കുടുംബത്തിലുള്ള ഉറ്റവർക്കും ഉടയവർക്കും മാത്രമല്ല സുഹൃത്തുക്കള്‍ക്കും സഹപ്രവർത്തകർക്കും ജന്മദിനം ഒരു സർപ്രൈസ് ദിനം ആക്കി മാറ്റുന്നവർ ഒരുപാടാണ്.തികച്ചും അപ്രതീക്ഷിതമായി കിട്ടുന്ന അത്തരം ചില സർപ്രൈസുകള്‍ ജീവിതത്തില്‍ മറക്കാനാവാത്ത ചില നിമിഷങ്ങളും സമ്മാനിക്കും.ഇപ്പോഴിതാ അത്തരത്തില്‍ ജന്മദിനത്തില് മാതാപിതാക്കളെ ഓർത്ത് കരയുന്ന ജോലിക്കാരിയ്ക്ക് പിറന്നാള്‍ ആഘോഷമൊരുക്കിയ യുവാവും കൂട്ടുകാരുമാണ് സോഷ്യല്‍ മീഡിയയില്‍ കൈയടി നേടുന്നത്. ഹൃദയത്തെ സ്പർശിക്കുന്ന, കണ്ണുകളെ ഈറനണിയിക്കുന്ന അതിമനോഹരമായ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി മാറുകയാണ്.
തന്റെ വീട്ടിലെ ജോലിക്കാരിയുടെ ജന്മദിനത്തില് അവരെ സർപ്രൈസ് നല്കി സന്തോഷിപ്പിച്ച യുവാവാണ് വീഡിയോയിലുള്ളത്. കൃതാർത്ഥ എന്ന യുവാവും കൂട്ടുകാരും കൂടിയാണ് തങ്ങളുടെ ദീദിക്ക് സർപ്രൈസ് ഒരുക്കി അവരെ സന്തോഷിപ്പിച്ചത്. കൃതാർത്ഥ തന്റെ ഇൻസ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നത്, വീട്ടിലെ ജോലിക്കാരിയായ ജ്യോതി ദീദി അടുക്കളയില്‍ കരഞ്ഞുകൊണ്ട് നില്‍ക്കുന്നത് കണ്ടു എന്നാണ്. എന്തുപറ്റിയെന്ന് തിരക്കിയ കൃതാർത്ഥയോട് ജ്യോതി പറഞ്ഞത്, ‘ഇന്ന് എന്റെ ജന്മദിനമാണ്, എന്റെ അമ്മ ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ എനിക്ക് ഒരുപാട് സ്നേഹം തന്നേനെ…’ എന്നാണ്.വളരെ ചെറുപ്പത്തില്‍ തന്നെ ജ്യോതിക്ക് തന്റെ അച്ഛനേയും അമ്മയേയും നഷ്ടപ്പെട്ടിരുന്നു. ജ്യോതിയുടെ വാക്കുകള്‍ കൃതാർത്ഥയെ വളരെ അധികം വേദനിപ്പിച്ചു. അവരുടെ സങ്കടം മാറ്റാനായി കൃതാർത്ഥയും സുഹൃത്തുക്കളും ചേർന്ന് ഉടൻ തന്നെ ഒരു കേക്ക് വാങ്ങുകയും പിറന്നാള്‍ ആഘോഷം ഒരുക്കുകയും ചെയ്യുകയായിരുന്നു.
എന്നാല്‍, അവരുടെ സ്നേഹം കൊണ്ട് ജ്യോതിയെ അവർ തോല്പിക്കാൻ ശ്രമിച്ചപ്പോള്‍ അതേ സ്നേഹം കൊണ്ട് ജ്യോതി അവരേയും തോല്പിച്ചു. തന്റെ കയ്യിലുണ്ടായിരുന്ന 500 രൂപ അവർക്ക് നല്കി ഇഷ്ടമുള്ളത് വാങ്ങിക്കഴിക്കാനാണ് ജ്യോതി അവരോട് പറഞ്ഞത്. ആ പണം വാങ്ങിയില്ലെങ്കിലും അക്കാര്യം തന്നെ അമ്ബരപ്പിച്ചതായും കൃതാർത്ഥ വീഡിയോയില്‍ പറയുന്നു. ‘അവർക്ക് നഷ്ടപ്പെട്ടവരെ തിരികെ കൊണ്ടുവരാൻ നമുക്ക് കഴിയില്ലായിരിക്കാം, പക്ഷേ അവർ സ്നേഹിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ നമ്മളെക്കൊണ്ട് കഴിയും’ എന്നാണ് കൃതാർത്ഥ പറയുന്നത്. ‘ജ്യോതിയെ സന്തോഷിപ്പിക്കാൻ വേണ്ടി യുവാക്കള്‍ ചെയ്തത് വളരെ നല്ലൊരു കാര്യമാണ്…’ എന്നതടക്കം നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ പ്രശംസിച്ചു കമന്റുകള്‍ കുറിക്കുന്നത്.