ബെംഗളൂരു: ബിഎംടിസി പുതുതായി ആരംഭിക്കുന്ന നോൺ എസി ഇലക്ട്രിക് ബസുകളിൽ ഭിന്നശേഷിക്കാർക്കായി വീൽ ചെയർ കയറ്റാനുള്ള റാംപ് സൗകര്യം ആരംഭിക്കുന്നു. ഓഗസ്റ്റ് ആദ്യവാരത്തിൽ 100 നോൺ എസി ഇലക്ട്രിക് ബസുകളാണ് സർവീസ് ആരംഭിക്കുന്നത്. ഇതിൽ യാത്രക്കാർക്ക് പ്രവേശിക്കാൻ 3 വാതിലുകളുണ്ട്. ഇതിൽ രണ്ടാമത്തെ വാതിലിലാണു റാംപ് സൗകര്യം.സ്വിച്ച് അമർത്തിയാൽ പ്ലാറ്റ്ഫോം താഴേക്ക് നീളുന്ന തരത്തിലാണ് ക്രമീകരണം.
നേരത്തെ വിമാനത്താവളത്തിലേക്കുള്ള വായുവജ സർവീസുകളിൽ പ്ലാറ്റ്ഫോം സൗകര്യം ഉണ്ടായിരുന്നെങ്കിലും പിന്നീട് പിൻവലിച്ചു.സർക്കാർ ഓഫിസുകൾ, ബസ് ടെർമിനലുകൾ, മെട്രോ സ്റ്റേഷനുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ ഭിന്നശേഷി സൗഹാർദ നടപടിയുടെ ഭാഗമായി റാംപുകൾ നേരത്തെ നിർബന്ധമാക്കിയിരുന്നു.
മെട്രോ ട്രെയിനിൽ വീൽ ചെയർ കൊണ്ടുപോകാൻ നേരത്തെ തന്നെ അനുമതിയുണ്ട്. 12 മീറ്റർ നീളമുള്ള നോൺ എസി ഇലക്ട്രിക് ബസുകളിൽ 40 പേർക്ക് ഇരുന്ന് യാത്ര ചെയ്യാം. അത്തിബലെ, ബിഡദി, യെലഹങ്ക ഡിപ്പോകൾ കേന്ദ്രീകരിച്ചാണ് ആദ്യഘട്ടത്തിൽ സർവീസ് തുടങ്ങുന്നത്.