ഖത്തറിൽ ലോകകപ്പ് നടക്കുമ്പോൾ നാടും നഗരവുമെല്ലാം അതാഘോഷിക്കുകയാണ്. ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ തങ്ങളുടെ പ്രിയപ്പെട്ട ടീമുകളുടെയും കളിക്കാരുടെയും പിന്നാലെയാണ്. ഓഫീസ് സമയം, വിദ്യാഭ്യാസം, യാത്ര, മറ്റ് കാരണങ്ങൾ കാരണം ആഗ്രഹിക്കുന്ന സമയത്ത് കളി കാണാൻ പറ്റാത്ത നിരവധി പേരുണ്ട്. അവർക്ക് ഫുട്ബോൾ ട്രാക്കിംഗ് ആപ്പുകൾ ഒരു ആശ്വാസമാണ്. ഗെയിമുകൾ, പ്രധാനപ്പെട്ട താരങ്ങളുടെ പരിക്കുകൾ അടക്കമുള്ള വിശേഷങ്ങള്‍, വരാനിരിക്കുന്ന മത്സരങ്ങൾ, പ്ലെയർ റെക്കോർഡുകൾ എന്നിവയ്ക്കൊപ്പം കളി ട്രാക്കുചെയ്യാനും ഈ ആപ്പുകൾ ഉപയോക്താക്കളെ സഹായിക്കുന്നു. ഫോട്ട്‌മോബ്, ഗൂഗിൾ, ഫിഫ + , വേൾഡ് ഫുട്ബോൾ സ്കോർസ്, വൺ ഫുട്ബോൾ എന്നിവയാണ് ഇതിൽ പ്രധാനപ്പെട്ടവ.
ഫോട്ട്‌മോബ്
ലോകകപ്പ് പോലുള്ളവയിൽ ഫുട്ബോൾ ട്രാക്കിംഗ് ഏറ്റെടുക്കുന്നതിനുള്ള മികച്ച ആപ്ലിക്കേഷനാണ് ഫോട്ട്‌മോബ്. നിങ്ങളുടെ പ്രിയപ്പെട്ട ടീമുകളെയും കളിക്കാരെയും തിരഞ്ഞെടുക്കാൻ ഈ ആപ്പ് നിങ്ങളെ സഹായിക്കും. ഈ ടീമുകൾ/കളിക്കാർ എന്നിവയെ കുറിച്ചുള്ള അപ്ഡേഷൻ കൃതൃമായി അറിയാനാകും. സ്‌കോറുകൾ, മത്സരങ്ങൾ, പരിക്ക് അപ്‌ഡേറ്റുകൾ, വരാനിരിക്കുന്ന ഗെയിമുകൾ എന്നിവ ഈ അപ്ഡേഷനിൽ ഉൾപ്പെടുന്നു. ഇവ ഹോം സ്ക്രീനിൽ പിൻ ചെയ്ത് ഇടുകയുമാകാം.
ഗൂഗിൾ സെർച്ച്
മിക്ക ആൻഡ്രോയിഡ് ഫോണുകളിലും നിലവിലുള്ള ഡിഫോൾട്ട് ഗൂഗിൾ സെർച്ച് ആപ്പ് ആരാധകർക്ക് സഹായകമാകുന്ന മികച്ച ഓപ്ഷനാണ്. നിങ്ങളുടെ പ്രിയപ്പെട്ട ടീമുകളെ ട്രാക്ക് ചെയ്യാനും വാർത്തകൾ അറിയാനും പ്രത്യേക സ്പോർട്സ് ഓറിയന്റ് ഫീച്ചറുകൾ നിങ്ങളെ അനുവദിക്കുന്നു. നിങ്ങളുടെ പ്രിയപ്പെട്ട ടീമുകളെയോ കളിക്കാരെയോ തിരയുക. ഏതെങ്കിലും ആപ്പിൽ നിന്നുള്ള സ്‌കോർ നിരീക്ഷിക്കാൻ പ്രിയപ്പെട്ട ടീം കളിക്കുമ്പോൾ ഹോംപേജിലേക്ക് ലൈവ് മാച്ച് സ്‌കോറുകൾ പിൻ ചെയ്യാനും കഴിയും.
