മലപ്പുറം: ഭീഷ്മ സ്റ്റൈലില്‍ വീഡിയോ എടുത്തു വൈറലായ ഉസ്താദിനെ മദ്രസയില്‍ നിന്ന് പുറത്താക്കി പള്ളി അധികാരികള്‍.മലപ്പുറം ജില്ലയിലെ വണ്ടൂര്‍ സബീഹുല്‍ ഇസ്ലാം മദ്രസയിലാണ് സംഭവം. മതാചാരങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു നടപടി.
കുട്ടികളെക്കൂടി ഉള്‍ക്കൊള്ളിച്ചതും ഗുരുതര പിഴവായി പള്ളി കമ്മറ്റി കണക്കാക്കിയിട്ടുണ്ട്.ഭീഷ്മ സിനിമയിലെ ഫോട്ടോ എടുക്കല്‍, ഈയടുത്ത് സാമൂഹ്യമാധ്യമങ്ങള്‍ കയ്യടക്കിയ ഒരു സ്റ്റൈലായി മാറിയിരുന്നു. പട്ടാളക്കാരും പോലീസുകാരും തുടങ്ങി എന്തിന് കല്യാണ ഫോട്ടോ വരെ ഭീഷ്മ സ്റ്റൈലിലാണ് എടുത്തിരുന്നത്. ഇപ്പോഴും അതിന്റെ തരംഗങ്ങള്‍ അവസാനിച്ചിട്ടില്ല. അതുകൊണ്ടായിരിക്കാം മദ്രസാ അധ്യാപകനും കുട്ടികളും ഈ വീഡിയോ ചെയ്തത്.
അതേസമയം, അധ്യാപകനെ പുറത്താക്കിയതില്‍ വലിയ പ്രതിഷേധമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ അരങ്ങേറുന്നത്. മഹല്ല് കമ്മറ്റിയുടെ നടപടികള്‍ക്കെതിരെ വലിയ വിമര്‍ശനങ്ങളാണ് പലരും ഉന്നയിക്കുന്നത്. ആ നടപടി തെറ്റായിരുന്നെന്നും, അധ്യാപകന്റെയും കുട്ടികളുടെയും വീഡിയോ മനസ്സിന് സന്തോഷം തന്നതായിരുന്നെന്നും സോഷ്യല്‍ മീഡിയ അഭിപ്രായപ്പെടുന്നു.