ന്യൂഡല്‍ഹി: ഇന്ത്യയില്‍ സാമ്പത്തിക സുതാര്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി ആദായനികുതി വകുപ്പ് പാൻ (PAN) കാർഡ് നിബന്ധനകളില്‍ നിർണായക മാറ്റങ്ങള്‍ വരുത്തി ഉത്തരവ് ഇറക്കി.വ്യവസ്ഥകള്‍ ഏപ്രില്‍ ഒന്നിന് പ്രാബല്യത്തില്‍ വരുമെന്നാണ് ആദായനികുതിവകുപ്പിൻ്റെ പുതിയ ചട്ടത്തില്‍ പറയുന്നത്. 5 ലക്ഷം രൂപയ്ക്കു മുകളില്‍ വിലയുള്ള വാഹനം വാങ്ങിയാല്‍ മാത്രം ഇനി പാൻ നമ്പർ നല്‍കിയാല്‍ മതിയാകും എന്നാണ് പുതിയ ചട്ടത്തില്‍ വ്യക്തമാക്കിയത്.നിലവില്‍ ഇരുചക്രവാഹനങ്ങള്‍ ഒഴികെ ഏതു വിലയുള്ള വാഹനം വാങ്ങിയാലും നികുതി ആവശ്യങ്ങള്‍ക്കും നിരീക്ഷണത്തിനുമായി പാൻ നമ്പർ നല്‍കണമായിരുന്നു. എന്നാല്‍ ഇനി മുതല്‍ ഇരുചക്രവാഹനങ്ങള്‍ വാങ്ങുമ്പോഴും പാൻ നമ്പർ നല്‍കണം. 5 ലക്ഷം രൂപയെന്ന പരിധി ഇതിനും ബാധകമാണ്.വാഹനത്തിനു പുറമേ പല ഇടപാടുകള്‍ക്കും പാൻ നല്‍കേണ്ടതിന്റെ പരിധി ഉയർത്തും. ചെറു ഇടപാടുകള്‍ക്കു പകരം വലിയ ഇടപാടുകളില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് ആദായനികുതിവകുപ്പിൻ്റെ പുതിയ ചട്ടം ലക്ഷ്യമിടുന്നത്. മാർച്ച് ആദ്യവാരം അന്തിമവിജ്ഞാപനം ഇറക്കിയേക്കും. ആദായനികുതി നടപടിക്രമങ്ങള്‍ എളുപ്പമാകുന്നത് ലക്ഷ്യമിട്ടാണ് കരടു ഫോമുകളും ചട്ടങ്ങളും തയാറാക്കിയിരിക്കുന്നത്.
പാൻ കാർഡ് ഇടപാടില്‍ വന്ന മാറ്റം ഇങ്ങനെയാണ്
വസ്തു ഇടപാടില്‍ 10 ലക്ഷം രൂപയായിരുന്ന പരിധി 20 ലക്ഷമാക്കി ഉയർത്തും. ഇനിമുതല്‍ 20 ലക്ഷത്തിന് മുകളില്‍ വരുന്ന വസ്തു ഇടപാടുകള്‍ക്ക് മാത്രമേ പാൻ നല്‍കേണ്ടതുള്ളു.ഹോട്ടല്‍/റെസ്റ്ററന്റ് ബില്‍: കണ്‍വൻഷൻ സെന്റർ/ബാങ്ക്വറ്റ് ഹാള്‍ ചെലവ്, ഇവന്റ് മാനേജ്മെന്റ്, 50,000 രൂപയായിരുന്നു, ഇത് ഒരു ലക്ഷമായി ഉയർത്തും.ബാങ്കുകളിലെയും പോസ്റ്റ് ഓഫിസിലെയും നിക്ഷേപങ്ങള്‍: നിലവില്‍ പ്രതിദിനം 50,000 രൂപ നിക്ഷേപിച്ചാല്‍ പാൻ വേണം. എന്നാല്‍ ഇനി മുതല്‍ ഒരു സാമ്പത്തികവർഷത്തെ മൊത്തം നിക്ഷേപം 10 ലക്ഷം രൂപയ്ക്കു മുകളിലായാല്‍ മാത്രം പാൻ നല്‍കിയാല്‍ മതി. ബാങ്ക് പിൻവലിക്കുന്നതിനും സമാന രീതിയാണ്.ഇൻഷുറൻസ്: അക്കൗണ്ട് തുടങ്ങുന്നതിന് ഇനി പാൻ നിർബന്ധം. നിലവില്‍ ഒരു സാമ്പത്തികവർഷമാകെ 50,000 രൂപ പ്രീമിയമുണ്ടങ്കില്‍ മാത്രം നല്‍കിയാല്‍ മതിയായിരുന്നു.കൂടാതെ എച്ച്‌ആർഎ ഇളവില്‍ നാല് നഗരങ്ങളെ കൂടി ഉള്‍പ്പെടുത്തും. വീട്ടുവാടക അലവൻസുമായി (എച്ച്‌ആർഎ) ബന്ധപ്പെട്ട ഉയർന്ന നികുതിയിളവ് (50%) ബാധകമായ നഗരങ്ങളുടെ പട്ടികയില്‍ ഇനി മുതല്‍ ബെംഗളൂരു, പുണെ, അഹമ്മദാബാദ്, ഹൈദരാബാദ് എന്നീ നഗരങ്ങളും പരിഗണിക്കും. നിലവില്‍ ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ നഗരങ്ങളിലുള്ളവർക്ക് മാത്രമായിരുന്നു 50 ശതമാനം ഇളവുണ്ടായിരുന്നത്. മറ്റ് എല്ലാ നഗരങ്ങള്‍ക്കും 40ശതമാനം വരെയാണ് ഇളവ്.