ബെംഗളൂരു മെട്രോ ട്രെയിനിനുള്ളിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ പെരുകുന്നു. നമ്മ മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 8 ലക്ഷത്തോട് അടുക്കുന്നതിനിടെയാണ് സ്ത്രീ സുരക്ഷയെ ചൊല്ലി ചോദ്യങ്ങൾ ഉയരുന്നത്. കഴിഞ്ഞ ദിവസം കോളജ് വിദ്യാർഥിനിയെ അപരിചിതൻ കടന്നുപിടിച്ചിട്ടും പ്രതികരിക്കാൻ സഹയാത്രികർ തയാറായില്ലെന്ന് ആക്ഷേപമുണ്ട്. രാവിലെയും വൈകിട്ടും ഉൾപ്പെടെ തിരക്കേറിയ സമയങ്ങളിൽ മോശമായ അനുഭവങ്ങൾ ഉണ്ടാകുന്നെന്ന പരാതിയുമായി ഒട്ടേറെ സ്ത്രീകളാണ് രംഗത്തെത്തുന്നത്.യാത്രക്കാരുടെ എണ്ണം വർധിച്ച സാഹചര്യം മുതലെടുത്ത് അനുവാദമില്ലാതെ ശരീരത്തിൽ സ്പർശിക്കുന്നത് ഉൾപ്പെടെ സ്ഥിരമാണെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.
രാത്രി 10നു ശേഷം സ്റ്റേഷനുകളിൽ വനിതാ സുരക്ഷാ ജീവനക്കാരില്ലെന്നും വിമർശനമുണ്ട്. എന്നാൽ പരാതികൾ നൽകാൻ പലരും തയാറാകാത്തത് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ ഇടയാക്കുന്നതായി അധികൃതർ ചൂണ്ടിക്കാട്ടുന്നു.സുരക്ഷ ഉറപ്പാക്കുന്നതിനായി സ്ത്രീകൾക്കായുള്ള കോച്ച് ഒന്നിന് പകരം രണ്ടാക്കണമെന്ന ആവശ്യം ശക്തമാണ്. ഒപ്പം കോച്ചുകളിൽ രാത്രി 10ന് ശേഷം വനിതാ സുരക്ഷാ ജീവനക്കാരെ നിയമിക്കണമെന്നും ആവശ്യമുയരുന്നു. തിരക്ക് കുറയ്ക്കാൻ 2 ട്രെയിനുകൾ തമ്മിലുള്ള സമയദൈർഘ്യം കുറയ്ക്കണമെന്നും യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്ക് എതിരായ ബോധവൽക്കരണ പോസ്റ്ററുകൾ ഉൾപ്പെടെ ട്രെയിനുകളിലും സ്റ്റേഷനുകളിലും സ്ഥാപിക്കേണ്ടതായുണ്ട്.
അക്രമിക്കായി തിരച്ചിൽ:നമ്മ മെട്രോ ട്രെയിനിനുള്ളിൽ കോളജ് വിദ്യാർഥിനിയെ അപരിചിതൻ മോശമായി പെരുമാറിയതായി പരാതി. തിങ്കളാഴ്ച രാവിലെ 8.50ന് ട്രെയിൻ മജസ്റ്റിക് മെട്രോ സ്റ്റേഷൻ പിന്നിടുമ്പോഴാണ് സംഭവം. തിരക്കിനിടെ ചുവന്ന ടീഷർട്ട് ധരിച്ചയാൾ വിദ്യാർഥിനിയെ കടന്നു പിടിക്കുകയായിരുന്നു.ഇവർ ബഹളം വച്ചതോടെ ഇയാൾ പിന്മാറി. വിദ്യാർഥിനി മറ്റു യാത്രക്കാരോടു സഹായം അഭ്യർഥിച്ചിട്ടും ആരും പ്രതികരിക്കാതെ വന്നതോടെ ഇയാൾ മറ്റൊരു കോച്ചിലേക്ക് കടന്നുകളയുകയായിരുന്നു. വിദ്യാർഥിനിയുടെ സുഹൃത്ത് സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തായത്.ഇവർ കടുത്ത മാനസികാഘാതം നേരിടുകയാണെന്നും പോസ്റ്റിൽ പറയുന്നു. സംഭവത്തിൽ പരാതി ലഭിച്ചിട്ടില്ലെങ്കിലും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അക്രമിയെ കണ്ടെത്താൻ ശ്രമം ആരംഭിച്ചതായും ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ അറിയിച്ചു.