ബെംഗളൂരു: കനത്ത മഴയെത്തുടർന്ന് മരംവീണ് മറിഞ്ഞുവീണ വൈദ്യുത തൂണിനടിയിൽപ്പെട്ട സ്ത്രീ മരിച്ചു. വിൽസൻ ഗാർഡനിൽ താമസിക്കുന്ന ഹേമാവതി ഹർഷയാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി എട്ടാം ക്രോസ് റോഡിലായിരുന്നു അപകടം.മകൾ രുചിതയ്ക്കൊപ്പം റോഡിലൂടെ നടക്കുകയായിരുന്നു ഹേമാവതി. ഈസമയം മരം വീണ് വൈദ്യുതത്തൂൺ മകളുടെ അടുത്തേക്ക് വീഴുന്നത് കണ്ടു. മകളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഹേമാവതി വൈദ്യുതിത്തൂണിനടിയിൽപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഹേമാവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. രുചിതയ്ക്കും തലയ്ക്ക് പരിക്കേറ്റു. വിൽസൻ ഗാർഡൻ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. ബെംഗളൂരു കോർപ്പറേഷൻ ഫോറസ്റ്റ് സെൽ ഉദ്യോഗസ്ഥരും വൈദ്യുതി വിതരണ കമ്പനി ഉദ്യോഗസ്ഥരും അപകടസ്ഥലം സന്ദർശിച്ചു. അപകടാവസ്ഥയിലുള്ള എല്ലാമരങ്ങളും മുറിച്ചുമാറ്റാൻ കോർപ്പറേഷൻ സ്പെഷ്യൽ കമ്മിഷണർ ശിവാനന്ദ് കൽക്കെരെ നിർദേശിച്ചു.
ബെംഗളൂരു -മൈസൂരു പാതയിൽ അപകടം; മൂന്നുപേർ മരിച്ചു:കർണാടക സ്വദേശികളായ രേണുക, മഞ്ജുളാമ്മ, സുധീർ എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ചന്നപട്ടണയ്ക്ക് സമീപത്തായിരുന്നു അപകടം.പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് ഡിവൈഡർ മറികടന്ന് ബെംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന മൂന്നുകാറുകളിൽ ഇടിക്കുകയായിരുന്നു.ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന കാറിലുണ്ടായിരുന്ന മൂന്നുപേരാണ് മരിച്ചത്. രണ്ടുപേർ അപകടസ്ഥലത്തും ഒരാൾ ആശുപത്രിയിലും മരിച്ചു.
അപകടമുണ്ടാക്കിയ കാറിന്റെ ഡ്രൈവറടക്കം മൂന്നു പേർക്ക് പരിക്കേറ്റിട്ടുണ്ട്.ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ അതിവേഗത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.അശ്രദ്ധമായ ഡ്രൈവിങ്ങാണ് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ മനസ്സിലായതായി എ.ഡി.ജി.പി. അലോക് കുമാർ പറഞ്ഞു.