ബംഗളൂരു: ജ്യൂസ് കുടിച്ച പണം ചോദിച്ചതിന്റെ പേരില്‍ മലയാളികള്‍ക്കു നേരെ ബംഗളൂരുവില്‍ അക്രമം. കമ്മനഹള്ളി ചര്‍ച്ചിനു സമീപം കണ്ണൂര്‍ പിണറായി സ്വദേശികളായ ഷംസീറും സഹോദരങ്ങളും ചേര്‍ന്നു നടത്തുന്ന ജ്യൂസി ഫ്രഷ് കടയിലാണ് മൂന്ന് പേര്‍ ചേര്‍ന്ന് അക്രമം അഴിച്ചു വിട്ടത്.ജ്യൂസ് കുടിച്ചതിന്റെ പണം ചോദിച്ചപ്പോള്‍ കടയിലുണ്ടായിരുന്ന സഹോദരങ്ങളായ അജ്മലിനെയും സജീറിനെയും മൂന്നു പേരടങ്ങുന്ന സംഘം അക്രമിക്കുകയായിരുന്നു. മലയാളി കൂട്ടായ്മ കമ്മനഹള്ളി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കടയുടമ ബാനസ് വാടി പൊലീസ് സ്‌റ്റേഷനില്‍ പാരിതി നല്‍കി.
ചിക്കമഗളൂരുവില്‍ എ.ടി.എം തകര്‍ത്ത്14 ലക്ഷം കവര്‍ന്ന സംഘം അറസ്റ്റില്‍
ചിക്കഗളൂരുവില്‍ ഭവനനിര്‍മാണ ബോര്‍ഡ് കോളനിയിലെ കനറ ബാങ്ക് എ.ടി.എം തകര്‍ത്ത് കവര്‍ച്ച നടത്തിയ സംഘത്തില്‍ നാലു പേരെ പൊലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തു.ശിവമോഗ്ഗ സ്വദേശികളായ ഡി.കെ.ദേവരാജ്(24), എച്ച്. ഭരത്(20),കെ.നാഗരാജ് നായ്ക് (21), വി.ധൻരാജ് നായ്ക് (21) എന്നിവരാണ് അറസ്റ്റിലായത്.കഴിഞ്ഞ ചൊവ്വാഴ്ച അര്‍ധരാത്രിക്ക് ശേഷം നടന്ന കവര്‍ച്ചയില്‍ 14 ലക്ഷം രൂപ നഷ്ടപ്പെട്ടതായി ബാങ്ക് അധികൃതര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് ടെല്ലര്‍ മെഷീൻ തകര്‍ത്താണ് കവര്‍ച്ച നടത്തിയത്. സി.സി.ടി.വി കാമറയില്‍ നിന്ന് കാഴ്ചകള്‍ മറച്ചിരുന്നു.
ചിക്കമഗളൂരു പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് കവര്‍ച്ച സംഘം മഗളൂരു സൂറത്ത്കലിലെ എ.ടി.എം തകര്‍ക്കാൻ ശ്രമിച്ച കേസ് അന്വേഷിക്കുന്ന പൊലീസിന്റെ പിടിയിലായത്. ഈ മാസം നാലിന് പുലര്‍ച്ചെ മൂന്നോടെ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സൂറത്ത്കല്‍ വിദ്യാദായിനി സ്കൂളിന് എതിര്‍വശത്ത് ജയശ്രീ കമേഴ്സ്യല്‍ കോംപ്ലക്സിലെ എ.ടി.എമ്മില്‍ കവര്‍ച്ച ശ്രമം നടന്നിരുന്നു.മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തകര്‍ക്കാൻ തുനിഞ്ഞതും അലാറം ഉയര്‍ന്നതോടെ കവര്‍ച്ചക്കാര്‍ രക്ഷപ്പെടുകയായിരുന്നു. പഡുബിദ്രി-കാര്‍ക്കള പാതയില്‍ നിറുത്തിയിട്ട എക്സവേറ്റര്‍ മോഷ്ടിച്ചാണ് സൂറത്ത്കലില്‍ എ.ടി.എം തകര്‍ക്കാൻ ശ്രമിച്ചതെന്ന് സംഘം പൊലീസിനോട് പറഞ്ഞു.