വീട് വാങ്ങാനാണെങ്കിലും വാടകയ്ക്കാണെങ്കിലും വലിയ ചെലവ് വരുന്ന നഗരമാണ് ബെംഗളൂരു. അടുത്തിടെ ഇവിടെ നിന്നുള്ള ഒരു വീട്ടില്‍ നിന്നുള്ള ചിത്രം വൈറലായി മാറി.ഇത് നഗരത്തിലെ റിയല്‍ എസ്റ്റേറ്റിനെ കുറിച്ചും കെട്ടിടം നിർമ്മാണത്തിലെ അപാകതകളെ കുറിച്ചും വലിയ ചർച്ചയാണ് ഉണ്ടാക്കിയത്.എഞ്ചിനീയറായ റിപുദാമൻ ആണ് തൻ്റെ മുറിയുടെ സീലിംഗില്‍ നിന്ന് വെള്ളം ഒഴുകുന്നതിൻ്റെ ചിത്രം എക്സില്‍ (മുമ്ബ് ട്വിറ്റർ) പങ്കുവെച്ച് നഗരത്തിലെ കുതിച്ചുയരുന്ന റിയല്‍ എസ്റ്റേറ്റ് വിലയിലുള്ള തന്റെ നിരാശ പ്രകടിപ്പിച്ചത്.
‘1.5 കോടിയുടെ അപ്പാർട്ട്‌മെൻ്റിലെ 5/16 നിലയിലുള്ള എൻ്റെ മുറിയില്‍ നിന്നുള്ള ചോർച്ച. ഈ വിലകൂടിയ കെട്ടിടങ്ങള്‍ ഒരു തട്ടിപ്പാണ് ബ്രോ! എൻ്റെ ഉള്ളിലെ സിവില്‍ എഞ്ചിനീയർക്ക് ഇത് ഉള്‍ക്കൊള്ളാൻ കഴിയില്ല’ എന്നാണ് വെള്ളമിറങ്ങുന്നതിന്റെ ചിത്രം പങ്കുവച്ചുകൊണ്ട് അദ്ദേഹം കുറിച്ചിരിക്കുന്നത്.ബെംഗളൂരുവില്‍ ദിനംപ്രതി വീടിനും അപാർട്മെന്റുകള്‍ക്കുമൊക്കെ വില കൂടിക്കൂടി വരികയാണ്. ആവശ്യക്കാരും വർധിക്കുന്നുണ്ട്. എന്നാല്‍, ഇതിനൊന്നും വേണ്ടത്ര ഗുണനിലവാരമില്ല എന്നാണ് യുവാവ് ചൂണ്ടിക്കാണിക്കുന്നത്.വളരെ പെട്ടെന്ന് തന്നെ പോസ്റ്റ് എക്സില്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.
നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയതും. നിരവധിപ്പേരാണ് സമാനമായ അനുഭവം തങ്ങള്‍ക്കുണ്ടായി എന്ന് എഴുതിയിരിക്കുന്നത്. ഗുണനിലവാരമില്ലാത്ത കെട്ടിട നിർമ്മാണങ്ങളെ പലരും രൂക്ഷമായി വിമർശിച്ചു. ഒപ്പം, യുവാവിനോട് ഈ ചോർച്ചയെ കുറിച്ച് അന്വേഷിക്കണമെന്നും വേണ്ടി വന്നാല്‍ നിയമനടപടി തന്നെ സ്വീകരിക്കണമെന്നും പലരും ഉപദേശിച്ചു.