ഭോപ്പാൽ: മധ്യപ്രദേശിൽ ഏഴ് വയസ്സുകാരനെ വിഴുങ്ങിയെന്ന സംശയത്തിൽ മുതലയെ പിടികൂടി വയറ് കീറാൻ നാട്ടുകാരുടെ ശ്രമം. ഷൂപോർ ജില്ലയിലെ രഘുനന്ദപൂർ ഗ്രാമത്തിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഇന്നലെ വൈകീട്ട് ചമ്പൽ പുഴയിൽ കുളിക്കാനിറങ്ങിയ 7 വയസ്സുകാരനെ കാണാതായിരുന്നു. ഏറെനേരെ തെരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. ഇതോടെയാണ് കുട്ടിയെ മുതല വിഴുങ്ങിയതാകാമെന്ന സംശയം ഉയർന്നത്. തുടർന്ന് നാട്ടുകാർ സംഘടിച്ച് മുതലയെ പിടികൂടുകയും കെട്ടിയിടുകയുമായിരുന്നു. മുതല ചവയ്ക്കുന്നത് തടയാനായി വായ്കകക്കത്ത് മുളയും തിരുകി.
മുതലയുടെ വയറ് കീറിയാൽ കുട്ടിയെ പുറത്തെടുക്കാനാകും എന്ന കണക്കുകൂട്ടലിൽ മുന്നോട്ട് പോകുന്നതിനിടെയാണ് അധികൃതർ സ്ഥലത്തെത്തിയത്. ഏറെ പണിപെട്ടാണ് അധികൃതർ ഈ ഉദ്യമത്തിൽ നിന്ന് നാട്ടുകാരെ പിന്തിരിപ്പിച്ചത്. കുട്ടി പുഴയുടെ ആഴത്തിലേക്ക് താണുപോയതാകുമെന്നും കൂടുതൽ തെരച്ചിൽ നടത്താനും അധികൃതർ നിർദേശിച്ചു. നാട്ടുകാർ വഴങ്ങിയതോടെ കുട്ടിക്കായി വീണ്ടും തെരച്ചിൽ തുടങ്ങി. ദുരന്ത നിവാരണ സേനയും തെരച്ചിലിൽ പങ്കുചേർന്നിട്ടുണ്ട്.
ചമ്പൽ പുഴയിൽ നൂറ് കണക്കിന് മുതലകളുണ്ട്. ഈ മുതലകൾ മനുഷ്യരെ ആക്രമിച്ച സംഭവം നേരത്തെ ഉണ്ടായിട്ടുമുണ്ട്. കുട്ടിയെ മുതല ജീവനോടെ വിഴുങ്ങുന്നത് കണ്ടും എന്ന ചില ഗ്രാമീണർ പറഞ്ഞതും നാട്ടുകാരെ ആശയക്കുഴപ്പത്തിലാക്കി.