ബെംഗളൂരു നഗരത്തിലെ തിരക്കേറിയ പാതയിൽ സ്കൂട്ടർ യാത്രികനിൽനിന്ന് താൻ നേരിട്ട ദുരനുഭവം സമൂഹമാധ്യമത്തിൽ പങ്കുവച്ച് യുവാവ്. ട്രാഫിക് നിയമംലംഘിച്ച് ഇടതുവശത്തുകൂടെ ‘യു ടേണെടുത്ത’ സ്‌കൂട്ടർ യാത്രികൻ തന്റെ കാറിനു നേരെ പാഞ്ഞടുക്കുകയും അസഭ്യവർഷം നടത്തിയശേഷം മുന്നിലെ ചില്ല് അടിച്ചുതകർത്തതായും ബെംഗളൂരുവിൽ ഓഫിസ് ജീവനക്കാരനായ ബെർണാഡ് മസ്കരെൻഹാസ് (ഇൻഗ്രാം ഫാഫൈലിലുള്ള പേര്) പറയുന്നു. സംഭവത്തിന്റെ വിഡിയോ ദൃശ്യവും പോസ്‌റ്റ് ചെയ്തിട്ടുണ്ട്.
സംഭവത്തേക്കുറിച്ച് യുവാവ് പറയുന്നതിങ്ങനെ – “ഹൊരമാവു പാലത്തിനു സമീപം നവംബർ 22ന് രാത്രി 8.30ഓടെയാണ് സംഭവം നടന്നത്. ജെപി നഗറിലെ ഓഫിസിൽനിന്ന് ഇറങ്ങിയ ബെർണാഡ് ഹെന്നുരിലുള്ള താമസ സ്‌ഥലത്തേക്ക് മടങ്ങുകയായിരുന്നു. മഴ പെയ്‌തതിനാൽ ട്രാഫിക് ബ്ലോക്ക് കൂടുതലായിരുന്നു. വീട്ടിലെത്തുന്നതിന് 2 കിലോമീറ്റർ ശേഷിക്കേ മുന്നോട്ടു നീങ്ങിയ കാറിനു മുന്നിലേക്ക് മറുവശത്തുനിന്ന് എത്തിയ സ്കൂട്ടർ യൂടേൺ എടുക്കാൻ ശ്രമിച്ചു. പെട്ടെന്ന് ബ്രേക്ക് അമർത്തിയതിനാൽ അപകടം ഒഴിവാക്കാനായി.
സ്‌കൂട്ടർ യാത്രികൻ തൊട്ടുമുന്നിൽ വാഹനം നിർത്തി രൂക്ഷമായി നോക്കി. നമ്പർ പ്ലേറ്റ് നോക്കി മഹാരാഷ്ട്ര റജിസ്ട്രേഷനാണെന്ന് കണ്ടതോടെ സ്കൂട്ടറിൽനിന്ന് ഇറങ്ങിവന്ന് അസഭ്യവർഷം ആരംഭിക്കുകയുമായിരുന്നു. ഇതോടെ ഫോൺ ക്യാമറ ഓൺ ചെയ്‌ത് സംഭവം റെക്കോഡ് ചെയ്തു. അയാൾ എന്തൊക്കെയാണ് പറഞ്ഞതെന്ന് വ്യക്തമല്ല. പിന്നാലെ മുന്നിലെ ചില്ല് അടിച്ചുതകർത്തശേഷം സ്‌കൂട്ടറിൽ കയറി പോവുകയും ചെയ്തു. എന്തിനാണ് അയാൾ ഇത്രയധികം പ്രകോപിതനായതെന്ന് മനസിലായില്ല. നമ്പർ പ്ലേറ്റ് കണ്ടതോടെയാണ് അസഭ്യം പറയാൻ ആരംഭിച്ചത്” -ബെർണാഡ്പറഞ്ഞു.
തന്നെ ആക്രമിച്ചാലോ എന്നു ഭയന്നാണ് പുറത്തിറങ്ങാതിരുന്നതെന്നും വിഡിയോ ദൃശ്യം ഉൾപ്പെടെയുള്ള തെളിവു നൽകി പൊലീസിൽ പരാതി നൽകിയതായും യുവാവ് വ്യക്തമാക്കി. പരാതിയേക്കുറിച്ച് ഇതുവരെ പൊലീസ് പ്രതികരിച്ചിട്ടില്ല. സംഭവത്തിന്റെ വിഡിയോ വൈറലായതോടെ യുവാവിന് പിന്തുണയുമായി നിരവധിപ്പേരെത്തി. ബെംഗളൂരുവിൽ ഇത്തരം കാര്യങ്ങൾ സാധാരണമാണെന്നും പൊലീസ് ഇതിൽ നടപടി സ്വീകരിക്കാറില്ലെന്നും ഉൾപ്പെടെയുള്ള കമന്റുകൾ വന്നിട്ടുണ്ട്.