ബെംഗളൂരു: പ്രശസ്ത വാസ്ത വിദഗ്ധൻ ചന്ദ്രശേഖർ അംഗദി (ഗുരുജി 55) ഹുബ്ബള്ളിയിലെ ഹോട്ടൽ ലോബിയിൽ കുത്തേറ്റു മരിച്ചു; 2 അക്രമികളെ അറസ്റ്റ് ചെയ്തു.റിയൽ എസ്റ്റേറ്റ് ഇടപാടുകളുമായി ബന്ധപ്പെട്ട തർക്കമാണു കാരണമെന്നാണു സ്ഥിരീകരിക്കാത്ത വിവരം. പിടിയിലായവരിൽ ഒരാൾ അംഗദിയുടെ മുൻ ജീവനക്കാരനാണെന്നാണു സൂചന.
കൊലപാതക ദൃശ്യങ്ങൾ ലോബിയിലെ സിസിടിവിയിലൂടെ തത്സമയം വിവിധ നിലകളിലുള്ളവർ കണ്ടു. ഓടിയെത്തിയ ജീവനക്കാരെ കത്തികാട്ടി ഭീഷണിപ്പെടുത്തി.ശേഷം കടന്നു കളഞ്ഞ മൾട്ടേഷ്, മഞ്ജുനാഥ് എന്നിവരെയാണു പിന്നീട് അറസ്റ്റ് ചെയ്തത്.അംഗദിയെ കാണാനും അനുഗ്രഹം വാങ്ങാനുമെന്ന വ്യാജേനയാണ് ഇവർ ലോബിയിൽ കാത്തിരുന്നത്.
അദ്ദേഹം സമീപത്ത് എത്തി കസേരയിൽ ഇരുന്നയുടൻ ഒരാൾ കാൽ തൊട്ടുവണങ്ങുന്നതു പോലെ കാണിക്കുകയും മറ്റേയാൾ വസ്ത്രത്തിനിടയിൽ ഒളിപ്പിച്ചിരുന്ന കത്തിയെടുത്ത് തുരുതുരെ കുത്തുകയുമായിരുന്നു.
മുംബൈയിൽ നിന്ന് ശനിയാഴ്ചയാണ് അംഗദി ഹുബ്ബള്ളിയിലെത്തിയത്. മറിയൽ എസ്റ്റേറ്റ് വ്യവസായത്തിൽ സമീപകാലത്ത് സജീവമായിരുന്നു.കന്നഡ ചാനലുകളിലെ വാസ്ത്തു ശാസ്ത്ര പരിപാടിയിലൂടെയാണ് ശ്രദ്ധേയനായത്. ബാഗൽ കോട്ട് സ്വദേശിയാണ്.