മാനന്തവാടി: കേരള– കര്‍ണാടക അതിര്‍ത്തിയായ ബാവലി ചെക്ക് പോസ്റ്റില്‍ കോവിഡ് ആര്.ടി.പി.സി.ആര് സര്‍ട്ടിഫിക്കറ്റ് പരിശോധന വൈകുന്നത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു.കര്‍ണാടക ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധനക്കെത്താന്‍ വൈകുന്നതാണ് പ്രതിസന്ധിക്കിടയാക്കുന്നത്. പുലര്‍ച്ചെ മുതല്‍ ചെക്ക്പോസ്റ്റിലെത്തുന്ന യാത്രക്കാര്‍ മണിക്കൂറുകളോളം കാത്തുനില്ക്കേണ്ടിവരുന്നതിനാല് വാഹനങ്ങളുടെ നീണ്ടനിരയാണ് പലപ്പോഴും കാണാന്‍ കഴിയുന്നത്. രാവിലെ പച്ചക്കറിയും മറ്റും എടുക്കാന്‍ പോകുന്നവര്‍ക്ക് വൈകീട്ട് ആറു മണിക്ക് യാത്രാനിരോധനത്തിന് മുമ്ബേ തിരിച്ചെത്താന്പോലും പറ്റാത്ത അവസ്ഥയാണുള്ളത്. കേരളത്തില്‍ രോഗികളുടെ എണ്ണം കുറഞ്ഞിട്ടും കര്‍ണാടക ബസുകള്‍ കേരളത്തിലേക്ക് സര്‍വിസ് ആരംഭിച്ചിട്ടും ആര്.ടി.പി.സി.ആര് ഇപ്പോഴും നിര്‍ബന്ധമാക്കുന്നതില്‍ ദുരൂഹത ഉണ്ടെന്നാണ് സ്ഥിരം യാത്രക്കാരുടെ ആരോപണം. ഈ വിഷയത്തില്‍ കേരളസര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.