പഠനാവശ്യങ്ങള്‍ക്കും ജോലിയ്‌ക്കുമൊക്കെയായി സ്വദേശത്ത് നിന്നും മറ്റുസ്ഥലങ്ങളിലെത്തുന്നുവര്‍ക്ക് താമസിക്കാന്‍ ഒരിടം ലഭിക്കാന്‍ കുറച്ച് ബുദ്ധിമുട്ട് നേരിടാറുണ്ട്. ഗ്രാമങ്ങളെ അപേക്ഷിച്ച് വന്‍ നഗരങ്ങളില്‍ വലിയ ബുദ്ധിമുട്ട് നേരിടേണ്ടി വരാറില്ലെന്നാണ് പറയപ്പെടുന്നത്.
എന്നാല്‍ വന്‍ നഗരമായ ബെംഗളൂരുവിലും ഒരു താമസ സൗകര്യം ലഭിക്കാന്‍ ഒത്തിരി വിയര്‍ക്കേണ്ടി വരുമെന്നാണ് അസ്ത എന്്‌ന പെണ്‍കുട്ടി ചൂണ്ടിക്കാട്ടുന്നത്. റൂമെടുക്കാന്‍ വരുന്ന പെണ്‍കുട്ടികള്‍ വീട്ടുടമസ്ഥരില്‍ നിന്ന് നേരിടുന്ന ചോദ്യങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുകയാണ് അസ്ത.
തീര്‍ത്തും സ്വകാര്യമായ കാര്യങ്ങള്‍ വരെ വിശദീകരിച്ചുവേണം വീട്ടുടമസ്ഥരെ തൃപ്തിപ്പെടുത്താനെന്ന് അസ്ത പറയുന്നു.കഴിക്കാന്‍ ആഗ്രഹിക്കുന്ന ഭക്ഷണത്തില്‍ തുടങ്ങി വീട്ടില്‍ നിന്ന് മുന്‍പ് മാറി നിന്നിട്ടുണ്ടോയെന്നും, അവധി ദിവസങ്ങള്‍ എങ്ങനെ ചിലവഴിക്കുമെന്നുമൊക്കെ ചോദ്യാവലിയിലുണ്ട്. നിങ്ങള്‍ എവിടെ നിന്ന് വന്നു?, എവിടെയാണ് ജോലി ചെയ്യുന്നത്?, സ്‌പൈഡര്‍മാന്‍, ബാറ്റ്മാന്‍, അയണ്‍മാന്‍, ക്യാപ്റ്റന്‍ അമേരിക്ക, ബ്‌ളാക്ക് വിഡോ എന്നിവരില്‍ ആരോടാണ് നിങ്ങള്‍ക്ക് താല്പര്യം, നിങ്ങള്‍ ഫോബാണോ,മോണിക്കയാണോ, റേച്ചലാണോ എന്നിങ്ങനെയാണ് മറ്റ് ചോദ്യങ്ങള്‍. ബെംഗളൂരിലെ മുറിയന്വേഷണം വലിയൊരു ഇന്റര്‍വ്യൂ ആണെന്ന തലക്കെട്ടോടെയാണ് അസ്ത ഇത് പങ്കുവെച്ചത്. ഇതിനെ അനുകൂലിച്ചും, പ്രതികൂലിച്ചും നിരവധി കമന്റുകളും വരുന്നുണ്ട്.