ഭർത്താവിന് കറുത്ത നിറമെന്നാരോപിച്ച് കൂടെ ജീവിക്കാൻ വിസമ്മതിച്ച് ഭാര്യ. നടന്നിരിക്കുന്നത് ഉത്തർ പ്രദേശിലെ ഝാൻസിയിൽ ലഹ്ചുര പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. വീട്ടിൽ നിന്ന് ഇറങ്ങിപ്പോയ ഭാര്യയെ പിന്നീട് കണ്ടെത്തിയെങ്കിലും ഭർത്താവിനൊപ്പം പോകാൻ ഭാര്യ തയാറായില്ല. അതിന് കാരണമായി പറഞ്ഞത് ഭർത്താവിന് കറുത്ത നിറമാണെന്നാണ്.ലഹ്ചുര ഡാം പ്രദേശത്തെ താമസക്കാരനാണ് യുവതിയുടെ ഭർത്താവ് ദുർഗാപാൽ. ഇയാളുടെ ഭാര്യയാണ് ജ്യോതി.
6 വർഷം മുമ്പാണ് ഇരുവരും വിവാഹിതരാകുന്നത്. സെപ്തംബർ രണ്ടിനാണ് ജ്യോതിയെ വീട്ടിൽ നിന്നും കാണാതാകുന്നത്. ഒപ്പം സ്വർണവും പണവും കാണാതായിരുന്നു. വീട്ടിൽ നിന്നും ഇറങ്ങിപ്പോയ ജ്യോതിക്കായി ദുർഗാപാൽ ദിവസങ്ങളോളം അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടർന്ന് പൊലീസിൽ പരാതിപ്പെടുകയായിരുന്നു.സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളും ഫോൺ രേഖകളും പരിശോധിച്ചു. ജ്യോതി മറ്റ് രണ്ട് യുവാക്കള്‍ക്കൊപ്പം ബൈക്കിൽ പോവുന്നതായി സിസിടിവി ദൃശ്യങ്ങളിൽ നിന്നും കണ്ടെത്തി.
തിരച്ചിലുകൾക്കൊടുവിൽ ഏഴ് ദിവസങ്ങൾക്ക് ശേഷം പൊലീസ് ജ്യോതിയെ കണ്ടെത്തി. മധ്യപ്രദേശിലെ ഛത്തർപൂരിൽ നിന്നാണ് ജ്യോതിയെ കണ്ടെത്തിയത്. എത്ര നിർബന്ധിച്ചിട്ടും അവർ ഭർത്താവിന്റെ കൂടെ പോകാൻ കൂട്ടാക്കിയില്ല. ഭർത്താവ് കറുത്ത നിറമാണെന്നും അതിനാൽ അയാൾക്കൊപ്പം ജീവിക്കാൻ താല്പര്യമില്ലെന്നുമാണ് ജ്യോതി പറഞ്ഞത്.വീട്ടിൽ നിന്നും ഇറങ്ങി പോയതിൻ്റെ കാരണം അറിയാൻ പൊലീസ് സ്റ്റേഷനിൽ കൊണ്ടുവന്ന് ചോദ്യം ചെയ്തപ്പോഴാണ് തനിക്ക് ഭർത്താവിനൊപ്പം ജീവിക്കാൻ താൽപ്പര്യമില്ലെന്ന് ജ്യോതി പറഞ്ഞത്.
ഭർത്താവും അയാളുടെ വീട്ടുകാരും സ്ത്രീധനത്തിൻ്റെ പേരിൽ പീഡിപ്പിക്കുന്നുവെന്നും ജ്യോതി ആരോപിച്ചു. കറുത്ത നിറമായതിനാൽ തനിക്ക് ഭർത്താവിനെ ഇഷ്ടമല്ലെന്നും ജ്യോതി പറഞ്ഞു. ഭർത്താവിനെതിരെ ഗുരുതരമായ ആരോപണങ്ങളും യുവതി ഉന്നയിച്ചു എന്നും ലഹ്ചുര സ്റ്റേഷൻ ഇൻചാർജ് അരുൺ തിവാരി പറഞ്ഞു.അതേസമയം ജ്യോതിക്ക് തന്നെയും വീട്ടുകാരെയും ഇഷ്ടമല്ലെന്നും തങ്ങളിൽ നിന്നും അകന്ന് കഴിയാനാണ് ആഗ്രഹമെന്നും ദുർഗാപാൽ പറഞ്ഞു. നേരത്തെ 10 ലക്ഷം രൂപ തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്നും അത് നൽകിയില്ലെങ്കിൽ തനിക്കും വീട്ടുകാർക്കുമെതിരെ കള്ളക്കേസ് നൽകുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ദുർഗാപാൽ പൊലീസിനോട് പറഞ്ഞിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.