കർണാടക മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി.എസ് യെദ്യൂരപ്പയ്ക്കെതിരെ പീഡനപരാതി നല്‍കിയ സ്ത്രീയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന വനിതാ കമ്മീഷൻ.17കാരിയായ തന്റെ മകളെ യെദ്യൂരപ്പ പീഡിപ്പിച്ചെന്ന പരാതി നല്‍കിയ സ്ത്രീയുടെ മരണത്തിലും സംസ്‌കാരത്തിലും ദുരൂഹതകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കമ്മീഷൻ ബെംഗളൂരു പൊലീസിനോട് റിപ്പോർട്ട് തേടുകയും ചെയ്തു. സംഭവത്തില്‍ വേഗത്തിലും സമഗ്രമായും അന്വേഷണം നടത്തണമെന്നാണ് കമ്മീഷൻ അധ്യക്ഷ നാഗലക്ഷ്മി ചൗധരി ബെംഗളൂരു പൊലീസ് കമ്മീഷണറോട് ആവശ്യപ്പെട്ടിരിക്കുന്നത്.
യെദ്യൂരപ്പയ്ക്കെതിരായ പോക്സോ കേസ് സിഐഡിയാണ് നിലവില്‍ അന്വേഷിക്കുന്നത്. മറ്റൊരു ലൈംഗികാതിക്രമ സംഭവത്തില്‍ സഹായം തേടിയെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കഴിഞ്ഞ ഫെബ്രുവരി രണ്ടിന് യെദ്യൂരപ്പ പീഡിപ്പിച്ചെന്നാണ് 17കാരിയുടെ അമ്മയുടെ പരാതി. മാർച്ച് 14നാണ് യെദ്യൂരപ്പയ്ക്കെതിരെ പെണ്‍കുട്ടിയുടെ അമ്മ സദാശിവനഗർ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. തുടർന്ന് പോക്‌സോ കേസെടുക്കുകയും ചെയ്തു. പിന്നാലെ മെയില്‍ അമ്മ മരിക്കുകയും ചെയ്തു. ഇവർ അർബുദബാധിതയായിരുന്നു എന്നാണ് ഡോക്ടർമാർ പറയുന്നത്. എന്നാല്‍, സ്ത്രീയുടെ മരണത്തിലും മൃതദേഹം സംസ്കരിച്ചതിലും വനിതാ കമ്മീഷൻ സംശയം ഉന്നയിച്ചു.
‘സ്ത്രീയുടെ പോസ്റ്റ്മോർട്ടം നടത്താൻ അധികൃതർ തയാറായില്ലെന്ന് ചൂണ്ടിക്കാട്ടി മകനും ചില സംഘടനകളും കമ്മീഷന് പരാതി നല്‍കിയിരുന്നു. പോസ്റ്റ്‌മോർട്ടം നടത്താത്തതില്‍ ദുരൂഹതയുണ്ട്. പരാതി ലഭിച്ചാല്‍ അത് അന്വേഷിക്കാൻ പൊലീസ് ബാധ്യസ്ഥരാണ്’- കമ്മീഷൻ അധ്യക്ഷ പറഞ്ഞു. യെദ്യൂരപ്പയ്‌ക്കെതിരായ ലൈംഗികാതിക്രമ കേസില്‍ പൊലീസിൻ്റെ നിഷ്‌ക്രിയത്വം ചൂണ്ടിക്കാട്ടി ഇരയുടെ സഹോദരൻ ജൂണില്‍ കോടതിയില്‍ പുതിയ ഹരജി നല്‍കുകയും ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
തുടർന്നാണ് കേസ് സിഐഡിക്ക് കൈമാറിയത്. പിന്നാലെ, യെദ്യൂരപ്പയ്ക്കെതിരെ നിർണായക കണ്ടെത്തലുകളുമായി ജൂണ്‍ 25ന് അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു. ആറര വയസുള്ളപ്പോള്‍ പെണ്‍കുട്ടിയെ മറ്റൊരാള്‍ ലൈംഗികാതിക്രമത്തിന് ഇരയാക്കിയിരുന്നു. ഈ സംഭവത്തില്‍ നിയമപോരാട്ടത്തിന് സഹായം തേടിയെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയാണ് 81കാരനായ ബി.ജെ.പി നേതാവ് പീഡിപ്പിച്ചതെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ഫെബ്രുവരി രണ്ടിന് ബെംഗളൂരുവിലെ യെദ്യൂരപ്പയുടെ വസതിയില്‍ വച്ചായിരുന്നു സംഭവം.
പീഡനത്തിനുശേഷം കുട്ടിക്കും അമ്മയ്ക്കും പണം നല്‍കി സംഭവം ഒതുക്കാന്‍ ശ്രമിച്ചെന്നും കുറ്റപത്രത്തില്‍ പറയുന്നു. പരാതി കേട്ട യെദ്യൂരപ്പ കുട്ടിയുടെ കൈപിടിച്ച് തൊട്ടടുത്തുള്ള മീറ്റിങ് ഹാളിലേക്കു കൊണ്ടുപോവുകയായിരുന്നുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. അകത്തു കയറിയ ശേഷം ഹാളിലേക്കുള്ള വാതിലടച്ചു. തുടര്‍ന്ന് ലൈംഗിക പീഡനത്തെ കുറിച്ചുള്ള വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. പീഡിപ്പിച്ചയാളുടെ മുഖം ഓര്‍ക്കുന്നുണ്ടോ എന്നുള്‍പ്പെടെയുള്ള കാര്യങ്ങളാണ് ചോദിച്ചത്. ഇതിനു മറുപടി പറയുന്നതിനിടെയാണ് കുട്ടിയെ പീഡിപ്പിച്ചതെന്നും കുറ്റപത്രത്തില്‍ പറയുന്നു.
പേടിച്ചരണ്ട കുട്ടി യെദ്യൂരപ്പയുടെ കൈ തട്ടിമാറ്റുകയും വാതില്‍ തുറക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതോടെയാണ് കുട്ടിക്ക് ഒരു തുക നല്‍കിയ ശേഷം വാതില്‍ തുറന്നത്. പിന്നീട് അമ്മയ്ക്കും പണം നല്‍കിയ ശേഷം കേസില്‍ സഹായിക്കാനാകില്ലെന്ന് പറഞ്ഞു തിരിച്ചയയ്ക്കുകയായിരുന്നു. ഇതിനുശേഷം ഫെബ്രുവരി 20ന് യെദ്യൂരപ്പയുടെ വീട്ടില്‍ പോയതിന്റെ ദൃശ്യങ്ങള്‍ കുട്ടിയുടെ അമ്മ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ഇതോടെ യെദ്യൂരപ്പ ഇവരെ വീണ്ടും വീട്ടിലേക്കു വിളിപ്പിച്ചു.
ഫേസ്ബുക്കില്‍നിന്നും മൊബൈല്‍ ഫോണ്‍ ഗാലറിയില്‍നിന്നും സന്ദര്‍ശനത്തിന്റെ ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യണമെന്നും ആവശ്യപ്പെടുകയായിരുന്നു. തുടർന്ന്, മെയ് മാസം പെണ്‍കുട്ടിയുടെ അമ്മ മരിക്കുകയുമായിരുന്നു. പോക്‌സോ നിയമത്തിലെ എട്ട്, ഐ.പി.സി 354എ വകുപ്പുകള്‍ പ്രകാരമാണ് ബി.എസ് യെദ്യൂരപ്പയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്.