ദില്ലി: ട്രെയിനിനുള്ളില്‍ കച്ചവടം നടത്തുന്നവരില്‍ നിന്നും യാത്രക്കാർ ഭക്ഷണപ്പൊതികളും കൂള്‍ ഡ്രിങ്ക്സും മോഷ്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ വൻ പ്രതിഷേധം പൗരബോധമില്ലായ്മയെ കുറിച്ചും പൊതുസ്ഥലങ്ങളിലെ ഉത്തരവാദിത്തമില്ലായ്മയെയും കുറിച്ചുള്ള ചൂടേറിയ ചർച്ചകള്‍ക്കാണ് ഈ വീഡിയോകള്‍ തുടക്കമിട്ടിരിക്കുന്നത്.ട്രെയിനിലെ മുകളിലത്തെ ബർത്തില്‍ ഇരിക്കുന്നവർ കച്ചവടക്കാർ നടന്നു പോകവേ അവരുടെ ബാസ്കറ്റില്‍ നിന്ന് ആരും കാണാതെ ബിരിയാണി അടക്കം ഭക്ഷണപ്പൊതികള്‍ മോഷ്ടിക്കുന്ന വീഡിയോ ആണ് പുറത്തുവന്നത്.

എന്നിട്ട് ഒരു കുറ്റബോധവുമില്ലാതെ കഴിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം.”ഇന്ത്യക്കാരുടെ പൗരബോധം ഇനി നന്നാക്കാൻ കഴിയില്ല. കച്ചവടക്കാരൻ മുട്ട ബിരിയാണി വില്‍ക്കാൻ വന്നപ്പോള്‍ മുകളിലിരുന്നയാള്‍ അത് മോഷ്ടിച്ചു, പിന്നീട് അത് അതീവ സന്തോഷത്തോടെ കഴിക്കുകയും ചെയ്തു,” എന്ന കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്. മറ്റൊരു വീഡിയോയില്‍, സ്ലീപ്പർ കോച്ചിലെ മുകളിലത്തെ ബർത്തില്‍ ഇരിക്കുന്ന ഒരാള്‍, കച്ചവടക്കാർ നടന്നുപോകുമ്പോള്‍ ലഘുഭക്ഷണങ്ങളും വെള്ളക്കുപ്പികളും അതിവേഗം കൈക്കലാക്കുന്നത് കാണാം. ഇത് ദാരിദ്ര്യം കൊണ്ടല്ല, മറിച്ച് ലജ്ജയില്ലാത്ത പെരുമാറ്റമാണ് എന്നാണ് ഉയരുന്ന വിമർശനം.
ഉപജീവനത്തിനായി കച്ചവടം നടത്തുന്നവരെ പറ്റിക്കുന്ന ഇത്തരം പ്രവർത്തികള്‍ക്കെതിരെ രൂക്ഷമായ പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. നമ്മള്‍ വിശ്വാസിക്കാൻ കൊള്ളാത്ത സമൂഹമായി മാറിക്കൊണ്ടിരിക്കുകയാണെന്നാണ് മറ്റൊരു വിമർശനം. കുറ്റക്കാരെ കണ്ടെത്തി ഉടൻ അറസ്റ്റ് ചെയ്യണമെന്ന് വീഡിയോയ്ക്ക് താഴെ പ്രതികരണങ്ങള്‍ കാണാം. റെയില്‍വേ സംരക്ഷണ സേനയെയും റെയില്‍വേ അധികൃതരെയും ടാഗ് ചെയ്തുകൊണ്ടാണ് പലരും ഈ ആവശ്യം ഉന്നയിച്ചത്.കൈയ്യെത്തും ദൂരത്ത് ഭക്ഷണം ഇരിക്കുന്നു എന്നതിനർത്ഥം അത് മോഷ്ടിക്കാമെന്നല്ല. ഇത്തരം തട്ടിപ്പുകാരെ ട്രെയിനില്‍ നിന്ന് പുറത്താക്കി കുറഞ്ഞത് ഒരു മാസമെങ്കിലും ജയിലിലടക്കണം എന്നാണ് വീഡിയോ കണ്ട പലരും ആവശ്യപ്പെട്ടത്. ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തില്‍ റെയില്‍വേ അധികൃതർ അന്വേഷണം ആരംഭിച്ചതായാണ് റിപ്പോർട്ട്.