മീഷന് ഡല്‍ഹി പോലീസിനും സ്കൂള്‍ പ്രിന്‍സിപ്പലിനും നോട്ടീസ് നല്കി.
അതേസമയം ഇരയായ കുട്ടിയോ മാതാപിതാക്കളോ സംഭവം പ്രിന്‍സിപ്പലിനെ അറിയിച്ചിരുന്നില്ലെന്നാണ് കേന്ദ്രീയ വിദ്യാലയ സമിതി വ്യക്തമാക്കുന്നത്.പോലീസ് അന്വേഷണം ആരംഭിച്ച ശേഷമാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടതെന്നും അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.