കൊച്ചി : ഷമ്മി തിലകൻ സംഘടന വിരുദ്ധ പ്രവർത്തനം നടത്തിയെന്ന അമ്മ ജനറൽ ബോഡി യോഗത്തിന്‍റെ കണ്ടെത്തൽ സംഘടന വീണ്ടും ചർച്ച ചെയ്യും. ഷമ്മി തിലകന്റെ കാര്യത്തിൽ അടുത്ത എക്സിക്യൂട്ടിവിൽ തീരുമാനമെന്ന് അംഗങ്ങൾ അറിയിച്ചു.സംഘടനയിൽ ജനാധിപത്യമില്ലെന്ന ഗണേഷ് കുമാറിന്‍റെ കത്തിന് രേഖാമൂലം മറുപടി നൽകാനും തീരുമാനമായി.
ക്ലബ്ബ് പരാമർശത്തിൽ ഇടവേള ബാബുവിനെതിരെ ഗണേഷ് ആരോപണം ഉന്നയിച്ചതിനും മറുപടി നൽകും. അമ്മ സംഘടനയിൽ അടുത്തിടെ വിവാദമായ വിഷയങ്ങൾ മോഹൻലാലിന്‍റെ അദ്ധ്യക്ഷതയിൽ ചേർന്ന എക്സിക്യൂട്ടീവ് കമ്മിറ്റി ചർച്ച ചെയ്തു. തീരുമാനങ്ങളും മറുപടികളും വ്യക്തമാക്കുന്ന വാർത്താ കുറിപ്പ് വൈകാതെ മാധ്യമങ്ങൾക്ക് നൽകുമെന്ന് കമ്മിറ്റി അംഗം ബാബുരാജ് വ്യക്തമാക്കി.ബലാത്സംഗക്കേസിൽ പ്രതിയായ വിജയ് ബാബു ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്തത് ചോദ്യം ചെയ്ത് കെബി ഗണേഷ് കുമാർ അടക്കമുള്ള ഒരു വിഭാഗം രംഗത്തെത്തിയിരുന്നു.
താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റ് നടൻ മോഹൻലാലിന് തുറന്ന കത്തെഴുതി ഗണേഷ് കുമാർ. അമ്മയുടെ നേതൃത്വം ചിലർ ഹൈജാക് ചെയ്തുവെന്നും ദിലീപിനോടും വിജയ് ബാബുവിനോടും അമ്മ സ്വീകരിച്ചത് രണ്ട് നിലപാടാണെന്നും ഗണേഷ് കുമാർ കത്തിൽ പറയുന്നു. വിജയ് ബാബുവിനെ ‘അമ്മ യോഗത്തിലേക്ക് ആനയിച്ചത് ശരിയായില്ല. മാസ് എൻട്രി എന്ന നിലയിൽ ‘അമ്മ തന്നെ വിജയ് ബാബുവിന്റെ വീഡിയോ ഇറക്കി. ജനറൽ സെക്രട്ടറി ഇടവേള ബാബു ആ സ്ഥാനത്ത് ഇരിക്കാൻ യോഗ്യനാണോ എന്ന് മോഹൻ ലാൽ വ്യക്തമാക്കണമെന്നും ഗണേഷ് കുമാർ ആവശ്യപ്പെടുന്നു. ഈ പ്രശ്നങ്ങളിൽ മോഹൻലാൽ പുലർത്തുന്ന മൗനം വെടിയണമെന്നും ഗണേഷ് കത്തിൽ ആവശ്യപ്പെട്ടു.