മംഗളൂരു (കര്‍ണാടക): കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു ‘ഗൃഹ ജ്യോതി’. സംസ്ഥാനത്തെ മുഴുവന്‍ വീടുകളിലും സൗജന്യമായി വൈദ്യുതി വിതരണം ചെയ്യുന്ന ബൃഹത്തായ പദ്ധതി. എന്നാല്‍ ഈ പദ്ധതി നടപ്പിലാക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് ജനങ്ങളെയാകെ ഞെട്ടിച്ചുകൊണ്ട് മംഗളൂരുവിലെ ഒരു കുടുംബത്തിന് ഇലക്ട്രിസിറ്റി ബില്‍ വന്നിരിക്കുന്നത്. ഉള്ളാല്‍ സ്വദേശി സദാശിവ ആചാരിയും കുടുംബവും തങ്ങള്‍ക്ക് ലഭിച്ച ഇലക്ട്രിസിറ്റി ബില്‍ കണ്ട് അക്ഷരാര്‍ഥത്തില്‍ ഷോക്കടിച്ചിരിക്കുകയാണ്.
ഏഴ് ലക്ഷം രൂപയുടെ ബില്ലാണ് ഇലക്ട്രിസിറ്റി ബോര്‍ഡ് ജീവനക്കാരന് സദാശിവയെ ഏല്‍പ്പിച്ചത്. 99,338 യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചതായാണ് ബില്ലില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ മാസങ്ങളില്‍ 3000 രൂപയായിരുന്നു കുടുംബത്തിന് ഇലക്ട്രിസിറ്റി ബില്ല് വന്നത്. എങ്ങനെയെല്ലാം കൂട്ടിയും കിഴിച്ചും നോക്കിയിട്ടും സദാശിവയ്ക്ക് കണക്ക് മനസിലായില്ല.വൈദ്യുതി ബില്ലില്‍ 99,338 യൂണിറ്റ് വൈദ്യുതി ഉപഭോഗം ചെയ്തതായി കാണിച്ച് 7,71,072 രൂപയുടെ ബില്‍ നല്‍കിയിട്ടുണ്ട്. നേരത്തെ 3000 രൂപയോളം മാത്രമാണ് ഞങ്ങള്‍ക്ക് പ്രതിമാസം വൈദ്യുതി ബില്‍ ലഭിച്ചിരുന്നത്. ഞങ്ങള്‍ എല്ലാ മാസവും ബില്‍ അടയ്ക്കുന്നു.
ഈ മാസം വന്ന ബില്ല് കണ്ട് ഞങ്ങളെല്ലാവരും ഞെട്ടി’ -വീട്ടുടമ സദാശിവ പ്രതികരിച്ചു. ഇലക്ട്രിസിറ്റി ബോര്‍ഡ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടപ്പോഴാണ് സാങ്കേതിക തകരാറാണ് ബില്‍ വര്‍ധനയ്ക്ക് കാരണമെന്ന് വ്യക്തമായത്. ഉദ്യോഗസ്ഥര്‍ പിഴവ് പരിഹരിച്ച് പുതുക്കിയ ബില്‍ നല്‍കിയതിന് ശേഷമാണ് സദാശിവയ്ക്കും കുടുംബത്തിനും ആശ്വാസമായത്. തകരാര്‍ പരിഹരിച്ച് പരിശോധിച്ചപ്പോള്‍ 2833 രൂപയുടെ ഇലക്ട്രിസിറ്റിയാണ് ഇദ്ദേഹത്തിന്റെ കുടുംബം ഉപയോഗിച്ചത് എന്ന് വ്യക്തമായി. പിന്നാലെ പുതുക്കിയ ബില്‍ ഉദ്യോഗസ്ഥര്‍ സദാശിവ ആചാരിയുടെ വീട്ടിലെത്തിച്ചു.
