Home Featured കുറുപ്പില്‍ ദുല്‍ഖറിന്റെ നേട്ടത്തെ മറികടക്കാന്‍ ഭീഷ്മയും; ടീസറില്‍ യൂടൂബില്‍ റിക്കോര്‍ഡുമായി മമ്മൂട്ടി ചിത്രം; കോവിഡ് ഭീതിയെ മലയാള സിനിമ മറികടക്കുമ്ബോള്‍

കുറുപ്പില്‍ ദുല്‍ഖറിന്റെ നേട്ടത്തെ മറികടക്കാന്‍ ഭീഷ്മയും; ടീസറില്‍ യൂടൂബില്‍ റിക്കോര്‍ഡുമായി മമ്മൂട്ടി ചിത്രം; കോവിഡ് ഭീതിയെ മലയാള സിനിമ മറികടക്കുമ്ബോള്‍

by കൊസ്‌തേപ്പ്

കൊച്ചി: കോവിഡിന് ശേഷമുള്ള മലയാള സിനിമയിലെ ആദ്യ മെഗാ ഹിറ്റ് ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പായിരുന്നു. സുകമാരക്കുറുപ്പിന്റെ കഥ പറഞ്ഞ സിനിമ പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് എത്തിച്ചു. കോവിഡിന്റെ ചെറിയൊരാശങ്കക്കാലം അതിനിടെ വന്നു. അപ്പോഴായിരുന്നു പ്രണവിന്റെ ഹൃദയമെത്തിയത്. പ്രേക്ഷകരുടെ ഹൃദയം ഈ വീനീത് ശ്രീനിവാസന്‍ ചിത്രം കവര്‍ന്നു. അതിന് ശേഷം മോഹന്‍ലാലിന്റെ ആറാട്ടായിരുന്നു. ബി ഉണ്ണികൃഷ്ണന്റെ ഈ മാസ് ചിത്രം മോഹന്‍ലാല്‍ ഫാന്‍സുകാരെ തിയേറ്ററില്‍ എത്തിച്ച്‌ നേട്ടമുണ്ടാക്കി. ഇനി ഭീഷ്മപര്‍വ്വത്തിന്റെ വരവാണ്. ഈ മമ്മൂട്ടി ചിത്രം മലയാള സിനിമയിലെ കോവിഡ് ഭീതികളെ എല്ലാം തകര്‍ക്കുമെന്നാണ് വിലയിരുത്തല്‍.

പ്രണവിന്റെ ഹൃദയവും ദുല്‍ഖറിന്റെ കുറുപ്പും 50 കോടി ക്ലബ്ബില്‍ ഇടം നേടിയിരുന്നു. ആറാട്ടും സമാന നേട്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. തിയേറ്ററില്‍ നിന്ന് തന്നെ ആഗോള തലത്തില്‍ 40 കോടിക്ക് മുകളില്‍ ബിസിനസ്സ് ആറാട്ട് നേടിയിട്ടുണ്ട്. ഇപ്പോഴും തിയേറ്ററില്‍ സജീവമാണ് ആറാട്ട്. ഇതിനൊപ്പം സാറ്റലൈറ്റ് റൈറ്റും മറ്റ് വരുമാനവും എല്ലാം കൂടുമ്ബോള്‍ ആറാട്ട് സിനിമയും ലാഭം നേടുമെന്ന് ഉറപ്പാക്കിയിട്ടുണ്ട്. 35 കോടി ചെലവില്‍ എടുത്ത ആറാട്ട് 15 കോടി വരെ നികുതിയും കഴിഞ്ഞ് നിര്‍മ്മാതാവിന് ലാഭം നല്‍കുമെന്നാണ് വിലയിരുത്തല്‍. ദുല്‍ഖറിന്റെ കുറുപ്പും അമ്ബതു കോടി ക്ലബ്ബില്‍ കയറിയിരുന്നു. കോവിഡിന് ശേഷം എത്തുന്ന ആദ്യ മമ്മൂട്ടി ചിത്രമാണ് ഭീഷ്മപര്‍വ്വം. ഇതും വമ്ബന്‍ വിജയമാകുമെന്നാണ് സിനിമാക്കാരുടെ പ്രതീക്ഷ.

മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മ പര്‍വ്വത്തിന്റെ ട്രെയ്ലര്‍ പുറത്തിറങ്ങിയിരുന്നു. മികച്ച പ്രതികരണമാണ് ട്രെയിലറിന് കിട്ടിയത്. മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ മാസ് ഡയലോഗുകളാണ് ട്രെയ്ലറിന്റെ ആകര്‍ഷണം.ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ‘ഭീഷ്മ പര്‍വ്വം’. നാല് വര്‍ഷമായി ഒമര്‍ ലുലു ചിത്രം ‘ഒരു അഡാറ് ലവ്’ കയ്യടക്കി വെച്ച റെക്കോര്‍ഡ് സ്വന്തമാക്കുകയും ചെയ്തു ‘ഭീഷ്മ പര്‍വം’ ടീസര്‍. ഏറ്റവും കൂടുതല്‍ ലൈക്ക് നേടിയ മലയാള സിനിമാ ടീസര്‍ എന്ന റെക്കോര്‍ഡായിരുന്നു കഴിഞ്ഞ നാലു വര്‍ഷമായി ഒരു അഡാര്‍ ലവ് സ്വന്തമാക്കി വെച്ചിരുന്നത്. ഭീഷ്മ പര്‍വം പുതിയ റെക്കോര്‍ഡിട്ട വിവരം സംവിധായകന്‍ ഒമര്‍ ലുലു തന്നെയാണ് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചത്.

