ബെംഗളൂരു സിനിമാ സംഭാഷണങ്ങളിലൂടെ മലയാളികളെ ലളിതമായും രസകരമായും കന്നഡയിൽ സംസാരിക്കാൻ പഠിപ്പിക്കുകയാണ് കന്നഡ വിത്ത് ലാംഗ്വേജ് ലാബ് എന്ന യൂട്യൂബ് ചാനലിലൂടെ ഹോമിയോപ്പതി ഡോക്ടറായ അശ്വിൻ. കണ്ണൂർ പഴയങ്ങാടി സ്വദേശിയായ അശ്വിൻ സുകുമാരൻ ആ മലയാളികൾക്ക് ഏറെ ഗുണകരമായ ഈ യൂട്യൂബ് ചാനലിനു പിന്നിൽ പ്രവർത്തിക്കുന്നത്.
ഹോമിയോപ്പതി പഠനത്തിനായി മംഗളൂരുവിലെ കോളേജിൽ ചേർന്നപ്പോഴാണ് അശ്വിൻ കന്നഡ പഠിച്ചു തുടങ്ങുന്നത് . സംസ്ഥാനത്തെ എല്ലാ കോളേജുകളിലും കന്നഡ പഠനം നിർബന്ധമാക്കിയപ്പോൾ കിട്ടിയ അവസരം അശ്വിന് നന്നായി ഉപയോഗിച്ചു. പരിചരിക്കുന്ന രോഗികളോടും പ്രദേശവാസികളായ സഹപ്രവർത്തകരോടും ആശയവിനിമയം നടത്തി ഭാഷയിൽ പ്രാഗത്ഭ്യം നേടി.
പഠനത്തിനുശേഷം നാട്ടിലേക്ക് മടങ്ങിയ അശ്വിൻ കന്നഡ മറന്നു പോകാതിരിക്കാൻ കണ്ടു പിടിച്ച മാർഗമാണ് ഒരു യൂട്യൂബ് ചാനൽ.കോവിഡിനു തൊട്ടു മുൻപാണു ചാനൽ തുടങ്ങിയത്. ലാംഗ്വേജ് ലാബ് എന്നായിരുന്നു ചാനലിന്റെ ആദ്യ പേര്. അശ്വിൻ തന്നെയായിരുന്നു അവതരണം. ഇംഗ്ലീഷ്, കന്നഡ ഭാഷകൾ പഠിപ്പിക്കുന്ന വിഡിയോകളായിരുന്നു ആദ്യം ചാനലിൽ ഉണ്ടായിരുന്നത്.
എന്നാൽ കന്നഡ വിഡിയോകൾക്കായിരുന്നു കാഴ്ചക്കാർ കൂടുതൽ. മലയാളത്തിൽ കന്നഡ ഭാഷ പഠിപ്പിക്കുന്ന മറ്റ് യൂട്യൂബ് ചാനലുകൾ ഇല്ലെന്ന് മനസ്സിലാക്കിയ അശ്വിൻ ഇംഗ്ലീഷ് വിഡിയോകൾ ഒഴിവാക്കി, കന്നഡ മാത്രം കേന്ദ്രീകരിച്ചു. കന്നഡ വിത്ത് ലാംഗ്വേജ് ലാബ് എന്ന് പേര് മാറ്റി.