
കൊറോണ വൈറസിന്‍റെ ഒമിക്രോണ്‍ വകഭേദം ലോകത്തെ മുഴുവന്‍ കീഴടക്കുന്ന പശ്ചാത്തലത്തില്‍, മാസ്‌ക് ധരിക്കുകയും വാക്സിനേഷന്‍ കൃത്യമായി സ്വീകരിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. എന്നാല്‍ ഇവിടെ ഒരു പടി കൂടി മുന്നിലേക്ക് കടന്നുകൊണ്ട് സഹയാത്രികരെ കൂടി മാസ്ക്ക് ധരിപ്പിക്കാന്‍ ശ്രമിച്ച യുവതിയുടെ വീഡിയോയാണ് ട്വിറ്ററില്‍ വൈറലാകുന്നത്. വിമാനത്തില്‍ മാസ്‌ക്ക് ധരിക്കാത്തതിന്‍റെ പേരിലാണ് 80 വയസ്സുള്ള സഹയാത്രികനെ യുവതി ആക്രമിച്ചത്. എന്നാല്‍ ഈ വാദപ്രതിവാദങ്ങള്‍ നടക്കുന്ന അത്രയും സമയം യുവതി മാസ്ക്ക് താടിയിലേക്ക് താഴ്ത്തിയിട്ടാണ് സംസാരിക്കുന്നതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമായി കാണാവുന്നതാണ്.
സ്വയം കോവിഡ് പ്രോട്ടോകോള്‍ പാലിക്കാതെ സഹയാത്രികനെ മാസ്ക്ക് ധരിപ്പിക്കാന്‍ നിര്‍ബന്ധിക്കുന്ന യുവതിക്കെതിരെ നിരവധി വിമര്‍ശനങ്ങള്‍ ട്വിറ്ററില്‍ ഉയര്‍ന്നുവരുന്നുണ്ട്. ട്വിറ്ററില്‍ പോസ്റ്റ് ചെയ്യത വീഡിയോ ഇതുവരെ ഒമ്ബത് ദശലക്ഷത്തിലധികം പേരാണ് കണ്ടത്.
ഏകദേശം രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ സ്ത്രീ വിമാനത്തിന്‍റെ ഇടനാഴിയില്‍ നിന്ന് സഹയാത്രികനോട് മാസ്ക്ക് ധരിക്കാന്‍ ആജ്ഞാപിക്കുന്നതാണ് കാണുന്നത്. വിമാനത്തിലെ ജീവനക്കാര്‍ അവളെ തിരികെ കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടയില്‍ യുവതി ‘മാസ്ക് അപ്പ്’ എന്ന് ആക്രോശിച്ച്‌കൊണ്ട് സഹയാത്രികനെ ആക്രമിക്കുന്നുണ്ട്. ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് പട്രീഷ്യ കോണ്‍വാള്‍ എന്ന യുവതിയെ എഫ്.ബി.ഐ അറസ്റ്റ് ചെയ്തു. ടാമ്ബയില്‍ നിന്ന് അറ്റ്ലാന്‍റയിലേക്ക് പോകുന്ന ഡെല്‍റ്റ എയര്‍ലൈന്‍സ് വിമാനത്തിലാണ് സംഭവം.