ബെംഗളൂരു: വേനലിന്റെ കാഠിന്യം കൂടുന്നതിനിടെ കുടിവെള്ളത്തിനായി നഗരവാസികളുടെ നെട്ടോട്ടം. വൈറ്റ് ഫീൽഡ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ കുടിവെള്ളം വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾ പലതും വെള്ളമില്ലാതെ പൂട്ടി. ഇതോടെ കുടിവെള്ളം കിട്ടുന്ന സ്ഥാപനങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.മഹാദേവപുര, ബെലന്ദൂർ തുടങ്ങിയപ്രദേശങ്ങളിലും സമാനമായ സാഹചര്യമാണ്. നേരത്തേ ഈ പ്രദേശങ്ങളിൽ കുടിവെള്ള വിതരണത്തിന് കോർപ്പറേഷന്റെ നേതൃത്വത്തിൽ ടാങ്കർലോറികൾ ഒരുക്കിയിരുന്നെങ്കിലും പലയിടങ്ങളിലും വെള്ളമെത്തുന്നില്ലെന്ന പരാതികളുണ്ട്.കഴിഞ്ഞ മഴക്കാലത്ത് നഗരത്തിൽ പതിവിലും കുറവ് മഴയാണ് ലഭിച്ചത്.
2022-ൽ 1958.6 മില്ലീമീറ്റർ മഴ ലഭിച്ചപ്പോൾ കഴിഞ്ഞമഴക്കാലത്ത് ലഭിച്ചത് 1020.2 മില്ലിമീറ്റർ മഴമാത്രമാണ്. ഇതോടെ നഗരത്തിലെ ഭൂഗർഭജലത്തിന്റെ അളവിൽ വലിയ കുറവുണ്ടായി.ഫെബ്രുവരി ആദ്യആഴ്ചയോടെ നഗരത്തിലെ വിവിധ മേഖലകളിലെ കുഴൽക്കിണറുകളിൽ വെള്ളം കിട്ടാതായത് ഭൂഗർഭജലത്തിന്റെ അളവ് വലിയതോതിൽ കുറഞ്ഞതിന്റെ സൂചനയായാണ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്.ഇതിനൊപ്പം ചൂട് കൂടിയതും പ്രതിസന്ധിയായി.സാധാരണയായി ഏപ്രിൽ, മേയ് മാസങ്ങളിലാണ് നഗരത്തിൽ കുടിവെള്ളക്ഷാമം രൂക്ഷമാകുന്നത്. എന്നാൽ ഏറെ നാളുകൾക്കുമുമ്പേ ക്ഷാമം തുടങ്ങിയത് ആശങ്കയ്ക്കിടയാക്കുന്നുണ്ട്.നിലവിൽ പൈപ്പുവഴി കുടിവെള്ളമെത്തിക്കുന്നതിൽ തടസ്സമുണ്ടാകുന്നില്ലെങ്കിലും അണക്കെട്ടുകളിലെ ജലനിരപ്പ് കുറഞ്ഞാൽ കുടിവെള്ള വിതരണം താറുമാറാകും.
വെള്ളത്തിന് പൊള്ളും വില:കുടിവെള്ളക്ഷാമം മുതലെടുത്ത് നഗരത്തിലെ സ്വകാര്യ ടാങ്കറുടമകൾ വെള്ളത്തിന്റെ വില കുത്തനെ വർധിപ്പിച്ചതായും ആരോപണമുണ്ട്. നിയമനിർമാണ കൗൺസിലിലും വിലവർധന ചർച്ചയായി. ആർ.ആർ. നഗർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ സ്വകാര്യ ടാങ്കറുടമകൾ നേരത്തേ 500 മുതൽ 800 രൂപവരെ ഈടാക്കിയ സ്ഥാനത്ത് നിലവിൽ 2,500 മുതൽ 3,000 രൂപവരെയാണ് ഈടാക്കുന്നതെന്ന് എൻ. രവികുമാർ എം.എൽ.സി. സഭയിൽ പറഞ്ഞു. അതേസമയം, അനധികൃതമായി വിലവർധിപ്പിക്കുന്ന ടാങ്കർ ഉടമകൾക്കെതിരേയും കുടിവെള്ളം വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾക്കെതിരേയും ശക്തമായ നടപടികളുണ്ടാകുമെന്ന് കോർപ്പറേഷൻ ചീഫ് കമ്മിഷണർ തുഷാർ ഗിരിനാഥ് അറിയിച്ചു.
കുഴൽക്കിണറുകുഴിക്കാൻ 131 കോടി:നഗരത്തിൽ കുടിവെള്ളക്ഷാമം നേരിടുന്ന 58 മേഖലകളിൽ കുഴൽക്കിണറുകൾ കുഴിക്കാൻ 131 കോടിരൂപ നീക്കിവെച്ച് ബെംഗളൂരു കോർപ്പറേഷൻ. കഴിഞ്ഞദിവസം നടന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.കോർപ്പറേഷൻ പരിധിയിൽ നിലവിൽ 10,955 കുഴൽക്കിണറുകളുണ്ടെന്നാണ് കണക്ക്. ഇതിൽ 1,214 എണ്ണത്തിൽ വെള്ളമില്ല. 3,700 കിണറുകളിൽ ജലനിരപ്പ് കുറഞ്ഞുവരുകയാണ്. നേരത്തേ വെള്ളം കിട്ടാത്ത കുഴൽക്കിണറുകളുടെ ആഴം കൂട്ടുന്നതിനും അറ്റകുറ്റപ്പണിക്കും പ്രത്യേക സംഘങ്ങളെ കോർപ്പറേഷൻ നിയോഗിച്ചിരുന്നു.