ചെന്നൈ: സിനിമാ ലോകത്തെ നടുക്കി വീണ്ടുമൊരു കൊലപാതകം. തമിഴ് നടി വിഷ്ണുപ്രിയയുടെ പിതാവ് സൂര്യനാരായണനെ (73) കൊടൈക്കനാലിലെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.കൊടൈക്കനാലിലെ ബംഗ്ലാവിലാണ് സൂര്യനാരായണനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതൊരു കൃത്യമായ ആസൂത്രണത്തോടെ നടന്ന പ്രതികാര കൊലയാണോ എന്ന സംശയത്തിലാണ് പൊലീസ്. കസേരയില്‍ കൈകള്‍ കെട്ടി വായില്‍ ടേപ്പ് ഒട്ടിച്ച നിലയിലായിരുന്നു മൃതദേഹം. പൊലീസ് എത്തും മുൻപേ ജീവൻ നഷ്ടമായി.പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ കൊടൈക്കനാലിനെ നടുക്കിയിരിക്കുകയാണ് ബംഗ്ലാവിലെ അരുംകൊല. കുറിഞ്ചി ആണ്ടവർ ക്ഷേത്രത്തിന് സമീപമുള്ള ബംഗ്ലാവിലാണ് വിഷ്ണുപ്രിയയുടെ അച്ഛൻ സൂര്യനാരായണന്റെ മൃതദേഹം കണ്ടെത്തിയത്. ബംഗ്ലാവിലെ ചില മുറികള്‍ വിനോദസഞ്ചാരികള്‍ക്ക് താമസിക്കാനായി നല്‍കിയിരുന്നു. കഴിഞ്ഞ രണ്ട് ദിവസം ഇവിടെ വാടകയ്ക്ക് താമസിച്ച അഞ്ച് യുവാക്കള്‍ ആണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. സ്വർണാഭരണങ്ങളും സിസിടിവിയുടെ ഹാർഡ് ഡിസ്കും മോഷണം പോയ നിലയിലാണ്. ബംഗ്ലാവിലെ ജീവനക്കാരായ അറുമുഖം, മുരളി എന്നിവരെ കയർ ഉപയോഗിച്ച് കെട്ടിയിട്ട ശേഷമായിരുന്നു കൊലപാതകം എന്നാണ് സൂചന. ഇരുവരെയും പൊലീസ് ചോദ്യം ചെയ്തു.പ്രഭാകരന്റെ കൊലയുടെ പ്രതികാരമാണോയെന്ന സംശയത്തില്‍ പൊലീസ്വിഷ്ണുപ്രിയയ്ക്ക് അടുപ്പമുണ്ടായിരുന്ന പ്രഭാകരൻ കൊല്ലപ്പെട്ട സംഭവത്തില്‍ 2018ല്‍ സൂര്യനാരായണൻ അറസ്റ്റിലായിരുന്നു. കാര്‍ ഡ്രൈവറായിരുന്ന പ്രഭാകരനെ കഴുത്തറത്ത നിലയിലാണ് കണ്ടെത്തിയത്. കൊടൈക്കനാലിലെ വനപ്രദേശത്താണ് പ്രഭാകരന്റെ മൃതദേഹം കണ്ടെത്തിയത്. റോഡരികില്‍ ഏറെ നേരമായി ആളില്ലാത്ത ഒരു കാര്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത് ശ്രദ്ധിച്ച നാട്ടുകാരാണ് പൊലീസില്‍ വിവരിമറിയിച്ചത്. വാടക കൊലയാളികള്‍ പ്രഭാകരനെ കൊലപ്പെടുത്തിയത് സൂര്യനാരായണന്റെ നിര്‍ദേശ പ്രകാരമായിരുന്നു എന്നായിരുന്നു പൊലീസ് കണ്ടെത്തല്‍. വിവാഹിതയായ വിഷ്ണുപ്രിയ പ്രഭാകരനുമായി അടുത്തതാണ് സൂര്യനാരായണനെ പ്രകോപിപ്പിച്ചതെന്നും പൊലീസ് കണ്ടെത്തി.മാനസിക പ്രശ്നങ്ങളുണ്ടായിരുന്ന വിഷ്ണുപ്രിയയുടെ ഭര്‍ത്താവ് ആ സമയത്ത് കൊടൈക്കനാലില്‍ ചികിത്സയിലായിരുന്നു. സൂര്യനാരായണന്റെ ബംഗ്ലാവിലേക്ക് ഭര്‍ത്താവിന്റെ ചികിത്സാ ആവശ്യങ്ങള്‍ക്കായി വിഷ്ണുപ്രിയ വരാറുണ്ടായിരുന്നു. വിഷ്ണുപ്രിയയെ വിമാനത്താവളത്തില്‍ നിന്നും കൊടൈക്കനാലിലേക്കും തിരിച്ചും കൊണ്ടുപോയിരുന്നത് പ്രഭാകരനായിരുന്നു. അങ്ങനെയാണ് ഇരുവരും അടുപ്പത്തിലായത്. വിഷ്ണുപ്രിയയെ പിന്തിരിപ്പിക്കാൻ സൂര്യനാരായണൻ ശ്രമിച്ചെങ്കിലും നടക്കാത്തതിനെ തുടർന്നാണ് കൊലപാതകമെന്നാണ് പൊലീസ് കണ്ടെത്തിയത്. അന്ന് അറസ്റ്റിലായിുന്നെങ്കിലും പിന്നീട് ഇയാള്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. കേസില്‍ ഇതുവരെ വിധി വന്നിട്ടില്ല.പ്രഭാകരന്റെ കൊലയുടെ പ്രതികാരമാണോ സൂര്യനാരായണന്റെ കൊലപാതകം എന്നതടക്കം പരിശോധിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു. 2005ല്‍ പുറത്തിറങ്ങിയ സൂര്യ ചിത്രം മായാവിയില്‍ അഭിനയിച്ചിട്ടുള്ള വിഷ്ണുപ്രിയ ചെന്നൈയില്‍ ആണ് താമസിക്കുന്നത്.
നടി വിഷ്ണുപ്രിയയുടെ അച്ഛന്റെ മൃതദേഹം കസേരയില്‍ കൈകള്‍ കെട്ടി വായില്‍ ടേപ്പ് ഒട്ടിച്ച നിലയില്‍; പകയോ മോഷണ ശ്രമമോ?
previous post