Home Featured അര്‍ധരാത്രിയില്‍ പോലീസിനെ വിളിച്ച് ബിയര്‍ ആവശ്യപ്പെട്ട് യുവാവ്

അര്‍ധരാത്രിയില്‍ പോലീസിനെ വിളിച്ച് ബിയര്‍ ആവശ്യപ്പെട്ട് യുവാവ്

തെലങ്കാന: അര്‍ധരാത്രിയില്‍ പോലീസിനെ വിളിച്ച് മദ്യം ആവശ്യപ്പെട്ട് യുവാവ്.
തെലങ്കാന തെലദൗലതാബാദ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ വികരാബാദ് ജില്ലയിലാണ് വിചിത്രമായ ഈ സംഭവം നടന്നത്.

ഗോക ഫസ്ലബാദ് ഗ്രാമത്തില്‍ നിന്നുള്ള മധുവെന്ന യുവാവ് ആദ്യം 100 -ല്‍ വിളിച്ച് താന്‍ അപകടത്തിലാണെന്ന് പോലീസിനോട് പറഞ്ഞു. തന്നെ ഒരു സംഘം ആളുകള്‍ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി യുവാവ് പോലീസിനെ ധരിപ്പിച്ചു. രാത്രി 2.30 -നായിരുന്നു മധുവിന്റെ വിളി വന്നത്.

ഇതിനെ തുടര്‍ന്ന്, ദൗലത്താബാദിലെ മധുവിന്റെ വീട്ടിലേക്ക് പട്രോളിംഗ് നടത്തുകയായിരുന്ന കോണ്‍സ്റ്റബിള്‍മാരെ കണ്‍ട്രോള്‍ റൂം അയച്ചു. എന്നാല്‍, ഏകദേശം ഏഴ് കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തില്‍ പോലീസുകാര്‍ എത്തിയപ്പോഴാണ് കഥ മാറിയത്.

പോലീസിനെ കണ്ട മധു തനിക്ക് രണ്ട് കുപ്പി തണുത്ത ബിയര്‍ വേണമെന്ന് ആവശ്യപ്പെട്ടു. പ്രദേശത്തെ എല്ലാ മദ്യവില്‍പ്പനശാലകളും അടച്ചിരിക്കുന്നതിനാല്‍ മദ്യം കിട്ടാന്‍ വേറെ വഴിയില്ലെന്ന് മധു പറഞ്ഞപ്പോള്‍ പോലീസുകാര്‍ ശരിക്കും ഞെട്ടി. ആളുകളുടെ എല്ലാ ആവശ്യവും പോലീസ് നടത്തിത്തരുമെന്ന വിശ്വാസത്തിലാണ് പോലീസിനെ വിളിച്ചതെന്നും യുവാവ് വാദിച്ചു.

ഒരു വിവാഹ പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയ ഈ 22 -കാരന്‍ മദ്യലഹരിയിലായിരുന്നു. തന്റെ കൈവശമുണ്ടായിരുന്ന മദ്യവും കുറച്ച് ബിയറും താന്‍ കഴിച്ചുവെന്നും ഇനിയും വേണമെന്നും പോലീസുകാരോട് അയാള്‍ പറഞ്ഞു. എന്നാല്‍, അന്നൊന്നും പൊലീസ് ചെയ്തില്ല. മധുവിന്റെ പേര് വിവരങ്ങള്‍ ശേഖരിച്ച ശേഷം ഉദ്യോഗസ്ഥര്‍ മടങ്ങിപ്പോയി.

എന്നാല്‍, പിറ്റേദിവസം അവനുള്ള സമ്മാനവുമായാണ് പോലീസ് എത്തിയത്. രോഷാകുലരായ പോലീസുകാര്‍ പിറ്റേന്ന് പിതാവിനൊപ്പം പോലീസ് സ്റ്റേഷനിലേക്ക് അവനെ വിളിച്ചുവരുത്തി. അവനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. അവനും പിതാവിനും കൗണ്‍സിലിംഗ് നല്‍കിയതായും ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. 100 -ല്‍ വിളിച്ച് ഇത്തരം പണിയൊപ്പിച്ചാല്‍ തിരിച്ചും നല്ല പണി കിട്ടുമെന്ന് പോലീസ് പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group