ബെംഗളൂരു : വൈറ്റ്ഫീൽഡ്, കെ.ആർ. പുരം, കെങ്കേരി റെയിൽവേ സ്റ്റേഷനുകളുൾപ്പെടെ ബെംഗളൂരു ഡിവിഷനുകീഴിലെ ചെറു സ്റ്റേഷനുകൾ നവീകരിക്കാൻ റെയിൽവേയുടെ പദ്ധതി. ‘അമൃത് ഭാരത് സ്റ്റേഷൻ’ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈ സ്റ്റേഷനുകളുടെ നവീകരണം പൂർത്തിയാക്കുക. വിശ്രമമുറികൾ, ചെറുഭക്ഷണശാലകൾ, ജീവനക്കാർക്കായുള്ള കാന്റീൻ, സുരക്ഷിതമായ ചുറ്റുമതിൽ, വാഹനങ്ങൾ നിർത്താനുള്ള വിശാലമായ സൗകര്യം തുടങ്ങിയവ ഈ സ്റ്റേഷനുകളിലൊരുക്കും.ബെംഗളൂരുവിലെ കെ.ആർ. പുരം, വൈറ്റ്ഫീൽഡ്, കെങ്കേരി സ്റ്റേഷനുകൾക്കുപുറമേ ബംഗാർപേട്ട്, മാണ്ഡ്യ, ചന്നപട്ടണ, ഹൊസൂർ, ഹിന്ദുപുർ, കുപ്പം, മാലൂർ, രാമനഗര, തുമകൂരു തുടങ്ങിയ റെയിൽവേസ്റ്റേഷനുകളും നവീകരിക്കുന്നവയുടെ പട്ടികയിലുണ്ട്.
നിർമാണപ്രവൃത്തികൾ തുടങ്ങുന്നതിനുള്ള ടെൻഡർ നടപടികൾ രണ്ടുമാസത്തിനുള്ളിൽ തുടങ്ങാൻ കഴിയുമെന്നാണ് റെയിൽവേയുടെ പ്രതീക്ഷ. ഘട്ടംഘട്ടമായി ഡിവിഷനുകീഴിലെ മറ്റ് ചെറു റെയിൽവേസ്റ്റേഷനുകളും പദ്ധതിയിലുൾപ്പെടുത്തി നവീകരിക്കും.ഒട്ടേറെ യാത്രക്കാർ ആശ്രയിക്കുന്ന സ്റ്റേഷനുകളാണെങ്കിലും ആവശ്യമായ സൗകര്യങ്ങൾ ഇവിടങ്ങളില്ലെന്ന് നേരത്തേ പരാതികൾ ഉയർന്നിരുന്നു. ആവശ്യത്തിന് ചന്നപട്ടണ, രാമനഗര, ഹൊസൂർ തുടങ്ങിയ സ്റ്റേഷനുകളിൽ ആവശ്യത്തിന് ശൗചാലയങ്ങളുമില്ല. ബെംഗളൂരുവിലേക്കുൾപ്പെടെ വരാൻദിനംപ്രതി ആയിരക്കണക്കിനാളുകളാണ് ഈ സ്റ്റേഷനുകളിലെത്തുന്നത്.
ചുറ്റുമതിലില്ലാത്തതാണ് മറ്റൊരു പ്രധാന വെല്ലുവിളി, താരതമ്യേന യാത്രക്കാരുടെ എണ്ണം കുറവുള്ള കുപ്പം, മാലൂർ തുടങ്ങിയ സ്റ്റേഷനുകളിൽ രാത്രികാലങ്ങളിൽ സാമൂഹികവിരുദ്ധർ കടന്നുകയറുന്നതായി പരാതികളുണ്ട്.
ബെംഗളൂരു ഡിവിഷന് റെക്കോഡ് വരുമാനം:ബെംഗളൂരു റെയിൽവേ ഡിവിഷന്* നവംബറിൽ റെക്കോഡ് വരുമാനം. 24.22 കോടി രൂപയാണ് നവംബറിൽ ടിക്കറ്റിനത്തിലും മറ്റു മാർഗങ്ങളിലൂടെയും വരുമാനമായി ലഭിച്ചത്. ഒരുമാസം ലഭിക്കുന്ന ഏറ്റവുമുയർന്ന വരുമാനമാണിതെന്ന് ഡിവിഷണൽ റെയിൽവേ മാനേജർ യോഗേഷ് മോഹൻ അറിയിച്ചു. ഡിവിഷൻ്റെ നേതൃത്വത്തിൽ വരുമാനം വർധിപ്പിക്കാനുള്ള ഒട്ടേറെ പ്രവർത്തനങ്ങൾ നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു
വിവാഹസല്‍ക്കാരത്തിനിടെ എച്ചില്‍പാത്രം അതിഥികളുടെ ദേഹത്തുതട്ടി; വെയ്റ്ററെ അടിച്ചുകൊന്നു
ഉത്തര്‍പ്രദേശില്‍ വിവാഹസല്‍ക്കാരത്തിനിടെ എച്ചില്‍പാത്രം അതിഥികളുടെ ദേഹത്തു തട്ടിയതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ഇരുപത്തിയാറുകാരനായ വെയ്റ്ററെ അടിച്ചുകൊന്നു.തുടര്‍ന്ന് മൃതദേഹം കാട്ടില്‍ വലിച്ചെറിഞ്ഞു. സംഭവത്തില്‍ കോണ്‍ട്രാക്ടര്‍ അടക്കം മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഗാസിയാബാദിലെ ഒരു ഗസ്റ്റ് ഹൗസിലാണു സംഭവം.ആളുകള്‍ ഭക്ഷണം കഴിച്ചതിനു ശേഷം പ്ലേറ്റുകള്‍ ട്രേയിലാക്കി കഴുകാനായി കൊണ്ടുപോകുന്നതിനിടെ അതിഥികളുടെ ദേഹത്തു തട്ടിയതിനെ തുടര്‍ന്നാണു വഴക്കുണ്ടായത്. തുടര്‍ന്ന് കുറച്ചാളുകള്‍ ചേര്‍ന്ന് പങ്കജ് എന്ന യുവാവിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
അടുത്ത ദിവസമാണ് മൃതദേഹം കണ്ടെത്തിയത്. തലയില്‍ വലിയ മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം. പങ്കജ് തലേന്നു വിവാഹസ്ഥലത്ത് ജോലിക്കായി പോയിരുന്നെന്നും അവിടെ വച്ച് മര്‍ദനമേറ്റെന്നും പൊലീസ് കണ്ടെത്തി. ജോലിക്ക് പോയ മകന്‍ വീട്ടില്‍ തിരികെ എത്തിയില്ലെന്ന് അമ്മ പറഞ്ഞു. തലയില്‍ ഗുരുതരമായി പരിക്കേറ്റതാണു മരണകാരണമെന്നും പൊലീസ് അറിയിച്ചു.