ന്യൂഡെല്‍ഹിലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍വേ പാലമായ ചിനാബ് പാലത്തിന്റെ കമാനത്തിന്റെ ചിത്രം പങ്കുവെച്ച് കേന്ദ്രമന്ത്രി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്.’മേഘങ്ങള്‍ക്ക് മുകളിലൂടെയുള്ള ലോകത്തിലെ ഏറ്റവും ഉയരം കൂടിയ #കമാനം #ചെനാബ് പാലം’, ചിത്രം പങ്കുവെച്ച് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
ജമ്മു കശ്മീരിലെ റിയാസി ജില്ലയിലെ ചെനാബ് നദിക്ക് കുറുകെയാണ് പാലം സ്ഥിതി ചെയ്യുന്നത്. ഉധംപൂര്‍-ശ്രീനഗര്‍-ബാരാമുള്ള റെയില്‍ ലിങ്ക് (യുഎസ്‌ബിആര്‍എല്‍) പദ്ധതിക്ക് കീഴില്‍ കത്രയ്ക്കും ബനിഹാലിനും ഇടയിലുള്ള 111 കിലോമീറ്റര്‍ പാതയിലെ നിര്‍ണായക പാലം കൂടിയാണിത്. 359 മീറ്റര്‍ ഉയരമുള്ള ഈ പാലം പാരീസിലെ ഈഫല്‍ ടവറിനേക്കാള്‍ 30 മീറ്റര്‍ ഉയരത്തിലാണ്. കശ്മീര്‍ താഴ്‌വരയുമായി നേരിട്ട് ബന്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള പാലത്തിന്റെ നിര്‍മാണം 2004ലാണ് ആരംഭിച്ചത്.
2021 മാര്‍ചില്‍ അന്നത്തെ റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ പാലത്തിന്റെ കമാനം പൂര്‍ത്തിയാക്കിയപ്പോള്‍ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. ‘ഒരു ചരിത്ര നിമിഷത്തില്‍, ചെനാബ് പാലത്തിന്റെ കമാനം ഇന്ന് പൂര്‍ത്തിയായി. അടുത്തതായി, നിര്‍മാണത്തിലെ എന്‍ജിനീയറിങ് വിസ്മയത്തിന്റെ കമാനം പൂര്‍ത്തിയാകും. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍വേ ബ്രിഡ്ജായി ഇത് മാറും’ – അദ്ദേഹം അന്ന് കുറിച്ചു. 2021 ഡിസംബറില്‍ കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗും പാലത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു