വയസും ശമ്പളവും തുറന്ന് പറയാൻ ആളുകൾക്ക് മടിയാണ് എന്ന് നാം പറയാറുണ്ട്. എന്നാൽ, വളരെ അടുപ്പമുള്ള ആളുകളോട് നാം അതെല്ലാം തുറന്ന് പറയാറുണ്ട്. എന്നാൽ, ഇവിടെ ഒരാൾ സ്വന്തം ഭാര്യയോട് പോലും തനിക്ക് എത്ര രൂപ ശമ്പളം കിട്ടും എന്ന് തുറന്ന് പറയാൻ തയ്യാറായില്ല. ചിലപ്പോൾ അതിന്റെ പേരിൽ ഭാര്യ വഴക്കൊക്കെ ഉണ്ടാക്കിയേക്കാം അല്ലേ? എന്നാൽ, ഇവിടുത്തെ ഭാര്യ കുറച്ചധികം പ്രാക്ടിക്കൽ ആണ്. ഭർത്താവിന്റെ ശമ്പളം എത്രയാണ് എന്ന് അറിയാൻ യുപി ബറേലിയിലെ സഞ്ജു ഗുപ്തയെന്ന യുവതി എന്ത് ചെയ്തു എന്നോ? വിവരാവകാശനിയമത്തെ ഉപയോഗിച്ചു.
2005 -ൽ നിലവിൽ വന്ന വിവരാവകാശനിയമപ്രകാരം പൊതുവകുപ്പുകളുടേയും സ്ഥാപനങ്ങളുടേയുമെല്ലാം വിവരങ്ങൾ ജനങ്ങൾക്ക് നൽകണം എന്നാണല്ലോ? അതിനാണ് ഭാര്യയും വിവരാവകാശ നിയമത്തെ കൂട്ട് പിടിച്ചത്. ലഖ്നൗവിലാണ് സംഭവം. എത്ര ചോദിച്ചിട്ടും ഭർത്താവ് ശമ്പളം എത്രയാണ് എന്ന് പറയാത്തതിനെ തുടർന്ന് സഞ്ജു ഗുപ്ത വിവരാവകാശ അപേക്ഷ നൽകുകയായിരുന്നു.
എന്നാൽ, ആദ്യത്തെ തവണ അവർക്ക് വിവരമറിയാൻ സാധിച്ചില്ല. ആദ്യം ബറേലിയിലെ ആദായനികുതി ഓഫീസിലെ സെൻട്രൽ പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസറുടെ മുന്നിലാണ് സഞ്ജു ഗുപ്ത അപേക്ഷ സമർപ്പിച്ചത്. പക്ഷേ, ഭർത്താവിന്റെ സമ്മതം കൂടാതെ അങ്ങനെ വിവരങ്ങളൊന്നും നൽകാനാവില്ല എന്ന് കാണിച്ച് സജ്ഞുവിന്റെ അപേക്ഷ നിരസിക്കപ്പെട്ടു. അവർ അപലേറ്റ് അതോറിറ്റിയെ സമീപിച്ചു. എന്നാൽ, അവരും ആ തീരുമാനത്തെ ശരിവയ്ക്കുകയായിരുന്നു. എന്നാൽ, അതുകൊണ്ടൊന്നും യുവതി തോറ്റ് പിന്മാറാൻ തയ്യാറായില്ല. അവർ കേന്ദ്ര വിവരാവകാശ കമ്മീഷനിൽ ആശ്രയം അർപ്പിച്ചു. ആദായനികുതി ഓഫീസിലെ സെൻട്രൽ പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസറോട് ഭർത്താവിന്റെ ശമ്പളം എത്രയാണ് എന്ന് സഞ്ജു ഗുപ്തയെ അറിയിക്കണം എന്ന് നിർദ്ദേശം വന്നു.
അങ്ങനെ കുറച്ച് കഷ്ടപ്പെട്ടാലും ഭർത്താവിന്റെ ശമ്പളം എത്രയുണ്ട് എന്ന് സഞ്ജു ഗുപ്തയ്ക്ക് കൃത്യമായി അറിയാൻ അവസരം കിട്ടി. എന്തായാലും ഭർത്താവ് ഒന്ന് തുറന്ന് പറയാൻ തയ്യാറായിരുന്നു എങ്കിൽ ഇക്കണ്ട കഷ്ടപ്പാടിന്റെയൊന്നും ആവശ്യം ഇല്ലായിരുന്നു അല്ലേ?
‘ചൂതാട്ട പരസ്യങ്ങള്‍ നല്‍കരുത്’- മാധ്യമങ്ങള്‍ക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ചൂതാട്ട, വാതുവയ്പ്പ് പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്ന് കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം.
രാജ്യത്തെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും ഒടിടി പ്ലാറ്റ്ഫോമുകള്‍ക്കും സ്വകാര്യ ടെലിവിഷന്‍ ചാനലുകള്‍ക്കുമാണ് മന്ത്രാലയം കര്‍ശന നിര്‍ദ്ദേശം നല്‍കിയത്.
ഏതാനും ഡിജിറ്റല്‍ മാധ്യമങ്ങളും ഒടിടി പ്ലാറ്റ്ഫോമുകളും ഓണ്‍ലൈന്‍ വാതുവെപ്പ് സൈറ്റുകളുടെ പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രം കര്‍ശന നിലപാടുമായി എത്തിയത്. ജൂണ്‍ 13ന് പുറത്തിറക്കിയ മാര്‍ഗ നിര്‍ദ്ദേശം കര്‍ശനമായി പാലിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.
ഓണ്‍ലൈന്‍ ചൂതാട്ടവും വാതുവയ്പ്പും നിമവിരുദ്ധമാണെന്ന് മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഇത്തരം പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള് മാറിനില്‍ക്കണം. അല്ലാത്തപക്ഷം നിയമ നടപടി ഉണ്ടാവുമെന്നും മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.