ചെന്നൈ: തമിഴ്നാട് തദ്ദേശ തെരഞ്ഞെടുപ്പില്‍ നടന്‍ വിജയുടെ ആരാധക കൂട്ടായ്മയായ ‘വിജയ് മക്കള്‍ ഇയക്കം’ ശ്രദ്ധേയമായ വിജയം നേടിയത് രാഷ്ട്രീയ കേന്ദ്രങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും ചര്‍ച്ചയാവുന്നു. സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ക്കായി ആരാധക കൂട്ടായ്മയായ ‘വിജയ് രസികര്‍ മണ്‍ട്ര’ത്തെ വിജയ് മക്കള്‍ ഇയക്കം’ എന്ന സംഘടനയായി മാറ്റിയിരുന്നു. വിജയ് തന്നെ മുന്‍കൈയ്യെടുത്ത് സംഘടന രൂപീകരിച്ചതോടെ രാഷ്ട്രീയത്തിലിറങ്ങാനുള്ള തയാറെടുപ്പിെന്റ ഭാഗമാണിതെന്നും പ്രചാരണമുണ്ടായി. ബി.ജെ.പി- അണ്ണാ ഡി.എം.കെ കക്ഷികളുടെ നേതൃത്വത്തിലുള്ള കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ വിജയ് സിനിമകളില്‍ നിശിത വിമര്‍ശനമുയര്‍ന്നതും പ്രചാരണത്തിന് ശക്തി പകര്‍ന്നു. എന്നാല്‍ രാഷ്ട്രീയത്തിലിറങ്ങാന്‍ വിജയ് താല്‍പര്യം കാണിച്ചിരുന്നില്ല.
ഒരുഘട്ടത്തില്‍ വിജയ്യുടെ പിതാവ് എസ്.എ ചന്ദ്രശേഖര്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് കേന്ദ്ര തെരെഞ്ഞടുപ്പ് കമീഷനില്‍ രജിസ്ട്രേഷന് അപേക്ഷ നല്‍കിയെങ്കിലും പിന്‍വലിക്കുകയായിരുന്നു. പ്രശ്നത്തില്‍ നടന്‍ വിജയ് പിതാവിനെതിരെ നിയമ നടപടിക്കൊരുങ്ങിയതും വാര്‍ത്തയായിരുന്നു.ഇൗ നിലയിലാണ് സുപ്രിംകോടതി നിര്‍ദേശ പ്രകാരം ഒക്ടോ. ആറ്, ഒന്‍പത് തിയതികളില്‍ സംസ്ഥാനത്ത് പുതുതായി രൂപീകരിച്ച ഒന്‍പത് ജില്ലകളില്‍ തദ്ദേശ തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പില്‍ ‘ഇളയ ദളപതി വിജയ് മക്കള്‍ ഇയക്കം’ പ്രവര്‍ത്തകര്‍ വിവിധയിടങ്ങളില്‍ നാമനിര്‍ദേശ പത്രിക സമര്‍പിച്ചു.
ഒമ്ബത് ജില്ലകളിലായി 169 പദവികളിലേക്ക് സ്വതന്ത്ര സ്ഥാനാര്‍ഥികളായാണ് ഇവര്‍ മല്‍സരിച്ചത്. 13 പേര്‍ എതിരില്ലാതെ തെരഞ്ഞെടുക്കെപ്പട്ടിരുന്നു. പ്രചാരണത്തിന് വിജയ്യുടെ പേരും ചിത്രവും പതാകയും വ്യാപകമായി ഉപയോഗപ്പെടുത്തിയിരുന്നു. ഇതിന് വിജയ് മൗനാനുവാദം നല്‍കിയിരുന്നതായാണ് പ്രവര്‍ത്തകര്‍ പറഞ്ഞത്. ചൊവ്വാഴ്ചയാണ് വോെട്ടണ്ണല്‍ ആരംഭിച്ചത്. ബുധനാഴ്ച പുലര്‍ച്ചയാണ് വോെട്ടണ്ണല്‍ പൂര്‍ത്തിയായി. ഇളയ ദളപതി വിജയ് മക്കള്‍ ഇയക്കത്തിെന്റ മൊത്തം 109 പ്രവര്‍ത്തകരാണ് വിജയിച്ചതെന്ന് സംഘടനയുടെ അഖിലേന്ത്യ പ്രസിഡന്‍റ് പുസ്സി ആനന്ദ് അറിയിച്ചു.