ബെംഗളൂരു:കർണാടകത്തിൽ വോട്ടുചെയ്യാനെത്തിയ യുവതി പോളിങ് ബൂത്ത് പരിസരത്ത് ആൺകുഞ്ഞിന് ജന്മംനൽകി. ബല്ലാരി കാംപ്ലി മണ്ഡലത്തിലെ കൊർലഗുണ്ടി ഗ്രാമത്തിലാണ് സംഭവം. ഇവിടുത്തെ 228-ാം നമ്പർ പോളിങ് ബൂത്തിൽ വോട്ടുചെയ്യാനെത്തിയ പ്രദേശവാസി മനില (23) യാണ് പോളിങ് ബൂത്ത് പരിസരത്ത് പ്രസവിച്ചത്. ബുധനാഴ്ച ഉച്ചയോടെയാണ് യുവതി വോട്ട് രേഖപ്പെടുത്താനെത്തിയത്.
എന്നാൽ, അപ്രതീക്ഷിതമായി പ്രസവവേദന അനുഭവപ്പെട്ടു. ഉടൻതന്നെ പോളിങ് ബൂത്ത് ജീവനക്കാർ യുവതിയെ സമീപത്തെ റൂമിലേക്ക് കൊണ്ടുപോയി. തുടർന്ന് പോളിങ് ബൂത്തിലെ ജീവനക്കാരുടെയും വോട്ടുചെയ്യാനെത്തിയ സ്ത്രീകളുടെയും സഹായത്തോടെ യുവതി കുഞ്ഞിന് ജന്മംനൽകുകയായിരുന്നു.
പ്രസവത്തിനുശേഷം അമ്മയെയും കുഞ്ഞിനെയും സമീപത്തെ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
കര്‍ണാടകയില്‍ കോണ്‍ഗ്രസിനു മുന്‍തൂക്കമെന്ന് എക്സിറ്റ് പോള്‍
കര്‍ണാടകയിലെ കടുത്ത പോരാട്ടത്തില്‍ കോണ്‍ഗ്രസിനു മുന്‍തൂക്കമെന്ന് എക്സിറ്റ് പോള്‍ പ്രവചനം.224 അംഗ സഭയില്‍ ഭൂരിപക്ഷത്തിനുവേണ്ടത് 113 പേരുടെ പിന്തുണയാണ്. ശനിയാഴ്ചയാണു വോട്ടെണ്ണല്‍. ഇന്നലെ നടന്ന തെരഞ്ഞെടുപ്പ് പൊതുവേ സമാധാനപരമായിരുന്നു.ഇന്ത്യാ ടുഡേ-ആക്സിസ് മൈ ഇന്ത്യ, ന്യൂസ് 24-ടുഡേയ്സ് ചാണക്യ, ടൈംസ് നൗ- ഇടിജി, സീ ന്യൂസ്- മാട്രിസ്, ഇന്ത്യാ ടിവി-സിഎന്‍എക്സ് എന്നിവ കോണ്‍ഗ്രസിനു ഭൂരിപക്ഷം പ്രവചിക്കുന്നു. ന്യൂസ് നേഷന്‍-സിജിഎസ്, സുവര്‍ണന്യൂസ്-ജന്‍കി ബാത് എന്നീ ഏജന്‍സികളുടെ പ്രവചനം ബിജെപി ഭൂരിപക്ഷം നേടുമെന്നാണ്.
ഒരു പാര്‍ട്ടിക്കും ഒറ്റയ്ക്കു ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ ജെഡി-എസിന്‍റെ തീരുമാനം നിര്‍ണായകമാകും. അതേസമയം, ജെഡി-എസിന് ഇരുപതിനും മുപ്പതിനും ഇടയില്‍ സീറ്റുകള്‍ മാത്രമാണ് മിക്ക ഏജന്‍സികളുടെ പ്രവചനം.2018ല്‍ കര്‍ണാടകയില്‍ തൂക്കുസഭയായിരുന്നു. 104 സീറ്റോടെ ബിജെപി വലിയ ഒറ്റക്കക്ഷിയായി. കോണ്‍ഗ്രസിന് 80ഉം ജെഡിഎസിന് 37ഉം സീറ്റ് ലഭിച്ചു. ബിജെപി നേതാവ് ബി.എസ്. യെദിയൂരപ്പ മുഖ്യമന്ത്രിയായെങ്കിലും ഭൂരിപക്ഷം തെളിയിക്കാതെ മൂന്നു ദിവസത്തിനകം രാജിവച്ചു.തുടര്‍ന്ന് എച്ച്.ഡി. കുമാരസ്വാമിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ അധികാരമേറ്റു.
17 എംഎല്‍എമാര്‍ കൂറുമാറിയതോടെ സര്‍ക്കാര്‍ നിലംപൊത്തി. യെദിയൂരപ്പയുടെ നേതൃത്വത്തില്‍ വീണ്ടും ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറി. നിയമസഭയുടെ കാലാവധി അവസാനിക്കുന്പോള്‍ ബിജെപി-116, കോണ്‍ഗ്രസ്-69, ജെഡിഎസ്- 29 എന്നിങ്ങനെയാണു കക്ഷിനില.