ബംഗളൂരു: മാണ്ഡ്യ ശ്രീരംഗപട്ടണയിലെ കെ.ആര്‍.എസ് ഡാം പരിസരത്ത് വൃന്ദാവന്‍ ഗാര്‍ഡനില്‍ വീണ്ടും പുലിയുടെ സാന്നിധ്യം.വെള്ളിയാഴ്ച വൈകീട്ട് ആറിനും രാത്രി പത്തോടെയുമാണ് പുലിയെ കണ്ടത്. ഇതോടെ ശനിയാഴ്ച വൃന്ദാവന്‍ ഗാര്‍ഡനില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി.വെള്ളിയാഴ്ച വൈകീട്ട് ആറിന് വൃന്ദാവന്‍ റോഡ് നോര്‍ത്ത് ഗേറ്റിന് സമീപം കെ.ഐ.എസ്.എഫ് ഉദ്യോഗസ്ഥനായ സന്തോഷാണ് ആദ്യം പുലിയെ കണ്ടത്.
ഇതോടെ ഇദ്ദേഹം കാവേരി നിഗം ലിമിറ്റഡ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. ഗാര്‍ഡനിലെ മുഴുവന്‍ വെളിച്ചവും അണച്ച് സന്ദര്‍ശകരെ മുഴുവന്‍ പുറത്തെത്തിച്ചു. വനംവകുപ്പിനെ വിവരമറിയിച്ചതനുസരിച്ച് രാത്രി പത്തോടെ ജീവനക്കാരെത്തി പരിശോധനക്കിടെ നോര്‍ത്ത് ഗേറ്റിന് സമീപം ചെടികള്‍ക്കിടയില്‍ പുലിയെ വീണ്ടും കണ്ടു.വനംവകുപ്പ് ജീവനക്കാരുടെ ടോര്‍ച്ചിന്റെ വെളിച്ചം കണ്ടതോടെ ചെടികള്‍ക്കിടയില്‍നിന്ന് പുലി പുറത്തുചാടി. കെ.ഐ.എസ്.എഫ് സുരക്ഷ ജീവനക്കാരും വനംവകുപ്പ് ജീവനക്കാരും ഇതോടെ ജീപ്പിനടുത്തേക്ക് ഓടി.
അല്‍പസമയം കഴിഞ്ഞതോടെ പുലി ഇരുട്ടില്‍ മറഞ്ഞു. ഈ ഭാഗത്ത് സി.സി.ടി.വി കാമറകളില്ലാതിരുന്നതും മറ്റു ഭാഗങ്ങളിലെ കാമറകളില്‍ പലതും പ്രവര്‍ത്തനക്ഷമമല്ലാതിരുന്നതും പുലിയെ കണ്ടെത്തുന്നതില്‍ തിരിച്ചടിയായി. പുലിയെ പിടികൂടാന്‍ കെണിയുമായി കൂട് സ്ഥാപിക്കാനാണ് തീരുമാനം.
കഴിഞ്ഞയാഴ്ച ഗാര്‍ഡനില്‍ പ്രത്യക്ഷപ്പെട്ട പുലി വിശ്വേശ്വരയ്യ കനാലിന്റെ ഭാഗത്തേക്ക് ഓടിപ്പോയിരുന്നു. പുലിയെ പിടികൂടാന്‍ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. പുലിയുടെ സാന്നിധ്യമില്ലെന്ന് കരുതിയാണ് വൃന്ദാവന്‍ ഗാര്‍ഡന്‍ കഴിഞ്ഞ ഞായറാഴ്ച ഉച്ചക്ക് രണ്ടുമുതല്‍ സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നുനല്‍കിയത്.
കേരളത്തോട് ചേര്‍ന്ന് ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയം ഒരുക്കാന്‍ കര്‍ണാടക
ബംഗളൂരു: ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയം നിര്‍മിക്കാനൊരുങ്ങി കര്‍ണാടക. കേരളത്തിനടുത്ത് മൈസൂരുവിലാണ് സ്‌റ്റേഡിയം നിര്‍മിക്കുക. ബംഗളൂരുവിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തിന് ബദലായാണ് പുതിയ ക്രിക്കറ്റ് സ്റ്റേഡിയം പണികഴിപ്പിക്കുന്നത്. ഇപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയം അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയമാണ്.ഇതിനെയും മറികടക്കുന്ന സ്‌റ്റേഡിയം നിര്‍മിക്കണമെന്നാണ് കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്റെ ആവശ്യം.
ഇതുമായി ബന്ധപ്പെട്ട് മൈസൂരു എംപി പ്രതാപ സിംഹ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയ്ക്ക് കത്തയച്ചിരുന്നു. കത്തിനോട് അനുകൂലമായാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. വിഷയം മന്ത്രിസഭ പരിഗണിക്കുമെന്ന് പ്രതാപ സിംഹയെ മുഖ്യമന്ത്രി അറിയച്ചിട്ടുണ്ട്.സ്റ്റേഡിയത്തിനായി റിംഗ് റോഡിലെ ഹാന്‍ചയ സാത്തഗള്ളി ലേ ഔട്ടില്‍ 19 ഏക്കര്‍ ഭൂമി മൈസൂരു നഗരവികസന അതോറിറ്റി നീക്കിവെച്ചിട്ടുണ്ട്.
എട്ട് വര്‍ഷം മുമ്പ് കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ നഗരവികസന അതോറിറ്റിക്ക് നല്‍കിയ അപേക്ഷയെത്തുടര്‍ന്നാണ് സ്ഥലം അനുവദിച്ചത്. എന്നാല്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിലുള്ള സ്റ്റേഡിയത്തെ മറികടക്കുന്ന മറ്റൊരു സ്റ്റേഡിയം നിര്‍മിക്കുന്ന നടപടികളിലേക്ക് കര്‍ണാടക സര്‍ക്കാര്‍ കടക്കില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.