ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ മരണത്തില്‍ അനുശോചനം അറിയിച്ച് ലോക നേതാക്കള്‍.ആധുനികകാലത്തെ ധീരവനിതയായിരുന്നു എലിസബത്ത് രാജ്ഞിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അനുസ്മരിച്ചു.ബ്രിട്ടനേയും അവിടുത്തെ ജനങ്ങളേയും പ്രചോദിപ്പിച്ച നേതാവായിരുന്നു രാജ്ഞിയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. എലിസബത്ത് രാജ്ഞിയെ കാനഡയിലെ ജനങ്ങള്‍ നന്ദിയോടെ സ്മരിക്കുന്നുവെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു.
ബ്രിട്ടഷ് ജനതയുടെയും രാജകുടുംബത്തിന്റെയും ദുഖത്തില്‍ പങ്കുചേരുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പ്രതികരിച്ചു. പകരം വെക്കാനില്ലാത്ത നേതാവിനെയാണ് നഷ്ടമായത് എന്ന് സ്വീഡന്‍ പ്രധാനമന്ത്രി മഗ്ദലേന ആന്‍ഡേഴ്‌സണ്‍ പ്രതികരിച്ചു. ഹോള്‍ഡ്രാജ്യസേവനത്തിന് ജീവിതം സമര്‍പ്പിച്ച അതുല്യവ്യക്തിയായിരുന്നു എലിസബത്ത് രാജ്ഞിയെന്ന് ദുബൈ ഭരണാധികാരി മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും പ്രതികരിച്ചു.
ലോകചരിത്രത്തില്‍ ഇടംപിടിച്ച നേതാവായിരുന്നുവെന്ന് യൂറോപ്യന്‍ യൂണിയന്‍ പ്രസിഡന്റ് റോബര്‍ട്ട മെന്‍സോള പറഞ്ഞു.സ്കോട്ട്ലന്‍റിലെ ബാൽമോറൽ കാസിലിലാണ് രാജ്ഞിയുടെ അന്ത്യം. കിരീടധാരണത്തിന്‍റെ എഴുപതാം വര്‍ഷത്തിലാണ് രാജ്ഞിയുടെ വിടവാങ്ങല്‍. ആരോഗ്യപ്രശ്നങ്ങളുള്ളതിനാല്‍ കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ഡോക്ടര്‍മാരുടെ പരിചരണത്തിലായിരുന്നു രാജ്ഞി.
ബുധനാഴ്ചയോടെ രാജ്ഞിയുടെ ആരോഗ്യനിലയില്‍ ഡോക്ടര്‍മാര്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. അവസാന സമയത്ത് കീരീടാവകാശിയായ ചാൾസ് രാജകുമാരനും ഭാര്യ കാമിലയും രാജ്ഞിയുടെ മകൾ പ്രിൻസസ് ആനിയും ബാൽമോറൽ കാസിലില്‍ രാജ്ഞിക്കൊപ്പം ഉണ്ടായിരുന്നു. 1926 ഏപ്രിൽ 21 നാണ് രാജ്ഞിയുടെ ജനനം. ആൽബർട്ട് രാജകുമാരന്‍റേയും എലിസബത്ത് ബോവ്സിന്‍റേയും മകളായാണ് ജനനം.1947ൽ ഫിലിപ്പ് മൗണ്ട്ബാറ്റനുമായി വിവാഹിതയായി.
ചാൾസ്, ആൻ, ആൻഡ്രൂ,എഡ്വേർഡ് എന്നിങ്ങനെ നാല് മക്കളാണ് രാജ്ഞിക്കുള്ളത്. 1952 ല്‍ ആണ് എലിസബത്ത് രാജ്ഞി രാജഭരണമേറ്റത്. ഏറ്റവും കൂടുതല്‍ കാലം ബ്രിട്ടന്‍ ഭരിച്ച ഭരണാധികാരിയാണ് എലിസബത്ത് രാജ്ഞി. 2002 ൽ രാജഭരണത്തിന്‍റെ സുവർണ ജൂബിലിയാഘോഷിച്ചു. 2012 ൽ ഡയമണ്ട് ജൂബിലിയും ആഘോഷിച്ചു. 2015 ൽ വിക്ടോറിയയുടെ റെക്കോർഡ് മറികടന്നു. അയർലന്‍റ് സന്ദർശിച്ച ആദ്യത്തെ ബ്രിട്ടിഷ് ഭരണാധികാരിയാണ് രാജ്ഞി. ലോകത്തെ അതിസമ്പന്നരായ വനിതകളില്‍ ഒരാളായിരുന്നു രാജ്ഞി.
എലിസബത്ത് രാജ്ഞി അന്തരിച്ചു; ഒരു യുഗത്തിന്റെ അന്ത്യം, വിതുമ്പി ബ്രിട്ടൻ•
എലിസബത്ത് രാജ്ഞി അന്തരിച്ചു. ബക്കിങ്ങാം കൊട്ടാരം പ്രത്യേക കുറിപ്പിലൂടെയാണ് അന്ത്യവിവരം അറിയിച്ചത്. രാജ്ഞിയുടെ ആരോഗ്യനില ഗുരുതരമാണെന്ന് അറിഞ്ഞതോടെ ബക്കിങ്ങാം കൊട്ടാരപരിസരത്ത് ആയിരക്കണക്കിന് പേർ പ്രാർഥനകളുമായി ഒത്തുകൂടിയിരുന്നു. മരണവിവരം സ്ഥിരീകരിച്ചതോടെ രാജ്ഞിക്ക് ബ്രിട്ടനിലെ സമൂഹമാധ്യമങ്ങളിൽ അന്ത്യാഞ്ജലികളുടെ പ്രവാഹമായി.ഏറ്റവും കൂടുതൽ കാലം(70 വർഷം) ബ്രിട്ടിഷ് രാജസിംഹാസനത്തിലിരുന്നതിന്റെ റെക്കോർഡ് സ്വന്തമായുള്ള എലിസബത്ത് രാജ്‍ഞിക്ക് 96 വയസ്സായിരുന്നു.
ആരോഗ്യനില മോശമായതിനെത്തുടർന്ന് കുറച്ചുദിവസങ്ങളായി ഡോക്ടർമാരുടെ നിരീക്ഷണത്തിലായിരുന്നു. സ്കോട്‌ലൻഡിലെ ബാൽമോറൽ കൊട്ടാരത്തിലായിരുന്നു ജൂലൈ മുതൽ രാജ്ഞി കഴിഞ്ഞിരുന്നത്. രാജ്ഞിയുടെ ആരോഗ്യനില മോശമായതിനെത്തുടർന്ന് രാജകുടുംബാംഗങ്ങളെല്ലാം ബാൽമോറൽ കൊട്ടാരത്തിൽ എത്തിയിരുന്നു.1952 ഫെബ്രുവരി ആറിനാണ് അവർ പദവിയിൽ എത്തിയത്. ബ്രിട്ടിഷ് രാജപദവിയിലെത്തിയ നാൽപതാമത്തെ വ്യക്തിയായിരുന്നു എലിസബത്ത്. അമേരിക്കൻ വനിതയെ വിവാഹം ചെയ്യാൻ, പിതൃസഹോദരൻ എഡ്വേഡ് എട്ടാമൻ സ്ഥാനത്യാഗം ചെയ്തതിനെത്തുടർന്നാണ് എലിസബത്തിന്റെ പിതാവ് ജോർജ് ആറാമൻ രാജാവായത്.
അദ്ദേഹത്തിന്റെ മരണത്തോടെ അധികാരം എലിസബത്തിനു വന്നു ചേർന്നു. എലിസബത്ത് രാജ്ഞിയുടെ ഭരണകാലത്ത് 1952 ൽ വിൻസ്റ്റൺ ചർച്ചിൽ മുതൽ 2022 ൽ ലിസ് ട്രസ് വരെ 15 പേർ ബ്രിട്ടിഷ് പ്രധാനമന്ത്രിമാരായി. ലോകത്ത് ഏറ്റവും കൂടുതൽ കറൻസികളിൽ ചിത്രമുള്ള ഭരണാധികാരിയെന്ന നിലയിൽ ഗിന്നസ് ബുക്കിലും രാജ്ഞി ഇടംപിടിച്ചിട്ടുണ്ട്.രാജ്ഞിയുടെ അന്ത്യത്തോടെ അവരുടെ മൂത്ത മകൻ ചാൾസാകും ബ്രിട്ടനിലെ രാജാവ്. തന്റെ കാലശേഷം മകൻ ചാൾസ് രാജകുമാരൻ ബ്രിട്ടനിലെ രാജാവാകുമ്പോൾ, അദ്ദേഹത്തിന്റെ രണ്ടാം ഭാര്യയായ കാമിലയെ രാജ്ഞിയെന്നു വിളിക്കാമെന്നു എലിസബത്ത് രാജ്ഞി നേരത്തെ പറഞ്ഞിരുന്നു.
രാജ്ഞിയുടെ ഏഴുപതാം ഭരണവാർഷികത്തോടനുബന്ധിച്ചുള്ള സന്ദേശത്തിലാണ് ചാൾസിന്റെ രണ്ടാം ഭാര്യയായ കാമിലയ്ക്ക് ‘ക്വീൻ കൊൻസൊറ്റ്’ (രാജപത്നി) പദവി മുൻകൂട്ടി സമ്മാനിച്ചത്. രാജ്ഞിയുടെ ഭർത്താവ് ഫിലിപ് രാജകുമാരൻ കഴിഞ്ഞ വർഷം ഏപ്രിലിൽ 99–ാം വയസ്സിലാണ് അന്തരിച്ചത്. മക്കൾ: ചാൾസ്, ആൻ, ആൻഡ്രൂ, എഡ്വേഡ്.