മൈക്കിള്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. അന്തരിച്ച കെപിഎസി ലളിതയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ദിലീഷ് പോത്തന്‍, നദിയാ മൊയ്തു, നെടുമുടി വേണു, സുദേവ് നായര്‍, ഹരീഷ് ഉത്തമന്‍, ലെന, അനസൂയ ഭരദ്വാജ്, ജിനു ജോസഫ്, ശ്രീനാഥ് ഭാസി, ഫര്‍ഹാന്‍ ഫാസില്‍, സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തില്‍ വേഷമിടുന്നു. ആനന്ദ് സി ചന്ദ്രന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം സുഷിന്‍ ശ്യാം ആണ് നിര്‍വ്വഹിച്ചിരിക്കുന്നത്. എഡിറ്റിങ് വിവേക് ഹര്‍ഷന്‍. അമല്‍ നീരദും ദേവ്ദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ.

ഈ ചിത്രത്തിന് സിനിമാപ്രേമികള്‍ക്കിടയിലെ കാത്തിരിപ്പ് എത്രയെന്ന് മനസിലാക്കാന്‍ ടീസറിനു ലഭിക്കുന്ന റിയാക്ഷനുകള്‍ ശ്രദ്ധിച്ചാല്‍ മാത്രം മതി. യുട്യൂബില്‍ ഇന്നലെ വൈകിട്ട് ആറ് മണിക്ക് റിലീസ് ചെയ്യപ്പെട്ട ടീസര്‍ 15 മണിക്കൂര്‍ കൊണ്ട് നേടിയത് 23 ലക്ഷത്തോളം കാഴ്ചകളായിരുന്നു. ഒപ്പം സമീപകാലത്ത് ഏറ്റവുമധികം ടീസര്‍ റിയാക്ഷന്‍ വീഡിയോകള്‍ എത്തിയതും ഈ ടീസറിന് ആയിരുന്നു.

ബിഗ് ബി എന്ന മലയാളത്തിലെ ശ്രദ്ധേയ ചിത്രം പുറത്തിറങ്ങി 14 വര്‍ഷത്തിനു ശേഷമാണ് അമല്‍ നീരദും മമ്മൂട്ടിയും വീണ്ടുമൊന്നിക്കുന്നത് എന്നതുതന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ബിഗ് ബിയുടെ തുടര്‍ച്ചയായ ‘ബിലാലാ’ണ് ഇരുവരും ചെയ്യാനിരുന്നതെങ്കിലും കോവിഡ് പശ്ചാത്തലത്തില്‍ പ്രോജക്റ്റ് നീളുകയായിരുന്നു. പകരമാണ് ഭീഷ്മ പര്‍വ്വം അപ്രതീക്ഷിതമായി പ്രഖ്യാപിക്കപ്പെട്ടത്.

മമ്മൂട്ടി ചിത്രം ഭീഷ്മ പര്‍വ്വത്തിന് റിലീസിന് മുന്‍പേ കോടികള്‍ ബിസിനസ് നടന്നുകഴിഞ്ഞെന്ന് റിപ്പോര്‍ട്ട്. സിനിമയുടെ പ്രീ റിലീസ് ബിസിനസ് ഏതാണ്ട് 25 കോടിക്ക് നടന്നതായാണ് പുറത്തുവരുന്ന വിവരം. സമീപകാലത്ത് ഒരു മമ്മൂട്ടി ചിത്രത്തിന് കിട്ടുന്ന ഏറ്റവും ഉയര്‍ന്ന തുകയാണ് ഇത്. ഭീഷ്മ പര്‍വ്വത്തിന്റെ സാറ്റലൈറ്റ് അവകാശം ഏഷ്യാനെറ്റാണ് സ്വന്തമാക്കിയിരിക്കുന്നത്. ഒ.ടി.ടി. അവകാശം ഡിസ്നി ഹോട്ട്സ്റ്റാര്‍ സ്വന്തമാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്. സാറ്റലൈറ്റ്, ഒ.ടി.ടി. അവകാശങ്ങള്‍ക്ക് മാത്രമായി ഏതാണ്ട് 25 കോടി ഭീഷ്മ പര്‍വ്വത്തിനു ലഭിച്ചെന്നാണ് വിവരം.

You may also like

error: Content is protected !!
Join Our WhatsApp Group