ഫിഫ+
ടൂർണമെന്റിലൂടെ നിങ്ങളുടെ പ്രിയപ്പെട്ട ടീമുകളെ ട്രാക്ക് ചെയ്യാനും കളിക്കാർ, ടീമുകൾ, മത്സരങ്ങൾ എന്നിവയെക്കുറിച്ചുള്ള വാർത്തകൾ പിന്തുടരാനും സഹായിക്കുന്ന ഔദ്യോഗിക ആപ്പാണ് ഫിഫ+. ഫാന്റസി ഗെയിമും ഈ ആപ്പിൽ ലഭ്യമാണ്.
വേൾഡ് ഫുട്ബോൾ സ്കോർസ്
ഈ ലിസ്റ്റിൽ ഉപയോഗിക്കാവുന്ന ഏറ്റവും സിമ്പിളായ ആപ്പാണ് വേൾഡ് ഫുട്ബോൾ സ്കോർസ്. ഇതിൽ നിങ്ങളുടെ പ്രിയപ്പെട്ട ടീമുകളെ തിരഞ്ഞെടുക്കാൻ ആവശ്യപ്പെടുന്നില്ല. മാത്രമല്ല ടൂർണമെന്റിൽ മുഴുവനും ശ്രദ്ധ കേന്ദ്രീകരിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ ആപ്പ് സഹായകമാണ്.
വൺഫുട്ബോൾ
ലോകകപ്പിലെ മത്സരങ്ങളും കളിക്കാരും ടൂർണമെന്റുകളും യുവേഫ ചാമ്പ്യൻസ് ലീഗ് പോലുള്ള മറ്റ് ലീഗ് മത്സരങ്ങളും ടൂർണമെന്റുകളും ട്രാക്ക് ചെയ്യുന്ന ഒരു ആപ്പാണ് വൺഫുട്ബോൾ.
എമര്‍ജൻസി വെളിച്ചത്തില്‍ കുഞ്ഞിന് ഹൃദയശസ്ത്രക്രിയ; വീഡിയോ ചര്‍ച്ചയാകുന്നു
ആതുരസേവനരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഏത് പ്രതികൂലസാഹചര്യങ്ങളിലും തങ്ങളുടെ കടമ നിര്‍വഹിക്കേണ്ടതായ സാഹചര്യം വരാം. തങ്ങളുടെ കണ്‍മുന്നില്‍ കിടക്കുന്ന രോഗിയുടെ ജീവൻ മാത്രമായിരിക്കും ഇവരുടെ ലക്ഷ്യം. ഇതിനായി ഏത് പ്രയാസപ്പെട്ട അവസ്ഥയെയും അഭിമുഖീകരിക്കാൻ തയ്യാറാകുന്നവരാണ് ഈ രംഗത്തേക്ക് സ്വമേധയാ കടന്നുവരില്‍ മഹാഭൂരിപക്ഷം പേരും.
യുദ്ധവും മഹാമാരിയുമെല്ലാം ലോകത്തിന്‍റെ പല ഭാഗങ്ങളെയും കാര്‍ന്നുതിന്നുമ്പോഴും അവിടങ്ങളില്‍ പോലും ജീവനുകള്‍ സുരക്ഷിതമാക്കാൻ ഇവര്‍ കാണും. യുക്രൈയിനില്‍ നിന്ന് പുറത്തുവന്നിരിക്കുന്നൊരു വീഡിയോയും ഇതുതന്നെയാണ് തെളിയിക്കുന്നത്.
