Home Featured ലോണ്‍ ആപ്പ് തട്ടിപ്പുമായി ബന്ധപ്പെട്ട ഏത് പരാതിയ്ക്കും 24 മണിക്കൂറും പൊലീസിനെ സമീപിക്കാം; വാട്ട്സാപ്പ് നമ്ബര്‍ നിലവില്‍ വന്നു

ലോണ്‍ ആപ്പ് തട്ടിപ്പുമായി ബന്ധപ്പെട്ട ഏത് പരാതിയ്ക്കും 24 മണിക്കൂറും പൊലീസിനെ സമീപിക്കാം; വാട്ട്സാപ്പ് നമ്ബര്‍ നിലവില്‍ വന്നു

വയനാട്ടില്‍ ഓണ്‍ലൈൻ ആപ്പില്‍ നിന്നും കടമെടുത്ത യുവാവ് ആത്മഹത്യ ചെയ്ത സംഭവവും കൊച്ചിയില്‍ ഒരു കുടുംബം ഓണ്‍ലൈൻ ലോണ്‍ ആപ്പ് സംഘത്തിന്റെ ഭീഷണിയെ തുടര്‍ന്ന് ജീവനൊടുക്കിയ സംഭവവും അടുത്തിടെ കേരളത്തെ ഞെട്ടിച്ച വാര്‍ത്തകളാണ്.ലോണ്‍ ആപ്പുകളില്‍ നിന്ന് പണം കടമെടുത്ത് തട്ടിപ്പിനിരയാകുന്നവരും മറ്റ് സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകുന്നവരും ഇന്ന് നിരവധിയാണ്. ഇപ്പോഴിതാ ഇത്തരം അംഗീകൃതമല്ലാത്ത ലോണ്‍ ആപ്പുകള്‍ ഉപയോഗിച്ച്‌ വായ്പ എടുത്തതിലൂടെ തട്ടിപ്പിന് ഇരയായവര്‍ക്ക് പരാതി നല്‍കാൻ പ്രത്യേക വാട്ട്‌സാപ്പ് നമ്ബര്‍ സംവിധാനം ഒരുക്കിയിരിക്കുകയാണ് കേരള പൊലീസ്.

9497980900 എന്ന നമ്ബറില്‍ 24 മണിക്കൂറും പൊലീസിനെ വാട്ട്‌സാപ്പില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ കൈമാറാം. ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, വോയിസ് എന്നിവയിലൂടെ മാത്രമാണ് പരാതി നല്‍കാൻ കഴിയുക. നേരിട്ടുവിളിച്ച്‌ സംസാരിക്കാനാവില്ല. ആവശ്യമുള്ളപക്ഷം പരാതിക്കാരെ പൊലീസ് തിരിച്ചുവിളിച്ച്‌ വിവരങ്ങള്‍ ശേഖരിക്കും. തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്താണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്. അംഗീകൃതമല്ലാത്ത ലോണ്‍ ആപ്പ് ഉള്‍പ്പെടെയുള്ള സൈബര്‍ തട്ടിപ്പുകള്‍ അറിയിക്കാനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സൈബര്‍ ഹെല്പ് ലൈൻ നമ്ബറായ 1930ല്‍ ബന്ധപ്പെടാവുന്നതാണെന്ന് കഴിഞ്ഞദിവസം പൊലീസ് അറിയിച്ചിരുന്നു.

അംഗീകൃതമല്ലാത്ത ലോണ്‍ ആപ്പിന് എതിരെയുള്ള പൊലീസിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമായിരിക്കുകയാണ്. ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജില്ലാ പൊലീസ് മേധാവിമാരും പ്രചാരണം നടത്തുന്നുണ്ട്..

You may also like

error: Content is protected !!
Join Our WhatsApp Group