ബെംഗളൂരു: ബെംഗളൂരുവില്‍ നിന്നുള്ള ഒരു ഓട്ടോമോട്ടീവ് എഞ്ചിനീയർ രാജ്യത്ത് വളർന്നുവരുന്ന “സെല്‍ഫോണ്‍ ആസക്തി”യെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു.ഒരാഴ്ചയില്‍ താൻ യാത്ര ചെയ്ത എല്ലാ ഓട്ടോ ഡ്രൈവർമാരും ഫോണില്‍ സംസാരിച്ചുകൊണ്ടാണ് യാത്ര തുടരുന്നതെന്ന് മാനസ മഞ്ജുനാഥ് തന്റെ എക്സില്‍ പങ്കുവച്ച ഒരു പോസ്റ്റില്‍ പറയുന്നു. ആളുകള്‍ അവരുടെ ഫോണുകളില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് അവർ കുറിപ്പില്‍ പറയുന്നു. ഇത് സുരക്ഷിതമായ യാത്രയെ ആശങ്കയിലാക്കുന്നെന്നും അവർ പരാതിപ്പെട്ടു.

ഫോണ്‍ ആസക്തി”ഈ ആഴ്ച ഞാൻ 4 ഓട്ടോ യാത്രകള്‍ നടത്തി. എല്ലാം 15-25 മിനിറ്റിനുള്ളില്‍. ഓരോ ഓട്ടോ ഡ്രൈവറും ഓരോ മിനിറ്റിലും നിർത്താതെ ഫോണില്‍ സംസാരിച്ചുകൊണ്ടിരുന്നു,” തന്റെ എക്സ് പോസ്റ്റില്‍ മാനസ മഞ്ജുനാഥ് എഴുതി. ആ അനുഭവം തന്നെ അത്ഭുതപ്പെടുത്തുകയും ആശങ്കപ്പെടുത്തുകയും ചെയ്തുവെന്നും മാനസ എഴുതുന്നു. “ഓരോ യാത്രയുടെയും ഓരോ മിനിറ്റിലും ഡ്രൈവർമാർ നിർത്താതെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു” അവർ എഴുതി. ഇത് ഓട്ടോറിക്ഷാ ഡ്രൈവർമാരില്‍ മാത്രം ഒതുങ്ങുന്ന ഒന്നല്ലെന്നാണ് മാനസയുടെ നിരീക്ഷണം.
സമാനമായ പെരുമാറ്റം എല്ലാ സ്ഥലങ്ങളിലും പല ഇടങ്ങളിലും കാണാൻ കഴിയുമെന്നും അവർ കൂട്ടിച്ചേർത്തു. കടകളിലും സലൂണുകളിലും ജോലി ചെയ്യുന്ന ആളുകള്‍ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം തങ്ങളുടെ ഫോണുകളില്‍ തിരക്കിലാണെന്നും മാനസ തന്റെ കുറിപ്പില്‍ ആരോപിച്ചു. നമ്മുടെ രാജ്യത്ത് ഗുരുതരമായ ഒരു സെല്‍ഫോണ്‍ ആസക്തി പ്രശ്നമുണ്ടെന്നും അവർ കൂട്ടിച്ചേർക്കുന്നു.പ്രതികരണവുമായി നെറ്റിസെന്സ്ഏതാണ്ട് ഒരു ലക്ഷത്തോളം പേർ വായിച്ച പോസ്റ്റിന് താഴെ നിരവധി പേരാണ് കുറിപ്പുകളുമായെത്തിയത്. പലരും സമാനമായ അനുഭവങ്ങള്‍ പങ്കുവെച്ചു.
ഡ്രൈവർമാരും തൊഴിലാളികളും ജോലി ചെയ്യുമ്പോള്‍ ഫോണില്‍ ധാരാളം സമയം ചെലവഴിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടെന്ന് നിരവധി പേരെഴുതി. മൊബൈല്‍ ഫോണുകള്‍ ദൈനംദിന ജീവിതത്തില്‍ ഒരു പ്രധാന തടസ്സമായി മാറിയിരിക്കുന്നുവെന്ന് മറ്റുള്ളവർ സമ്മതിച്ചു. “ആരോടാണ് ഇവർ ഇത്രയധികം സംസാരിക്കുന്നതെന്ന് ഞാൻ എപ്പോഴും ചിന്തിക്കാറുണ്ട്? മറ്റൊരു റോഡില്‍ ഓടുന്ന മറ്റൊരു ഓട്ടോക്കാരനാണോ?” എന്നായിരുന്നു ഒരാളുടെ കുറിപ്പ്. ഫോണ്‍ കോളില്‍ ആയിരിക്കുമ്പോള്‍ ആളുകള്‍ നിങ്ങള്‍ക്ക് പകുതി ശ്രദ്ധ നല്കുന്നു. ഇത് അരോചകമാണെന്ന് മാത്രമല്ല, എനിക്ക് അത് സമ്മർദ്ദകരമായാണ് അനുഭവപ്പെടുന്നതെന്നും ചിലരെഴുതി.