റഷ്യൻ മിസൈലാക്രമണത്തില്‍ വൈദ്യുതി പോലും ലഭ്യമാകാത്ത സാഹചര്യത്തില്‍ കീവിലെ ഒരാശുപത്രിയില്‍ ഒരു കുഞ്ഞിന്‍റെ ഹൃദയശസ്ത്രക്രിയ നടത്തുന്ന ഡോക്ടര്‍മാരുടെ സംഘത്തെയാണ് വീഡിയോയില്‍ കാണുന്നത്. സഹായികള്‍ എമര്‍ജൻസി വെളിച്ചം അടിച്ചുകൊടുക്കുകയും ഇതിന്‍റെ വെട്ടത്തില്‍ നിര്‍ണായകമായ ശസ്ത്രക്രിയ നടത്തുകയുമാണ് ഡോക്ടര്‍മാര്‍. ഇവിടെയുള്ള ഒരു ഡോക്ടര്‍ തന്നെയാണ് മനുഷ്യത്വം ചോദ്യം ചെയ്യപ്പെടുന്ന ഈ അവസ്ഥയെ ക്യാമറയില്‍ പകര്‍ത്തി പുറത്തുവിട്ടിരിക്കുന്നത്.
ഓപ്പറേഷൻ തിയേറ്ററില്‍ രോഗി കിടക്കുന്ന കിടക്കയ്ക്ക് എതിര്‍ദിശയിലായി സാധാരണയായി കാണുന്ന വെളിച്ചമൊന്നും ഇല്ല. അത്യാവശ്യം വേണ്ടുന്ന ഉപകരണങ്ങള്‍ മാത്രം ഇവര്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. അതൊഴികെ ഓപ്പറേഷൻ നടക്കുന്ന മുറിയാകെ ഇരുട്ടാണ്. ഇതിനകത്ത് നിന്നാണ് ഡോക്ടര്‍മാര്‍ കാര്യങ്ങള്‍ ചെയ്യുന്നത്.
‘ഇന്ന് ഞങ്ങള്‍ ഹൃദയശസ്ത്രക്രിയ ചെയ്യുന്നത് ഇങ്ങനെയാണ്. രണ്ട് ഹൃദയവാല്‍വ് മാറ്റിവയ്ക്കുന്ന ഓപ്പറേഷനാണ് നടക്കുന്നത്. എന്താണ് സംഭവിച്ചതെന്ന് അറിയില്ല. ഇവിടെ പെട്ടെന്ന് മുഴുവൻ ഇരുട്ടിലായി. ഓപ്പറേഷൻ ടേബിളിലുള്ളത് ഒരു കുട്ടിയാണ്. സര്‍ജറി പകുതി ആയപ്പോഴാണ് കറണ്ട് പോയത്. നല്ല കാര്യം. ഏറെ മനുഷ്യത്വമുള്ള ആളുകള്‍ തന്നെ…’- വീഡിയോയില്‍ ഓപ്പറേഷൻ റൂമില്‍ നിന്നുകൊണ്ട് ഡോക്ടര്‍ പറയുന്നു.
കണ്ടുനില്‍ക്കുന്നവരുടെ മനസാക്ഷിയിലേക്കാണ് ഇദ്ദേഹത്തിന്‍റെ വാക്കുകള്‍ വന്നുവീഴുന്നതെന്നും ഇത്തരം കാഴ്ചകള്‍ എങ്ങനെയാണ് സഹിക്കാനാവുകയെന്നുമെല്ലാം വീഡിയോ കണ്ടവര്‍ കമന്‍റില്‍ ചോദിക്കുന്നു. യുദ്ധം നഷ്ടങ്ങള്‍ മാത്രമേ സമ്മാനിക്കൂ എന്നറിഞ്ഞിട്ടും അപരനെ വിജയിക്കാനായി യുദ്ധത്തിലേക്ക് ചാടിയിറങ്ങുന്നവരെ ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും നിരവധി പേര്‍ വേദനയോടെ കുറിച്ചിരിക്കുന്നു.