‘ഏജൻസികള്‍ വഴിയാണ് ബില്ലെടുക്കുന്നത്. ബില്‍ റീഡറിന്റെ പിഴവ് മൂലം വൈദ്യുതി ബില്‍ തെറ്റായി അച്ചടിച്ചിരിക്കുന്നു. വൈദ്യുതി ബില്ലില്‍ പിഴവുണ്ടെങ്കില്‍ ഉപഭോക്താവിന് നല്‍കാനാവില്ല. പുതുക്കിയ ബില്‍ സദാശിവ ആചാര്യയുടെ പക്കല്‍ എത്തിച്ചു’ -ഉള്ളാല്‍ മെസ്കോം സബ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അഭിന്തര ദയാനന്ദ പറഞ്ഞു.
സെന്തില്‍ ബാലാജിയെ ആശുപത്രിയിലേക്ക് മാറ്റി; ചെലവുകള്‍ സ്വന്തം നിലക്ക് വഹിക്കണമെന്ന് കോടതി
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്ത തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജിയെ കാവേരി ആശുപത്രിയിലേക്ക് മാറ്റി.മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം കനത്ത പൊലീസ് സുരക്ഷയിലാണ് മന്ത്രിയെ ആശുപത്രിയിലേക്ക് മാറ്റിയത്.ബാലാജിയുടെ ഭാര്യ നല്കിയ ഹേബിയസ് കോര്‍പ്പസ് ഹരജി പരിഗണിച്ച മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ഇടക്കാല ഉത്തരവിട്ടത്. ജസ്റ്റിസുമാരായ ജെ.നിഷ ബാനു, ഡി.ഭരത ചക്രവര്‍ത്തി എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
മന്ത്രിയെ ഇഡിക്ക് താത്പര്യമുള്ള ഡോക്ടര്‍മാരെ കൊണ്ട് പരിശോധിപ്പിക്കാമെന്നും ആശുപത്രി മാറ്റവുമായി ബന്ധപ്പെട്ട മുഴുവന്‍ ചെലവും ബാലാജി സ്വന്തം നിലയ്ക്ക് വഹിക്കണമെന്നും കോടതി നിര്‍ദേശിച്ചു. സുരക്ഷയ്ക്കായി ആശുപത്രിയില്‍ 50ലധികം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട് .ഹൃദയത്തില്‍ മൂന്ന് ബ്ലോക്കുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ബൈപാസ് സര്‍ജറിക്ക് ബാലാജിയെ വിധേയനാക്കാൻ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു.
ചെന്നൈയിലെ ഓമന്ദൂരാര്‍ എസ്റ്റേറ്റിലെ തമിഴ്നാട് സര്‍ക്കാര്‍ മള്‍ട്ടി സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലായിരുന്നു മന്ത്രിയെ ആദ്യം പ്രവേശിപ്പിച്ചത്.ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് സെന്തില്‍ ബാലാജി ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്നാണ് സെന്തില്‍ ബാലാജിയുടെ റിമാൻഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ജോലിക്ക് അപേക്ഷിച്ച ഉദ്യോഗാര്‍ഥികളുടെ മാര്‍ക്കില്‍ കൃത്രിമം നടത്തിയാണ് തട്ടിപ്പ് നടത്തിയതെന്നും ഇ.ഡിയുടെ റിപ്പോര്‍ട്ടിലുണ്ട്. മന്ത്രിയുടെ അടുത്ത സഹായികളായ ബി.ഷണ്മുഖം, എം.കാര്ത്തികേയൻ എന്നിവരാണ് ഇടപാടുകള്‍ നടത്തിയതെന്ന് ഇ.ഡി ആരോപിക്കുന്നു.
ബാലാജിയുടെ പേഴ്സണല്‍ അസിസ്റ്റന്റ് പണം വാങ്ങിയെന്നാണ് പരാതിക്കാരുടെ മൊഴി. സെന്തില്‍ ബാലാജിയുടെ അക്കൗണ്ടില്‍ 1.34 കോടി രൂപയും അദ്ദേഹത്തിന്റെ ഭാര്യയുടെ അക്കൗണ്ടില്‍ 29.55 ലക്ഷം രൂപയും നിക്ഷേപിച്ചെന്ന് ബാങ്ക് സ്റ്റേറ്റ്മെന്റുകളുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ബുധനാഴ്ച പുലര്‍ച്ചെ അറസ്റ്റ് ചെയ്ത സെന്തില്‍ ബാലാജിയെ ജൂണ്‍ 28 വരെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.