ചെന്നൈ: ഉറക്കത്തിൽ എഴുന്നേറ്റ് നടന്ന യുവതി ചവറ്റു കുട്ടയിലേക്ക് എറിഞ്ഞത് 43 പവൻ സ്വർണാഭരണങ്ങളടങ്ങിയ ബാഗ്.ചെന്നൈ കാഞ്ചിപുരം ജില്ലയിലെ കുന്ദ്രത്തൂരിലാണ് സംഭവം. 35 -കാരിയായ യുവതി തന്റെ 15 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളാണ് ചവറ്റുകുട്ടയിൽ വലിച്ചെറിഞ്ഞത്. വിഷാദരോഗവും, ഉറക്കത്തിൽ എഴുന്നേറ്റ് നടക്കുന്ന സ്വഭാവം യുവതിക്ക് ഉള്ളതായി ബന്ധുക്കൾ പറഞ്ഞു.
സംഭവത്തെകുറിച്ച് പോലീസ് പറയുന്നതിങ്ങനെ
ത്തിങ്കളാഴ്ച പുലർചെയാണ് ഉറക്കത്തിൽ എഴുന്നേറ്റ് നടന്ന യുവതി അടുത്തുള്ള എടിഎമിനുള്ളിലെ ചവറ്റുകുട്ടയിൽ സ്വർണാഭരണം സൂക്ഷിച്ച ബാഗ് ഉപേക്ഷിച്ച നിലയിൽ കാണപ്പെട്ടത്. സ്ഥലത്തെ സിസിടിവി പരിശോധിച്ചതോടെയാണ് പോലീസ് ആഭരണങ്ങൾ കണ്ടെടുത്തത്. ബാഗിനുള്ളിൽ 43 പവൻ സ്വർണമുണ്ടായിരുന്നു.
കാഞ്ചീപുരം ജില്ലയിലെ കുന്ദ്രത്തൂർ മുരുകൻ ക്ഷേത്രത്തിലേക്ക് പോകുന്ന റോഡിൽ ഒരു സ്വകാര്യ ബാങ്കും എടിഎം കൗൻഡറും പ്രവർത്തിക്കുന്നുണ്ട്. സ്വകാര്യ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരൻ ജൂലൈ അഞ്ചിന് രാവിലെ എടിഎം പരിസരത്ത് വന്നപ്പോൾ ചവറ്റുകുട്ടയിൽ ഒരു ഹാൻഡ്ബാഗ് കിടക്കുന്നത് ശ്രദ്ധയിൽ പെട്ടു.
ബാഗ് തുറന്നപ്പോൾ അതിനകത്ത് ആഭരണങ്ങൾ കണ്ട് അദ്ദേഹം ഞെട്ടി. ഉടൻ തന്നെ അദ്ദേഹം ഇക്കാര്യം ബാങ്ക് മാനേജരെ അറിയിച്ചു. തുടർന്ന് കുന്ദ്രത്തൂർ പോലീസിൽ വിവരം അറിയിക്കുകയും കുന്ദ്രത്തൂർ പോലിസ് സ്റ്റേഷനിൽ ഒരു പരാതി നൽകുകയും ചെയ്തു. പിന്നാലെ ഇൻസ്പെക്ടർ ചന്ദുവിന്റെ നേതൃത്വത്തിൽപോലീസ് സംഘം സ്ഥലത്തെത്തി ആഭരണങ്ങൾ ശേഖരിച്ചു.
പിന്നീട് ഉടമസ്ഥനെ തേടിയുള്ള അന്വേഷണമായിരുന്നു.എടിഎം സെന്ററിലെ സിസിടിവി ദൃശ്യങ്ങളിൽ ഒരു യുവതി അകത്തു കടക്കുന്നതും ബാഗ് ചവറ്റുകുട്ടയിൽ വലിച്ചെറിയുന്നതും പോലീസ് കണ്ടു. ഇതിനിടെ യുവതിയുടെ മാതാപിതാക്കൾ തന്റെ മകളെ പുലർ നാല് മണി മുതൽ വീട്ടിൽ നിന്ന് കാണാനില്ലെന്ന വിവരം പോലീസിനെ അറിയിച്ചിരുന്നു.
എന്നാൽ, രാവിലെ ഏഴ് മണിയോടെ മകൾ വീട്ടിൽ തിരിച്ചെത്തിയെന്നും ദമ്പതികൾ പിന്നീട് പറഞ്ഞു.സംശയം തോന്നിയതിനെ തുടർന്ന് യുവതിയുടെ മാതാപിതാക്കൾക്ക് പോലീസ് എ ടി എമിന് അകത്തെ സിസിടിവി ദൃശ്യങ്ങൾ കാണിച്ച് കൊടുത്തു. ഇതോടെ അതിൽ കാണുന്നത് തങ്ങളുടെ മകളാണെന്ന് അവർ സ്ഥിരീകരിച്ചു. രണ്ടും ഒരാളാണെന്ന് ബോധ്യപ്പെട്ടതോടെ വീട്ടിലെ വിലപിടിപ്പുള്ള വസ്തുക്കൾ എന്തെങ്കിലും കാണാതായിട്ടുണ്ടോ എന്ന് പരിശോധിക്കാൻ ദമ്പതികളോട് പോലീസ് ആവശ്യപ്പെട്ടു.
പരിശോധനയിൽ വീട്ടിലുള്ള ആഭരണങ്ങൾ കാണാനില്ലായിരുന്നു. 43 പവൻ വരുന്ന സ്വർണാഭരണങ്ങൾ മകൾ ചവറ്റുകുട്ടയിൽ എറിഞ്ഞുവെന്ന് പോലീസ് മാതാപിതാക്കളോട് പറഞ്ഞു. തങ്ങളുടെ മകൾ അസുഖമുള്ള ആളാണെന്ന് പോലീസിനെ അവർ അറിയിച്ചു.