നിങ്ങൾ ഉറങ്ങാൻ ഇഷ്ടപ്പെടുന്നവരാണോ? ഈ ജോലി നിങ്ങൾക്കുള്ളതാണ്. ഒരുപക്ഷേ, നിങ്ങൾക്ക് വേണ്ടി പ്രത്യേകം ഉണ്ടാക്കിയ ജോലിയാണോ എന്ന് പോലും തോന്നിപ്പോകും. ആലോചിച്ച് നോക്കൂ, പൈജാമയും ഇട്ട് നേരെ ഓഫീസിലേക്ക് ചെല്ലുന്നു. ചെന്നപാടെ ചെയ്യേണ്ടത് ഉറങ്ങുക എന്നതാണ്.
യുഎസ്സിലെ ന്യൂയോർക്കിൽ നിന്നുള്ള ഒരു കിടക്ക കമ്പനി പ്രൊഫഷണൽ ഉറക്കക്കാരെ അന്വേഷിക്കുകയാണ്. അവർക്ക് വേണ്ടത് വളരെ നന്നായി ഉറങ്ങാനുള്ള കഴിവാണ്. ന്യൂയോർക്ക് കേന്ദ്രീകരിച്ചുള്ള കാസ്പർ എന്ന കമ്പനി, ‘കാസ്പർ സ്ലീപ്പേഴ്സി’ന് വേണ്ടി അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്. പ്രൊഫഷണലായി ഉറങ്ങുകയും ആ അനുഭവം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും വേണം.
ജോലിയെ കുറിച്ചുള്ള വിവരണത്തിൽ അപേക്ഷകർക്ക് ഉറങ്ങാനായി വളരെ നല്ല കഴിവ് വേണം എന്ന് പറയുന്നു. കൂടാതെ എത്രനേരം ഉറങ്ങാനാവുമോ അത്രയും നേരം ഉറങ്ങണം. തീർന്നില്ല ഏത് സാഹചര്യത്തിലും ഉറങ്ങാൻ കഴിയണം. അപൂർവമായി നിങ്ങൾ ഉറങ്ങാതിരിക്കുന്ന സന്ദർഭങ്ങളുണ്ടാവുമല്ലോ? ജോലിയിൽ നിന്നും ഇടവേള എടുക്കുന്ന സമയങ്ങൾ. ആ സമയത്ത് സോഷ്യൽ മീഡിയയ്ക്ക് വേണ്ടി കണ്ടന്റ് നിർമ്മിക്കണം. അത് കാസ്പർ സോഷ്യൽ മീഡിയ പേജ് വഴിയാണ് പോസ്റ്റ് ചെയ്യേണ്ടത്.
ഉറങ്ങുന്നതിന് ശമ്പളം കിട്ടുന്നതിന് പുറമേ, ജോലി സ്ഥലത്തേക്ക് ജോലി ചെയ്യാനായി വരുമ്പോൾ നിങ്ങൾക്ക് പൈജാമ ധരിക്കാം. ഒപ്പം കമ്പനിയുടെ വിവിധ ഉത്പന്നങ്ങൾ ലഭിക്കും. അതുപോലെ പാർട് ടൈം ഷെഡ്യൂളിൽ ജോലി ചെയ്യുകയും ചെയ്യാം. ജോലിക്ക് അപേക്ഷിക്കുന്നതിന്റെ ഭാഗമായി അപേക്ഷകർ തങ്ങളുടെ ഉറങ്ങാനുള്ള കഴിവ് തെളിയിക്കുന്ന വീഡിയോ ടിക്ടോക്കിൽ പോസ്റ്റ് ചെയ്യണം. ആഗസ്ത് 11 വരെയാണ് ഇതിലേക്ക് അപേക്ഷിക്കാവുന്നത് എന്നും കമ്പനി വ്യക്തമാക്കുന്നു. അപ്പോൾ, യുഎസ്സിലുള്ള ഉറങ്ങാൻ താൽപര്യമുള്ളവർക്ക്, ഏത് സാഹചര്യത്തിലും ഉറങ്ങാൻ കഴിയുന്നവർക്ക് ധൈര്യമായി ഈ ജോലിക്ക് അപേക്ഷിക്കാം.