Home Featured ബെംഗളൂരു:കനത്ത മഴയിൽ നഗരം വീണ്ടും വെള്ളക്കെട്ടിലായി

ബെംഗളൂരു:കനത്ത മഴയിൽ നഗരം വീണ്ടും വെള്ളക്കെട്ടിലായി

ബെംഗളൂരു ∙ ഇന്നലെ പുലർച്ചെ വരെ പെയ്ത കനത്ത മഴയിൽ നഗരം വീണ്ടും വെള്ളക്കെട്ടിലായി. ഇതോടെ ഗതാഗതക്കുരുക്കും രൂക്ഷമായി. നഗരത്തിലെ മഴവെള്ളക്കനാലുകളും ഓടകളും അടഞ്ഞുകിടക്കുന്നതിനാൽ തടാകങ്ങളിലേക്ക് വെള്ളം ഒഴുകുന്നില്ല. ഇതിനാൽ അരമണിക്കൂർ മഴ പെയ്താലും നഗരത്തിൽ പ്രളയത്തിന് സമാനമായ സാഹചര്യമാണ്. ഒൗട്ടർ റിങ് റോഡിൽ കല്യാൺ നഗറിനും ഹെബ്ബാളിനുമിടയിൽ വെള്ളംകയറിയത് വിമാനത്താവള യാത്രക്കാരെ വലച്ചു.

കോറമംഗല, രാമമൂർത്തി നഗർ, ഇന്ദിരാനഗർ, ആർടി നഗർ, തനിസന്ദ്ര, രാജരാജേശ്വരി നഗർ, കെങ്കേരി, ബനശങ്കരി, നായന്തഹള്ളി, മല്ലേശ്വരം, യശ്വന്തപുര, നായന്തഹള്ളി, ബിടിഎം ലേഔട്ട്, മാറത്തഹള്ളി, വൈറ്റ് ഫീൽഡ് പ്രദേശങ്ങൾ വെള്ളക്കെട്ടിലായി.

വെള്ളത്തിനടിയിൽ ചതിക്കുഴികളും: തിങ്കളാഴ്ച ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുകയായിരുന്ന ബൈക്ക് യാത്രക്കാരും മറ്റും മണിക്കൂറുകളോളമാണ് അടിപ്പാതകൾക്ക് കീഴിൽ അഭയം തേടിയത്. വെള്ളക്കെട്ടുള്ള റോഡുകളിലെ കുഴികൾ തിരിച്ചറിയാനാകാത്തതിനാൽ, ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്നത് അപകടം വിളിച്ചുവരുത്തും. ചിലയിടങ്ങളിൽ മരം വീണതും തടസ്സമുണ്ടാക്കി. ജയമഹൽ, വീരണ്ണപാളയ സർവീസ് റോഡ്, നാഗവാര, കൽപന ജംക്‌ഷൻ, ഹെബ്ബാൾ തുടങ്ങിയ ഇടങ്ങളിലാണ് രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടത്.

ബെളഗാവിയിൽ 2 മരണം:ബെളഗാവിയിൽ മഴയ്ക്കിടെ വൈദ്യുതി കമ്പി പൊട്ടിവീണതിനെ തുടർന്ന് 2 സ്ത്രീകൾ ഷോക്കേറ്റു മരിച്ചു. സൂളെഭാവിയിലെ ക്ഷേത്രപരിസരത്തു നടന്ന വനിതാ കൂട്ടായ്മയുടെ യോഗത്തിനു ശേഷം മടങ്ങിയ സവിത (34), കലാവതി (41) എന്നിവരാണ് മരിച്ചത്. പരിസരത്ത് മഴവെള്ളം കെട്ടിനിന്നതിനാൽ വൈദ്യുതി കമ്പി പൊട്ടിക്കിടന്നത് ശ്രദ്ധയിൽപെട്ടില്ല. ഷോക്കേറ്റ സവിതയെ രക്ഷിക്കാൻ ശ്രമിക്കവേയാണ് കലാവതി മരിച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group