രോഗം വരാതിരിക്കാനുള്ള മാര്‍ഗങ്ങളും കോവിഡിനെ തുരത്താന്‍ വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന പൊടിക്കൈകളുമെല്ലാം കറങ്ങി നടന്നിരുന്ന സമയമായിരുന്നു കൊറോണക്കാലം. നാട്ടില്‍ കിട്ടുന്ന ഒട്ടുമിക്ക എല്ലാ ഔഷധ സസ്യങ്ങളും വെള്ളത്തിലിട്ട് തിളപ്പിച്ച് കുടിച്ച ഒരു സമയം എല്ലാ മലയാളികള്‍ക്കും ഉണ്ടാകും.
ഇത്തരത്തില്‍ പല വിശ്വാസങ്ങളും കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിട്ടുണ്ടെങ്കിലും വെള്ളം ഒഴുക്കി വിട്ടാല്‍ കൊറോണയെ തുരത്താം എന്ന വിശ്വാസം നമ്മുടെ നാട്ടില്‍ അങ്ങനെ പ്രചാരത്തിലുണ്ടായിരുന്നില്ല. പക്ഷേ അങ്ങനെയും വിശ്വസിച്ച ചിലരുണ്ടായിരുന്നു ജപ്പാനില്‍.
ഈ വിശ്വാസം മൂലം അവിടെ ഒരു സ്‌കൂളിന് ലക്ഷങ്ങളുടെ പണിയും ലഭിച്ചു. കൊറോണയെ തുരത്താന്‍ അധ്യാപിക വെള്ളം തുറന്ന് വിട്ടത് മൂലം സ്‌കൂളിന് ലഭിച്ചത് ഇരുപത് ലക്ഷത്തിന്റെ വാട്ടര്‍ ബില്ലാണ്. ജപ്പാനിലെ യോകോസുകയിലാണ് സംഭവം.
പൂള്‍ മെയിന്റനന്‍സിന്റെ ചുമതലയുള്ള അധ്യാപികയാണ് കെട്ടിക്കിടക്കുന്ന വെള്ളത്തിലൂടെ കൊറോണ പകരുമെന്ന് വിശ്വസിച്ച് പൂളിലെ വെള്ളം സദാ തുറന്ന് വിട്ടത്. ജൂണ്‍ അവസാനം മുതല്‍ സെപ്റ്റംബര്‍ ആദ്യം വരെയാണ് ഇവര്‍ പൂളിന്റെ ടാപ്പ് തുറന്നിട്ടത്.
പുതിയ വെള്ളം ഒഴുക്കി വിട്ടാല്‍ കൊറോണ പകരില്ലെന്നായിരുന്നു ഇവരുടെ വിശ്വാസം. ക്ലോറിന്‍,ഫില്‍ട്ടറിംഗ് എന്നിവ വഴി പൂളിലെ വെള്ളം ശുദ്ധീകരിക്കുന്നതാണെങ്കിലും അത് പോരെന്ന് കണ്ട അധ്യാപിക വെള്ളം തുറന്ന് വിടുകയായിരുന്നു.
ടാപ്പ് സദാ തുറന്ന് കിടക്കുന്നത് ശ്രദ്ധയില്‍പ്പെടുന്ന മറ്റ് ജീവനക്കാര്‍ ഇത് ഓഫ് ചെയ്യുമെങ്കിലും ഇവര്‍ ഇത് വീണ്ടും തുറക്കും. ഇതോടെ രണ്ട് മാസം കൊണ്ട് 4000 ടണ്‍ അധികവെള്ളമാണ് സ്‌കൂള്‍ ഉപയോഗിച്ചത്, അതായത് 11 തവണ പൂള്‍ നിറയ്ക്കാനുള്ളത്ര വെള്ളം. സ്‌കൂളിന് 27000 ഡോളറിന്റെ (ഏകദേശം 20 ലക്ഷം രൂപ) ബില്ലും ലഭിച്ചു.
എന്തായാലും ബില്ല് കണ്ട് ഞെട്ടിയ സ്‌കൂള്‍ അധികൃതര്‍ ഇതിന്റെ പകുതി അധ്യാപികയോടും രണ്ട് സൂപ്പര്‍വൈസര്‍മാരോടും അടയ്ക്കണമെന്നാവശ്യപ്പെട്ടിട്ടുണ്ട്. അധ്യാപികയുടെ പേരുവിവരങ്ങള്‍ അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.