ബെംഗളൂരു: സഹപ്രവർത്തകരായ സ്ത്രീകളുടേത് ഉൾപ്പെടെ 13,000-ഓളം നഗ്നചിത്രങ്ങൾ ഫോണിൽ സൂക്ഷിച്ച യുവാവ് അറസ്റ്റിൽ. ബെംഗളൂരുവിലെ ഒരു ബി.പി.ഒ. കമ്പനിയിൽ കസ്റ്റമർ സർവീസ് ഏജന്റായ ആദിത്യ സന്തോഷി(25)നെയാണ് കമ്പനി അധികൃതരുടെ പരാതിയിൽ സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്. മോർഫ് ചെയ്തതും അല്ലാത്തതുമായ നിരവധി സ്ത്രീകളുടെ നഗ്നചിത്രങ്ങളാണ് ഇയാളിൽനിന്ന് കണ്ടെടുത്തതെന്നും എന്തിനുവേണ്ടിയാണ് ഇയാൾ ഇത്രയധികം നഗ്നചിത്രങ്ങൾ സൂക്ഷിച്ചതെന്ന് അന്വേഷിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു.പ്രതിയുടെ കാമുകിയും സഹപ്രവർത്തകയുമായ 22-കാരിയാണ് ഇയാളുടെ ഫോണിൽനിന്ന് നഗ്നചിത്രങ്ങളുടെ വൻശേഖരം കണ്ടെത്തിയത്.
അഞ്ചുമാസം മുൻപാണ് ആദിത്യ സന്തോഷ് കമ്പനിയിൽ ചേർന്നത്. ഇതിനിടെ 22-കാരിയുമായി സൗഹൃദത്തിലാവുകയും ഇത് പ്രണയമാവുകയും ചെയ്തു. കഴിഞ്ഞ നാലുമാസമായി ഇരുവരും അടുപ്പത്തിലായിരുന്നു.ദിവസങ്ങൾക്ക് മുൻപ് കാമുകന്റെ ഫോൺ പരിശോധിച്ചപ്പോഴാണ് യുവതി തന്റെയും സഹപ്രവർത്തകരുടെയും നഗ്നചിത്രങ്ങൾ കണ്ടെത്തിയത്. യുവതിക്കൊപ്പമുള്ള ചില സ്വകാര്യനിമിഷങ്ങൾ ആദിത്യ നേരത്തെ ഫോണിൽ പകർത്തിയിരുന്നു. ആദിത്യയുടെ ഫോണിൽനിന്ന് ഈ ചിത്രങ്ങൾ നീക്കംചെയ്യാനായാണ് ഇയാൾ അറിയാതെ യുവതി ഫോൺ കൈക്കലാക്കി ഗ്യാലറി തുറന്നത്.
എന്നാൽ, ഗ്യാലറി തുറന്നതോടെ നിരവധി സ്ത്രീകളുടെ 13,000-ഓളം നഗ്നചിത്രങ്ങൾ കണ്ട് യുവതി ഞെട്ടി. കാമുകന്റെ ഫോണിൽ തന്റെയും സഹപ്രവർത്തകരുടെയും ചിത്രങ്ങളുണ്ടെന്ന് വ്യക്തമായതോടെ ഇക്കാര്യം കമ്പനിയിലെ മുതിർന്ന ഉദ്യോഗസ്ഥരെ അറിയിച്ചു. തുടർന്ന് കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം കമ്പനിയുടെ നിയമകാര്യവിഭാഗമാണ് പോലീസിൽ പരാതി നൽകിയത്.ഓഫീസിലെ വനിതാ ജീവനക്കാർക്കൊന്നും ആദിത്യയിൽനിന്ന് ഉപദ്രവം നേരിട്ടിട്ടില്ലെന്നാണ് കമ്പനി അധികൃതരുടെ പ്രതികരണം. കമ്പനിയിലെ കമ്പ്യൂട്ടറുകൾ ഉപയോഗിച്ചല്ല പ്രതി ചിത്രങ്ങൾ മോർഫ് ചെയ്തിരിക്കുന്നത്. എന്നാൽ, വിഷയം ഗൗരതവരമായതിനാലാണ് പോലീസിൽ പരാതി നൽകിയതെന്നും പ്രതിയുടെ ലക്ഷ്യമെന്താണെന്ന് ഇതുവരെ ആർക്കും വ്യക്തമല്ലെന്നും കമ്പനി വക്താവ് പറഞ്ഞു.
അതേസമയം, ഇത്രയധികം നഗ്നചിത്രങ്ങൾ സൂക്ഷിച്ചത് എന്തിനാണെന്ന് കണ്ടെത്താൻ കൂടുതൽ സമയം വേണ്ടിവരുമെന്നായിരുന്നു പോലീസിന്റെ പ്രതികരണം. യഥാർഥചിത്രങ്ങളും മോർഫ് ചെയ്ത ചിത്രങ്ങളും പ്രതിയുടെ പക്കലുണ്ട്. ഈ ചിത്രങ്ങൾ ഉപയോഗിച്ച് ഇയാൾ ആരെയെങ്കിലും ഭീഷണിപ്പെടുത്തിയിട്ടുണ്ടോ എന്നതടക്കം അന്വേഷിച്ചുവരികയാണ്. പ്രതിയുടെ ഫോൺകോൾ, ചാറ്റ് വിവരങ്ങളും പരിശോധിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു.