ചെന്നൈ: അന്തരിച്ച മുന്‍മുഖ്യമന്ത്രി ജയലളിതയുടെ 100 കോടി വില വരുന്ന പോയസ് ഗാര്‍ഡനിലെ സ്വകാര്യ വസതിയായ വേദനിലയത്തിലേക്ക് താമസം മാറ്റാനൊരുങ്ങി സഹോദര മക്കളായ ദീപ ജയകുമാറും ദീപകും. ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമപ്രകാരം ജയലളിതയുടെ പിന്തുടര്‍ച്ചാവകാശം ഇവര്‍ക്കാണെന്ന് കോടതി നേരത്തേ വ്യക്തമാക്കിയിരുന്നു. മദ്രാസ് ഹൈക്കോടതിയുടെ വിധിക്കു പിന്നാലെയാണ് കഴിഞ്ഞദിവസം ചെന്നൈ കളക്‌ടര്‍ വിജയറാണി വീടിന്റെ താക്കോല്‍ നേരിട്ടെത്തി ദീപയ്‌ക്ക് കൈമാറിയത്. ജയലളിതയുടെ ജ്യേഷ്‌ഠന്റെ മക്കളാണ് ദീപയും ദീപക്കും.
‘കടുത്ത നിയമപോരാട്ടത്തിനൊടുവിലാണ് വേദനിലയം സ്വന്തമാക്കാനായത്. ജയലളിതയുടെ അസാന്നിദ്ധ്യത്തില്‍ ആദ്യമായാണ് വേദനിലയം സന്ദര്‍ശിക്കുന്നത്. ജീവിതത്തില്‍ ഇങ്ങനെയൊരു വഴിത്തിരിവ് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.’ കഴിഞ്ഞദിവസം താക്കേല്‍ കൈയില്‍ കിട്ടിയപ്പോള്‍ ദീപ പ്രതികരിച്ചതിങ്ങനെയായിരുന്നു. 1960കളുടെ അവസാനത്തില്‍ ജയലളിതയുടെ മാതാവ് വേദവല്ലി വാങ്ങിയതാണ് ഈ വീട്. 2016 ഡിസംബര്‍ അഞ്ചിനാണ് ജയലളിത അന്തരിച്ചത്. തുടര്‍ന്ന് വേദനിലയം സ്മാരകമാക്കിയ മുന്‍ അണ്ണാ ഡി.എം.കെ സര്‍ക്കാരിന്റെ ഉത്തരവ് മദ്രാസ് ഹൈക്കോടതി ഈയിടെ റദ്ദാക്കിയിരുന്നു.