തിരുവനന്തപുരം: പ്രണയിച്ച പെണ്‍കുട്ടിയുടെ വീട്ടുകാർ പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ നിലയില്‍.തോന്നയ്ക്കല്‍ ലാല്‍ഭാഗ് നഗർ ഉഷഭവനില്‍ കിരണ്‍ (27) ആണ് മരിച്ചത്. കഴിഞ്ഞ രാവിലെ ആറ് മണിയോടെ സമീപത്തെ സുഹൃത്തിൻ്റെ വീട്ടിലായിരുന്നു സംഭവം. കിരണുമായി ഇഷ്ടത്തിലായിരുന്ന പെണ്‍കുട്ടിക്കൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങള്‍ ഫോണില്‍ പകർത്തി പ്രചരിപ്പിച്ചെന്ന പരാതിയില്‍ പെണ്‍കുട്ടിയുടെ വീട്ടുകാർ പൊലീസില്‍ പരാതി നല്‍കിയിരുന്നു.ഇതെത്തുടർന്നു കിരണ്‍ അടക്കം 4 പേർക്കെതിരെ കേസെടുത്തു. ഇതിൻ്റെ വിഷമത്തിലായിരുന്നു കിരണ്‍. ദൃശ്യങ്ങള്‍ താൻ പ്രചരിപ്പിച്ചിട്ടില്ലെന്നാണ് കിരണ്‍ അടുത്ത ബന്ധുക്കളോടും സുഹൃത്തുക്കളോടും പറഞ്ഞത്. ഫോണില്‍ സൂക്ഷിച്ച ദൃശ്യങ്ങള്‍ കിരണ്‍ അറിയാതെ മറ്റാരെങ്കിലും പുറത്തുവിട്ടതാണോ എന്നും സംശയമുണ്ട്. ഇക്കാര്യങ്ങള്‍ വിശദമായി അന്വേഷിച്ചാലേ അറിയാൻ കഴിയൂ എന്നാണ് പൊലീസ് പറയുന്നത്. കേസെടുത്തതിന് പിന്നാലെ സമീപത്തുകൂടി വന്ന പൊലീസ് ജീപ്പ് കണ്ട് ഭയന്ന് വീട്ടില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. ഞായറാഴ്ച രാത്രിയാണ് സമീപത്തുള്ള സുഹൃത്തിൻ്റെ വീട്ടിലെത്തിയത്. ഇന്നലെ രാവിലെ സുഹൃത്തിനൊപ്പം ഉറങ്ങിയ ഇയാളെ രാവിലെ വീട്ടിനുള്ളിലെ ഹുക്കില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. പിന്നാലെ ചിറയിൻകീഴ് ഗവ.താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.