ബംഗളൂരു: കടമായി നല്‍കിയ പണം തിരിച്ചുവാങ്ങാൻ വീട്ടില്‍നിന്നിറങ്ങിയ യുവതിയും ഒപ്പമുണ്ടായിരുന്ന പേരക്കുട്ടിയും കൊല്ലപ്പെട്ടു.ചിക്കമഗളൂരു ജില്ലയില്‍ കല്‍കെരെ ഗ്രാമത്തിലെ സി. ജയമ്മ (46), രണ്ടര വയസ്സുള്ള കുട്ടി എന്നിവരാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹം കഷണങ്ങളാക്കി ചാക്കില്‍ കെട്ടി മാണ്ഡ്യ ജില്ലയില്‍ ബെള്ളൂരു പൊലീസ് സ്റ്റേഷൻ പരിധിയിലെ തടാകത്തില്‍ തള്ളിയ നിലയില്‍ കണ്ടെത്തി. ഈ മാസം 12നാണ് ജയമ്മ വീട്ടില്‍ നിന്നിറങ്ങിയത്. മാണ്ഡ്യ ആദിചുഞ്ചനഗിരിയില്‍ ബന്ധുവിന് കടം കൊടുത്ത പണം തിരികെ കിട്ടിയിട്ടേ മടങ്ങിവരൂ എന്ന് പറഞ്ഞാണ് പോയതെന്ന് പൊലീസ് അറിയിച്ചു.
തിരിച്ചെത്താത്തതിനെത്തുടർന്ന് മകൻ പ്രവീണ്‍ നിരന്തരം വിളിച്ചെങ്കിലും മൊബൈല്‍ ഫോണ്‍ സ്വിച്ച്‌ഓഫായ നിലയിലായിരുന്നു. തിങ്കളാഴ്ച പൊലീസില്‍ പരാതി നല്‍കി.തുടർന്ന് പ്രവീണിന്റെ മൊബൈല്‍ ഫോണിലേക്ക് അജ്ഞാതൻ വിളിച്ച് അമ്മയെയും പിഞ്ചുകുഞ്ഞിനെയും കൊന്ന് ചാക്കില്‍ കെട്ടി തടാകത്തില്‍ തള്ളിയതായി അറിയിച്ചു.
അതോടെ വിളിച്ചയാള്‍ ഫോണ്‍ സ്വിച്ച്‌ഓഫ് ചെയ്തു. പ്രവീണ്‍ നല്‍കിയ വിവരമനുസരിച്ച് തടാകത്തില്‍ പരിശോധന നടത്തിയ പൊലീസ് മൃതദേഹങ്ങള്‍ കണ്ടെടുത്തു. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കുന്നു.
കോണ്‍ഗ്രസില്‍ ചേരില്ലെന്ന് സദാനന്ദ ഗൗഡ; കര്‍ണാടക ബി.ജെ.പിയിലെ കുടുംബാധിപത്യം മാറണം
ബി.ജെ.പി വിട്ട് കോണ്‍ഗ്രസിലേക്കില്ലെന്ന് മുതിർന്ന നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായിരുന്ന ഡി.വി.സദാനന്ദ ഗൗഡ.കോണ്‍ഗ്രസ് നേതൃത്വം തന്നെ ബന്ധപ്പെട്ടിരുന്നതായും ഒരു കാരണവശാലും കോണ്‍ഗ്രസിലേക്കില്ലെന്നും ഗൗഡ വ്യക്തമാക്കി. കർണാടക ബി.ജെ.പിയില്‍ മുൻ മുഖ്യമന്ത്രി യെദിയൂരപ്പയുടെ കുടുംബാധിപത്യമാണ് തുടരുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.യെദിയൂരപ്പ, മകൻ ബി.വൈ. വിജയേന്ദ്ര, അവരുടെ അടുപ്പക്കാർ എന്നിവരുടെ പിടിയിലാണ് പാർട്ടിയെന്നും ഈ സ്ഥിതി മാറണമെന്നും ഈയവസ്ഥയോട് കടുത്ത പ്രതിഷേധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഗൗഡ കോണ്‍ഗ്രസില്‍ ചേരുമെന്നും കുടക്-മൈസൂരു മണ്ഡലത്തില്‍ സ്ഥാനാർഥിയാകുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
തന്റെ സിറ്റിങ് സീറ്റായ ബംഗളൂരു നോർത്ത് മണ്ഡലത്തില്‍ ഉഡുപ്പി-ചിക്കമംഗളുരു എം.പിയും കേന്ദ്ര കൃഷിസഹ മന്ത്രിയുമായ ശോഭ കരന്ദലജെയെ ബി.ജെ.പി സ്ഥാനാർഥിയായി പ്രഖ്യാപിച്ച വേളയിലായിരുന്നു സദാനന്ദ ഗൗഡ പാർട്ടിവിടുകയാണെന്ന അഭ്യൂഹം ശക്തമായത്